കാസര്‍കോട്: റബറൊഴികെ ജില്ലയിലെ മറ്റ് കൃഷികളില്‍ ജൈവവളങ്ങളും ജൈവകീടനാശിനികളുമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് കാര്‍ഷികോല്‍പാദന കമീഷണര്‍ സുബ്രതോ ബിശ്വാസ് വിളിച്ചുചേര്‍ത്ത കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തലയോഗം നിര്‍ദേശിച്ചു.
നെല്ല്, കവുങ്ങ്, തെങ്ങ്, പച്ചക്കറി തുടങ്ങിയ ജില്ലയിലെ പ്രധാന കൃഷികള്‍ ജൈവ കൃഷിയായി മാറ്റാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ജൈവവളം ആവശ്യത്തിന് പ്രാദേശികമായിത്തന്നെ ഉല്‍പാദിപ്പിക്കാന്‍ കന്നുകാലി വളര്‍ത്തലിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ഉള്‍നാടന്‍ മത്സ്യകൃഷി, ആടുവളര്‍ത്തല്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ജില്ലയില്‍ ജൈവകൃഷി കൂടുതല്‍ സ്ഥലത്ത് വ്യാപിപ്പിക്കണമെന്ന് കൃഷി ഓഫിസര്‍മാര്‍ക്ക് സുബ്രതോ ബിശ്വാസ് നിര്‍ദേശം നല്‍കി. കര്‍ഷകര്‍ക്ക് ഭാവിയില്‍ ആനുകൂല്യം ലഭ്യമാക്കാനായി എല്ലാ കര്‍ഷകരും കൃഷി ഓഫിസില്‍ രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്താനും കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പൊക്കം കുറഞ്ഞ തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ കോക്കനട്ട് മദര്‍ഫാം തയാറാക്കാനും നിര്‍ദേശം നല്‍കി. എല്ലാ സ്കൂളുകളിലും പച്ചക്കറി കൃഷിയിറക്കാന്‍ ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കണം. കുട്ടികള്‍ക്ക് കൃഷി സംബന്ധിച്ച് അടിസ്ഥാന വിവരങ്ങള്‍ നല്‍കണം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍, കൃഷി ഓഫിസര്‍ എസ്. ശിവപ്രസാദ്, കൃഷി വകുപ്പിലെ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍