Tue, 08/21/2012 - 10:11 ( 38 weeks 6 daysago)
ദ.മേഖല ജൂനിയര്‍ മീറ്റ്; കേരളം മുന്നില്‍
(+)(-) Font Size

കൊച്ചി: ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ നിലവിലെ ജേതാക്കളായ തമിഴ്നാടിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് കേരളത്തിന് മുന്നേറ്റം. 20 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 321.5 പോയന്റുകളുമായാണ് കേരളം ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. ഉഷയുടെ ശിഷ്യ ജെസി ജോസഫും കോതമംഗലം എം.എ കോളജിന്റെ ഏറുകാരന്‍ വി.പി. ആല്‍ഫിനും ആതിഥേയരുടെ അക്കൗണ്ടില്‍ കുറിച്ചതുള്‍പ്പെടെ മേളയുടെ ആദ്യ ദിനം പിറന്നത് അഞ്ച് റെക്കോഡുകള്‍. 19 സ്വര്‍ണവും 14 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 311 പോയന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനത്താണ്. 189.5 പോയന്റോടെ കര്‍ണാടകയാണ് മൂന്നാമത്.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് കോഴിക്കോട് ഉഷ സ്കൂളിലെ ജെസി ജോസഫ് പുതിയ റെക്കോഡ് സ്ഥാപിച്ചത്. 21:11.04 സെക്കന്‍ഡാണ് സമയം. കേരളത്തിന്റെ ഡിന്‍സി ഡേവിസ് 2010ല്‍ കുറിച്ച 2:11.7 എന്ന സമയം ഇതോടെ പഴങ്കഥയായി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഷോര്‍ട്ട്പുട്ടിലാണ് മറ്റൊരു കേരള താരം റെക്കോഡ് കുറിച്ചത്. കോതമംഗലം എം.എ കോളജിലെ വി.പി. ആല്‍ഫിനാണ് പുതിയ റെക്കോഡ് കുറിച്ചത്. 16.48 മീറ്റര്‍. തമിഴ്നാടിന്റെ എന്‍. ശങ്കര്‍ 2010ല്‍ സ്ഥാപിച്ച 16.43 മീറ്ററാണ് ആല്‍ഫിന്‍ തിരുത്തിയെഴുതിയത്. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ആന്ധ്രപ്രദേശിന്റെ ഷേഖ് അസീ ബാവയും റെക്കോഡ് സ്ഥാപിച്ചു 1.81 മീറ്റര്‍. തമിഴ്നാടിന്റെ എ. ദിനകരന്‍ 2008ല്‍ സ്ഥാപിച്ച 1.80 മീറ്റര്‍ എന്ന റെക്കോഡാണ് ആന്ധ്രതാരം സ്വന്തം പേരിലാക്കിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തമിഴ്നാടിന്റെ ബി. സൂര്യ,അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തമിഴ്നാടിന്റെ തന്നെ കെ. പ്രേംകുമാര്‍ എന്നിവരും ആദ്യദിനത്തിലെ റെക്കോഡുകാരായി. 100 മീറ്റര്‍ ഫൈനലുകള്‍ ചൊവ്വാഴ്ച നടക്കും. മേള ബുധനാഴ്ച സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus