കൊച്ചി: ഓണം അവധി മൂലം പോയവാരം മുഖ്യ വ്യാപാര കേന്ദ്രങ്ങളിലേക്ക് ചരക്ക് നീക്കം കുറഞ്ഞു. വിപണികള്‍ സജീവമല്ലാത്തതിനാല്‍ പ്രധാന ഉല്‍പ്പന്നങ്ങള്‍ക്കൊക്കെ വില ഏറക്കുറെ സ്റ്റെഡിയായിരുന്നു. ഇതിനിടയിലും സ്വര്‍ണവില പുതിയ ഉയരങ്ങള്‍ കീഴടക്കി. ആഗോളവിപണിയിലെ ചലനങ്ങള്‍ക്കൊപ്പം ചിങ്ങമാസം വിവാഹ സീസണ്‍ കൂടി ആയതാണ് സ്വര്‍ണവിപണിക്ക് ആവേശം പകരുന്നത്. വാരാന്ത്യം സ്വര്‍ണം പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില പവന് 23240 എന്ന റെക്കോഡിലെത്തി. ന്യൂദല്‍ഹി ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണവില 10 ഗ്രാമിന് 31255 രൂപയായും വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ അഞ്ചുമാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ശനിയാഴ്ച ഉണ്ടായത്. ഔണ്‍സിന് 32 ഡോളര്‍ വര്‍ധിച്ച് 1688 ഡോളര്‍ എന്ന നിലയിലായി. ആഗോള സാമ്പത്തിക രംഗത്തെ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഊഹക്കച്ചവടക്കാരും നിക്ഷേപകരും വന്‍തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. വില കുതിച്ചുയരുന്നതുമൂലം രാജ്യത്തെ സ്വര്‍ണവ്യാപാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചൈനയിലും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസം സര്‍ണത്തിന്റെ വില്‍പ്പന ഏഴ് ശതമാനം കണ്ട് കുറഞ്ഞു. എന്നാല്‍, ഇതേ സമയം യൂറോപ്പില്‍ സ്വര്‍ണത്തിന് പ്രിയം ഏറുകയാണ്. യൂറോപ്പില്‍ സ്വര്‍ണവില്‍പ്പനയില്‍ 15 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സ്വര്‍ണ വില ഇനിയും മുകളിലേക്ക് നീങ്ങുമെന്നാണ് സൂചന.
റബര്‍ വിപണിയില്‍ കച്ചവടം നാമമാത്രമായിരുന്നു. വളരെക്കുറച്ച് ചരക്ക് മാത്രമാണ് എത്തിയത്. വാങ്ങലും കുറവായിരുന്നു.എങ്കിലും വിലയില്‍ ചെറിയ വര്‍ധനയോടെയാണ് വ്യാപാരം കേ്ളാസ് ചെയ്തത്. ആര്‍.എസ്.എസ് 4 ന്റെ വില 169 രൂപയില്‍നിന്ന് 172 ആയി കൂടി. ആര്‍.എസ്.എസ് 5 നും മൂന്ന് രൂപ വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ റബറിന്റെ പ്രധാന ഉല്‍പ്പാദകരിലൊന്നായ തായ്ലന്‍ഡ് കയറ്റുമതി വെട്ടിക്കുറക്കാന്‍ തീരുമാനിച്ചത് ഇന്ത്യയിലേതുള്‍പ്പെടെ വിപണിക്ക് വരും നാളുകളില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ആറ് മാസത്തേക്കാണ് തായ്ലന്‍ഡ് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കുരുമുളക് വിപണിയും പോയവാരം അവധി മൂഡിലായിരുന്നു. വിലയില്‍ നേരിയ വര്‍ധന ഉണ്ടായി. അണ്‍ഗാര്‍ബിള്‍ഡിന്റെ വില ക്വിന്റലിന് 38900 രൂപയും ഗാര്‍ബിള്‍ഡിന്റേത് 41478 രൂപയുമായിരുന്നു. അവധിയായതിനാല്‍ കുരുമുളകും ഹൈറേഞ്ച് മേഖയില്‍ നിന്ന് മറ്റും വളരെ കുറച്ചുമാത്രമേ വിപണിയില്‍ എത്തിയുളളു. ആഭ്യന്തര ഡിമാന്‍ഡിന്റെ പിന്‍ബലത്തിലാണ് കുരുമുളക് വിപണി നിലനില്‍ക്കുന്നത്. ചരക്ക് ശേഖരിക്കുന്നതില്‍ കയറ്റുമതിക്കാര്‍ ഉത്സാഹം കാട്ടുന്നില്ല. ഉത്തരേന്ത്യന്‍ ഓപറേറ്റര്‍മാര്‍ 3000 ടണ്ണോളം കുരുമുളക് ശേഖരിച്ചിട്ടുണ്ട്. ഇവര്‍ വീണ്ടും കുരുമുളക് ശേഖരിക്കുമോ, അതോ സ്റ്റോക് വിറ്റഴിക്കുമോ എന്നതിനെ ആശ്രയിച്ചാകും അടുത്ത ദിവസങ്ങളില്‍ വിപണിയിലെ മാറ്റങ്ങള്‍.
ഓണത്തിനും വെളിച്ചെണ്ണ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായില്ല. വില ക്വിന്റലിന് 6000 രൂപ എന്ന നിലയില്‍ സ്റ്റെഡിയായി തുടര്‍ന്നു. പാമോയിലിന്റെ ഇറക്കുമതി തുടരുന്നതും തമിഴ്നാട്ടില്‍ നിന്ന് മായം കലര്‍ന്ന വെളിച്ചെണ്ണ നിര്‍ബാധം അതിര്‍ത്തി കടന്നെത്തുന്നതുമാണ് ഓണക്കാലത്തും തളര്‍ത്തിയത്. ഓണം കഴിഞ്ഞതിനാല്‍ വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് കുറയും. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില വീണ്ടും കുറയുമോ എന്ന ആശങ്കയുമുണ്ട്.
പോയവാരം കൊച്ചിയില്‍ തേയില ലേലം നടന്നില്ല. ഈ ആഴ്ച ലേലം നടക്കുമ്പോള്‍ വില കൂടാനാണ് സാധ്യത.

നിങ്ങളുടെ അഭിപ്രായങ്ങള്‍