Wed, 09/05/2012 - 23:24 ( 37 weeks 2 daysago)
യു. എസ് ഓപണില്‍ മഴക്കളി; അസാരെങ്ക സെമിയില്‍
ന്യൂയോര്‍ക്: നിലവിലെ ചാമ്പ്യന്‍ ആസ്ട്രേലിയയുടെ സാമന്ത സ്റ്റോസറെ കീഴടക്കി ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരെങ്ക യു. എസ് ഓപണ്‍ ടെന്നിസിന്റെ വനിതാ വിഭാഗം സിംഗ്ള്‍സ് സെമിയില്‍ കടന്നു. ആവേശകരമായ ക്വാര്‍ട്ടറില്‍ മൂന്ന് സെറ്റ് മത്സരത്തിനൊടുവിലാണ് അസാരെങ്ക ആദ്യമായി യു.എസ് ഓപണിന്റെ സെമിയില്‍ ഇടം നേടിയത്. സ്കോര്‍. 6-1, 4-6, 7-6. മഴ ഭീഷണിയാവുന്ന ടൂര്‍ണമെന്റില്‍ സെമിയിലെത്തുന്ന ആദ്യ താരമായി ബെലാറസിന്റെ ടോപ് സീഡ്. പുരുഷ വിഭാഗം സിംഗ്ള്‍സില്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററിനും മൂന്നാം നമ്പര്‍ ആന്‍ഡി മറെക്കും പിന്നാലെ നാലാം സീഡ് താരം സ്പെയിനിന്റെ ഡേവിഡ് ഫെററും ക്വാര്‍ട്ടറില്‍ കടന്നു. ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്വെയെ കീഴടക്കിയാണ് ഫെറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബര്‍ത്തുറപ്പിച്ചത്. സ്കോര്‍: 7-5, 7-6, 6-4.
ക്രൊയേഷ്യയുടെ മരിന്‍ സിലിച്, ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് എന്നിവരും നേരത്തേ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.
വനിതാ വിഭാഗത്തില്‍ ആസ്ട്രേലിയന്‍ ഓപണ്‍ ജേതാവ് അസാരെങ്കയും സാമന്ത സ്റ്റോസറും തമ്മിലെ പോരാട്ടമായിരുന്നു ആര്‍തര്‍ ആഷെയിലെ കോര്‍ട്ടിനെ ചൂടുപിടിപ്പിച്ചത്. തുല്യശക്തികളുടെ കൊമ്പുകോര്‍ക്കലില്‍ ആദ്യ സെറ്റ് 6-1ന് അനായാസം പിടിച്ചെടുത്ത ലോക ഒന്നാം നമ്പറുകാരി 30 മിനിറ്റിനുള്ളില്‍ എതിരാളിയെ വീഴ്ത്തി. എന്നാല്‍, രണ്ടാം സെറ്റില്‍ മറ്റൊരു ചിത്രമായിരുന്നു കോര്‍ട്ടില്‍ പ്രകടമായത്. ആദ്യ ഗെയിമില്‍ തന്നെ എതിരാളിയെ വീഴ്ത്തിയ സ്റ്റോസര്‍ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തി. ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരുടെയും കുതിപ്പ്. 4-3ന് ന് മുന്നേറിയ സ്റ്റോസര്‍ രണ്ട് പോയന്റ് കൂടി ചേര്‍ത്ത് സെറ്റ് പിടിച്ചെടുത്ത് ഒപ്പമെത്തി. ടൂര്‍ണമെന്റില്‍ അസാരെങ്കയുടെ ആദ്യ സെറ്റ് തോല്‍വിയായിരുന്നു ഇത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ മുന്‍തൂക്കം അസാരെങ്കക്കായിരുന്നു. എങ്കിലും വെല്ലുവിളിയുമായി പിന്തുടര്‍ന്ന ആസ്ട്രേലിയന്‍ താരം ടൈബ്രേക്കറിലെ വിധിനിര്‍ണയത്തിനു മുന്നില്‍ മത്സരം അടിയറവു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആതിഥേയ താരം സെറീന വില്യംസിനെ അട്ടിമറിച്ച് ഇവിടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ സാമന്തക്ക് ഇക്കുറി ക്വാര്‍ട്ടറില്‍ എല്ലാം അവസാനിപ്പിക്കാനായിരുന്നു വിധി. മൂന്നാം സീഡ് മരിയ ഷറപോവയും 11ാം സീഡ് ഫ്രാന്‍സിന്റെ മരിയന്‍ ബര്‍തോലിയും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയിയെയാവും അസാരെങ്ക സെമിയില്‍ നേരിടുക.
സെര്‍ബിയയുടെ അന ഇവാനോവിച്ചും സെറീന വില്യംസും തമ്മിലാണ് നാലാം ക്വര്‍ട്ടര്‍ ഫൈനലെങ്കില്‍ ഇറ്റലിക്കാരായ സാറ ഇറാനിയും റോബര്‍ട്ട വിന്‍ചിയും തമ്മിലാണ് അവസാന ക്വാര്‍ട്ടര്‍. ശക്തമായ മഴയാണ് ചെവ്വാഴ്ചത്തെ മത്സരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചത്. ഷറപോവ-ബര്‍തോലി പോരാട്ടം ആവേശകരമായപ്പോഴാണ് മഴയെത്തിയത്. മത്സരത്തില്‍ 4-0ത്തിന് ബര്‍തോലി ഒന്നാം സെറ്റില്‍ ലീഡ് ചെയ്യുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ-നൊവാക് tേദ്യാകോവിച് മത്സരം പാതിവഴിയിലും തടസ്സപ്പെട്ടു. ഇരുവരും ഒന്നാം സെറ്റില്‍ 6-6 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ആറു മണിക്കൂറോളം യു. എസ് ഒപണില്‍ മഴ കളിമുടക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍