12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കൊച്ചി മെട്രോ: സ്ഥലം വിട്ടുനല്‍കാന്‍ 30 പേര്‍ സമ്മതപത്രം നല്‍കി

കാക്കനാട്: മെട്രോ റെയില്‍ അനുബന്ധ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കാന്‍ 30 പേര്‍ സമ്മതപത്രം നല്‍കിയതായി ജില്ലാ കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് പറഞ്ഞു. കൂടുതല്‍ പേര്‍ സ്ഥലം ഏറ്റെടുക്കാന്‍ സമ്മതപത്രം നല്‍കിയതോടെ രേഖകള്‍ കൈമാറിയിട്ടുള്ള ഉടമകള്‍ക്ക് സ്ഥലവില നല്‍കുന്നത് രണ്ട് ദിവസം കഴിഞ്ഞ് മതിയെന്ന് ജില്ലാ അധികൃതര്‍ തീരുമാനിച്ചു. സ്ഥല ഉടമകളുടെ പ്രമാണങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നതാണ് കാരണം. സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം നല്‍കിയവരില്‍ മിക്കവരും ഭൂമിയുടെ പ്രമാണങ്ങള്‍ പരിശോധനക്കായി ജില്ലാ ഭരണകൂടത്തിന് കൈമാറി. ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള പ്രത്യേക നിയമജ്ഞരുടെ സംഘമാണ് ആധാരവും മറ്റ് രേഖകളും പരിശോധിക്കുന്നത്. ഈ ആഴ്ച സ്ഥലവില നല്‍കിത്തുടങ്ങുമെന്ന് കലക്ടര്‍ പറഞ്ഞു.

മെട്രോ നിര്‍മാണോദ്ഘാടനം മറൈന്‍ഡ്രൈവില്‍:
സ്റ്റേഷനുകളില്‍ മധുര വിതരണം
കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണം മറൈന്‍ഡ്രൈവില്‍ 13ന് രാവിലെ 10ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് അന്നേ ദിവസം മെട്രോ സ്റ്റേഷന്‍ പരിസരങ്ങളിലും മധുര പലഹാര വിതരണവും വിപുലമായ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഫിഷറീസ്- എക്സൈസ് മന്ത്രി കെ. ബാബുവിന്‍െറ അധ്യക്ഷതയില്‍ ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മെട്രോ റെയില്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, സ്കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 1200 ഓളം പേര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ക്ക് ക്ഷണക്കത്തുകള്‍ നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പധികൃതര്‍ അറിയിച്ചു. വൈറ്റില-കുണ്ടന്നൂര്‍ റോഡിലെ അറ്റകുറ്റപ്പണി ആരംഭിച്ചതായും തെരുവുവിളക്കുകള്‍ തെളിയിക്കുന്നതിനുള്ള നടപടി തുടങ്ങിയതായും അവര്‍ പറഞ്ഞു. കുണ്ടന്നൂര്‍ ജങ്ഷന്‍, അണ്ടര്‍പാസ്, എ.ടി.എസ് ജങ്ഷന്‍ മുതല്‍ ഹാര്‍ബര്‍പാലം വരെയുള്ള പ്രദേശങ്ങളിലെല്ലാം വിളക്കുകള്‍ കത്തിക്കാന്‍ നടപടിയെടുക്കും.
യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എസ്. ശര്‍മ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി, ഐ.ജി കെ.പത്മകുമാര്‍, നഗരസഭാ അധ്യക്ഷന്മാരായ ആര്‍. വേണുഗോപാല്‍, ടി.കെ. ദേവരാജന്‍, പി.ഐ. മുഹമ്മദാലി, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, ജില്ലാ പൊലീസ് ചീഫ് ഇന്‍ചാര്‍ജ് ഗോപാലകൃഷ്ണപിള്ള, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, എറണാകുളം സബ് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രവീര്‍ ചന്ദ്, എ.ഡി.എം ബി.രാമചന്ദ്രന്‍, ബന്ധപ്പെട്ട വകുപ്പുമേധാവികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com