വാഷിങ്ടണ്‍: പക്ഷാഘാതം പിടിപെട്ട് സംസാരശേഷി നഷ്ടപ്പെട്ടവരെ സംസാരിപ്പിക്കാനാവുമെന്ന് കണ്ടെത്തല്‍. സ്വരങ്ങള്‍ ഉച്ചരിക്കാന്‍ സഹായിക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കണ്ടെത്തലാണ് പക്ഷാഘാത രോഗികള്‍ക്ക് പ്രതീക്ഷയാവുന്നത്. വിഖ്യാത ഭൗതിക ശാസ്്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെ സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് ആശയവിനിമയത്തിന് മസ്തിഷ്ക തരംഗങ്ങള്‍ എങ്ങനെ ഉപയോഗിക്കാനാവുമെന്ന് ഗവേഷണം നടത്തുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍.
മസ്തിഷ്കത്തില്‍ പ്രത്യേക ഉപകരണം ഘടിപ്പിച്ചാല്‍ സംസാരശേഷി വീണ്ടെടുക്കാനാവുമെന്നാണ് കണ്ടെത്തല്‍. പൂര്‍ണമായും സംസാരശേഷി നഷ്ടപ്പെട്ട 70കാരനായ ഹോക്കിങ്ങ് നിലവില്‍ കമ്പ്യൂട്ടര്‍വത്കൃത ഉപകരണം ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്.11 അപസ്മാരരോഗികളിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ഇവരുടെ മസ്തിഷ്കത്തില്‍ രോഗസമയത്ത് സ്വരാക്ഷരങ്ങളില്‍ ഒന്നോ ഏകസ്വരവാചകമോ സംസാരിപ്പിക്കാന്‍ സഹായിക്കുന്ന ഉറവിടവും നാഡീകോശ പ്രവര്‍ത്തനവും കണ്ടെത്താനുതകുന്ന രീതിയില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു.
ഗവേഷണത്തില്‍നിന്ന് സംസാരിക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ രണ്ട് പ്രധാന ഭാഗങ്ങള്‍ കണ്ടെത്തിയതായാണ് അമേരിക്കന്‍ ഗവേഷകരുടെ അവകാശവാദം.
അഞ്ച് ഇംഗ്ളീഷ് സ്വരങ്ങളുടെ സഹായത്താല്‍ പ്രതികരിക്കാന്‍ സഹായിക്കുന്ന നാഡീകോശങ്ങളുള്ള തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗവും ഒന്നോ രണ്ടോ സ്വരാക്ഷരങ്ങള്‍ മാത്രം സംസാരിക്കാനുതകുന്ന നാഡീകോശങ്ങളുള്ള മറ്റൊരു ഭാഗവുമാണ് കണ്ടെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍