Fri, 09/07/2012 - 01:21 ( 37 weeks 1 dayago)
സെര്‍വുകളുടെ സുല്‍ത്താന് കണ്ണീര്‍മടക്കം
(+)(-) Font Size
സെര്‍വുകളുടെ സുല്‍ത്താന് കണ്ണീര്‍മടക്കം

ന്യൂയോര്‍ക്: നാളെ ലോകത്തെ ഏറ്റവും മികച്ച അഞ്ച് പുരുഷ ടെന്നിസ് താരങ്ങളെ എണ്ണുമ്പോള്‍ ആന്‍ഡി റോഡിക്കിന് ആ പട്ടികയില്‍ ഇടം ലഭിച്ചെന്നുവരില്ല. ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം മാത്രം നേടിയ താരം ഉയര്‍ച്ച താഴ്ചകളുടെ കരിയര്‍ ഗ്രാഫിന് പൂര്‍ണവിരാമമിട്ട് കോര്‍ട്ട് വിടുന്നത് പക്ഷെ, അമേരിക്കക്കാര്‍ക്ക് തീരാ നഷ്ടമാണ്. ആന്ദ്രെ അഗാസിയും പീറ്റ് സാംപ്രാസും ഇരിപ്പൊഴിഞ്ഞ കസേരയിലേക്ക് അവര്‍ കണ്ടുവെച്ചിരുന്ന റോഡിക് അകാലത്തില്‍ കളി മതിയാക്കുന്നു. യു.എസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ തോറ്റ് കണ്ണീരോടെയാണ് 30കാരന്റെ മടക്കം.
17ാം വയസ്സില്‍ ജൂനിയര്‍ മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വി റോഡിക്കിനെ തന്റെ വഴി ഇതല്ലെന്ന തോന്നലിലേക്ക് നയിച്ചിരുന്നു. അന്നത്തെ കോച്ച് താരിക് ബെന്‍ഹാബില്‍സ് പകര്‍ന്നുനല്‍കിയ ആത്മവിശ്വാസം ഇല്ലായിരുന്നെങ്കില്‍ സെര്‍വില്‍ പേരുകേട്ട ഈ താരത്തെ ലോക ടെന്നിസിന് നഷ്ടമായേനെ. തുടര്‍ച്ചയായ കിരീടങ്ങളുമായി ജൂനിയര്‍ തലത്തില്‍ ലോക ഒന്നാം നമ്പറുകാരനായി 2000ത്തില്‍. 2003ലെ യു.എസ് ഓപണ്‍ വഴിത്തിരിവായി. അഗാസി, ലെയ്റ്റണ്‍ ഹ്യൂവിറ്റ് തുടങ്ങിയ കരുത്തരെ വീഴ്ത്തി കലാശക്കളിക്കെത്തിയ സ്പാനിഷ് താരം യുവാന്‍ കാര്‍ലോസ് ഫെരേരോയെ തോല്‍പിച്ച് കരിയറിലെ ആദ്യത്തെയും അവസാനത്തെയും ഗ്രാന്‍ഡ് സ്ലാം സ്വന്തം കാണികള്‍ക്കുമുന്നില്‍ വെച്ച് നേടി റോഡിക്. ഇതടക്കം 32 കിരീടങ്ങളാണ് പതിറ്റാണ്ടിനിടെ അദ്ദേഹം സ്വന്തമാക്കിയത്.
യു.എസ് ഓപണിലെ വിജയം ഒന്നാം റാങ്ക് സമ്മാനിച്ചെങ്കിലും അതിന് അധികം ആയുസ്സുണ്ടായില്ല. മികവ് തുടര്‍ന്ന് 2004ലും 2005ലും റോഡിക് വിംബ്ള്‍ഡണ്‍ ഫൈനലിലെത്തി. രണ്ടു തവണയും സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നെത്തിയ റോജര്‍ ഫെഡററെന്ന, തന്നേക്കാള്‍ ശക്തനായ എതിരാളിക്കു മുന്നില്‍ മുട്ടു മടക്കി. ഇടക്കാലത്ത് പരിക്കുകളുടെ പരമ്പര വന്നതോടെ റോഡിക് ചിത്രത്തില്‍ നിന്ന് പതുക്കെ മാഞ്ഞുതുടങ്ങിയെങ്കിലും 2009ല്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തി. ഇതേവര്‍ഷവും വിംബ്ള്‍ഡണ്‍ കലാശക്കളിക്ക് തോല്‍പിക്കാന്‍ ഫെഡററുണ്ടായിരുന്നു. റോഡിക്കിന് കരിയറില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത് സ്വിസ് താരമാണെന്ന് നിസ്സംശയം പറയാം.
ഫെഡറര്‍ക്കുപുറമെ, നോവാക് യോകോവിചും റഫേല്‍ നദാലും ആന്‍ഡി മറേയുമൊക്കെ വാഴുന്ന ടെന്നിസ് കോര്‍ട്ടില്‍ തനിക്കിനി കൂടുതലൊന്നും ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞ റോഡിക് കഴിഞ്ഞയാഴ്ച വിരമിക്കല്‍ പ്രഖ്യാപനം നടത്തി. ബുധനാഴ്ച രാത്രി നാലു സെറ്റ് നീണ്ട പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റൈന്‍ യുവതാരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയോട് 6-7, 7-6, 6-2, 6-4നായിരുന്നു കീഴടങ്ങല്‍. ആര്‍തര്‍ ആഷെ സ്റ്റേഡിയം ഒന്നടങ്കം റോഡിക്കിന് വേണ്ടി ആര്‍പ്പുവിളിച്ചിട്ടും വേദനയോടെ പിന്‍വാങ്ങേണ്ടി വന്നിരിക്കുകയയാണ്. പ്രിയതമന്റെ വീഴ്ച കണ്ട് ഭാര്യയും മോഡലുമായ ബ്രൂകിന്‍ ഡെക്കറും കരക്കിരുന്ന് കണ്ണീര്‍ വാര്‍ത്തു. ഏറ്റവും വേഗതയേറിയ സെര്‍വെന്ന ലോക റെക്കോഡ് കുറെക്കാലം റോഡിക്കിന്റെ പേരിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus