12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കഞ്ഞിക്കുഴിയില്‍ ആത്മഹത്യ പെരുകുന്നു

ചെറുതോണി: കഞ്ഞിക്കുഴിയില്‍ ബുധനാഴ്ച ജീവനൊടുക്കിയത് രണ്ടുപേര്‍. കഞ്ഞിക്കുഴി സ്റ്റേഷനതിര്‍ത്തിയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഈവര്‍ഷം മാത്രം ഒരു ഡസനായി.
ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ജില്ലയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ പുരുഷന്മാരാണ് മുന്നില്‍. കഴിഞ്ഞവര്‍ഷം 38.6 ശതമാനമാണ് ജില്ലയിലെ ആത്മഹത്യനിരക്ക്.
പട്ടിണിയും രോഗവും മൂലമാണ് ബുധനാഴ്ച കഞ്ഞിക്കുഴിയില്‍ മണിയംപാറ ഷാജി ജീവനൊടുക്കിയത്. ഇതോടെ ഭാര്യയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളും തനിച്ചായി.
കൂലിപ്പണിക്കാരനായ ഷാജി ജോലിക്കിടെഏണിയില്‍നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ഇതോടെ ജോലിയില്ലാതായ ഷാജിയുടെ കുടുംബം പട്ടിണിയിലായത് സഹിക്കാനാവാതെയാണ് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.
മദ്യപാനവും കുടുംബ ബന്ധങ്ങളിലെ ശൈഥില്യവുമാണ് ജില്ലയിലെ ആത്മഹത്യകള്‍ക്ക് കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 418 ആത്മഹത്യകളില്‍ 324 പുരുഷന്മാരും 95 സ്ത്രീകളുമായിരുന്നു. അതിനുമുമ്പുള്ള വര്‍ഷം 422 ആത്മഹത്യ നടന്നപ്പോള്‍ സ്ത്രീകളുടെ എണ്ണം 105 ആയിരുന്നു. പത്തുവര്‍ഷം മുമ്പുവരെ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന ജില്ല ഇടുക്കിയായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലായിരുന്നു. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും കുടുംബ കലഹവുമാണ് കാരണമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
അതേസമയം, ഈ വിഷയത്തില്‍ പഠനം നടത്താന്‍ ക്രൈം ഡിറ്റാച്ച്മെന്‍റ് ബ്യൂറോ ശ്രമിക്കാറില്ല.
ജില്ലയിലെ ചില മതസംഘടനകളും സന്നദ്ധസംഘടനകളും ആത്മഹത്യക്കെതിരെ ബോധവത്കരണങ്ങള്‍ നടത്തി. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായസംഘങ്ങളും ആത്മഹത്യക്കെതിരെ സര്‍വേ നടത്തി ബോധവത്കരണ പരിപാടി നടത്തണമെന്ന നിര്‍ദേശവും അവഗണിച്ചു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് 2003 ല്‍ ആയിരുന്നു. 51 ശതമാനം.
വിവാഹിതരാണ് ജീവിതം അവസാനിപ്പിക്കുന്നതില്‍ 90 ശതമാനവും. കൃഷിക്കാരും ബിസിനസുകാരും വിവാഹബന്ധം വേര്‍പെടുത്തിയവരും അവിവാഹിതരും ആത്മഹത്യ ചെയ്യുന്നവരുടെ മുന്‍നിരയിലുണ്ട്. നെടുങ്കണ്ടം, ഉപ്പുതറ, കട്ടപ്പന, അടിമാലി, കുമളി മേഖലകളിലാണ് കഞ്ഞിക്കുഴിയും ബൈസണ്‍വാലിയും കഴിഞ്ഞാല്‍ ആത്മഹത്യ കൂടുതല്‍.
കടക്കെണി, വ്യാജമദ്യം, എസ്റ്റേറ്റ് മേഖലയിലെ തൊഴിലില്ലായ്മ, കുടുംബ പ്രശ്നം, ഒളിച്ചോട്ടം തുടങ്ങിയവയെല്ലാം ജീവനൊടുക്കുന്നതിന്‍െറ കാരണങ്ങളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com