12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

കൊടി നീക്കിയതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധം; ഗതാഗതം സ്തംഭിച്ചു

തൊടുപുഴ: ഹിന്ദു ഐക്യവേദി സ്ഥാപിച്ച കൊടികള്‍ നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത് തൊടുപുഴ നഗരത്തില്‍ ഒരുമണിക്കൂറോളം ഗതാഗത സ്തംഭനത്തിനിടയാക്കി. വ്യാഴാഴ്ച വൈകുന്നേരം 3.30ന് മണക്കാട് ജങ്ഷനിലായിരുന്നു ഉപരോധം.
അനധികൃത ബോര്‍ഡുകളും കമാനങ്ങളും നീക്കാന്‍ ബുധനാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപത്തു നിന്ന് കൊടികള്‍ നീക്കാന്‍ തുടങ്ങിയത്. എന്നാല്‍, മണക്കാട് ജങ്ഷനില്‍ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സ്ഥാപിച്ച കൊടികള്‍ നീക്കിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു.
നഗരസഭയുടെ മീഡിയനില്‍ സ്ഥാപിച്ചിരിക്കുന്ന കൊടികളും ബോര്‍ഡും നീക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
ആദ്യം മണക്കാട് റോഡാണ് ഉപരോധിച്ചത്. എന്നാല്‍, നാലുമണിയോടെ പ്രധാന റോഡ് ഉപരോധിച്ചു. സ്കൂളുകളും കോളജുകളും വിട്ട സമയമായതിനാല്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബസുകള്‍ തടഞ്ഞതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. പല ബസുകളും തിരിച്ച് സ്റ്റാന്‍ഡിലേക്ക് തന്നെ പോയി.
മൂവാറ്റുപുഴക്ക് പോകേണ്ട ബസുകള്‍ മങ്ങാട്ടുകവല വഴിയും മൂലമറ്റം ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വഴിയും സര്‍വീസ് നടത്തി. ഇതുമൂലം ധന്വന്തരി ജങ്ഷന്‍, പഴയ ബസ്സ്റ്റാന്‍ഡ്, മുനിസിപ്പല്‍ പാര്‍ക്ക്, ടൗണ്‍ഹാള്‍ എന്നിവയുടെ മുന്നില്‍ ബസ് കാത്തുനിന്ന യാത്രക്കാര്‍ വലഞ്ഞു. ഉപരോധം ഒരുമണിക്കൂര്‍ നീണ്ടു നിന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ശ്രീകൃഷ്ണ ജയന്തിക്ക് ശേഷം കൊടികള്‍ നീക്കാമെന്ന ധാരണയില്‍ ഉപരോധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. നഗരസഭക്കു മുന്നിലും പ്രതിഷേധ പ്രകടനം അരങ്ങേറി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com