കര്‍ക്കിടകം കഴിഞ്ഞ് കുറച്ചു നാള്‍ കൂടി കഴിഞ്ഞാണ് പുതിയ റിറ്റ്സിനെ കണ്ടത്. ആള്‍ കുറെകൂടി സുന്ദരനായിരിക്കുന്നു. കഴിഞ്ഞ കുറച്ചുനാളായി മാരുതിയുടെ വീട്ടില്‍ ചെറുപ്പമാകാനുള്ള ചില ചികില്‍സകള്‍ക്ക് വിധേയനാവുകയായിരുന്നു കക്ഷി. എന്നിട്ടെന്തുണ്ടായി? പഴയ റിറ്റ്സിനെ അപേക്ഷിച്ച് 53 പുതുമകള്‍ കിട്ടിയെന്നതാണ് പ്രധാന മെച്ചം.
മുഖത്തിന്റെ ഷേപ്പടക്കം മാറിപ്പോയി. ഉള്ളില്‍ ഇരട്ട നിറം പകരാനും ചികില്‍സക്ക് കഴിഞ്ഞു. പെട്രോള്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ഇന്ധനക്ഷമത ഡിഎ പോലെ കൂടി. ഏതാണ്ട് പത്ത് ശതമാനമാണ് വര്‍ധന. ഇപ്പോള്‍ ഒരു ലിറ്റര്‍ ഡീസലില്‍ 23.2 കിലോമീറ്റര്‍ ഓടാനുള്ള ശേഷി കിട്ടി. നിലവില്‍ 21 കി.മീ കഷ്ടിച്ചേ ഓടുമായിരുന്നുള്ളൂ.
തൊലിയില്‍ മൂന്ന് നിറങ്ങള്‍ കൂടുതലായി ചേര്‍ത്തു. പുതിയ ഇന്‍സ്ട്രുമെന്റ് പാനല്‍, മ്യൂസിക് സിസ്റ്റം, വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കണ്ണാടി, മുന്നില്‍ ഇരട്ട എയര്‍ബാഗ്, അലോയ് വീല്‍, സ്റ്റിയറിംഗിലെ മ്യൂസിക് കണ്‍ട്രോളുകള്‍ എന്നിവയും കിട്ടി. എല്ലാത്തിനുമുപരിയായി യാത്രാസുഖം കൂടി. ഗ്രില്‍ കണ്ടാല്‍ തന്നെ മനസില്‍ സന്തോഷം നിറയും. ഹെഡ്ലൈറ്റ് ഉഷാറാക്കി. പിന്നിലെ സ്പോയിലര്‍ കാണാന്‍ നല്ല ചന്തം.
1248 സിസിയുടെ ഡിഡിഐഎസ് എഞ്ചിന്‍ 2000 ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും 4000 ആര്‍പിഎമ്മില്‍ 75 പിഎസ് പവറും നല്‍കും. 5.9 സെക്കന്റില്‍ 60 കിലോമീറ്റര്‍ വേഗമാര്‍ജിക്കും. അടിമുടി പുതുക്കിയ പുതിയ റിറ്റ്സിനെ ഇസഡ്ഡിഐ എന്ന് വിളിക്കാനാണ് മാരുതി പറയുന്നത്. 5.31 മുതല്‍ വരെ 6.23 ലക്ഷമാണ് വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍