തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപകസര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. എന്നാല്‍ ജോലിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതിപക്ഷ സംഘനകളായ ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് ഗവണ്‍മെന്റ് എംപ്‌ളോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, എഫ്.ഇ.ടി.ഒ എന്നിവയുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഭരണപക്ഷ അനുകൂല സംഘടനയായ സെറ്റോയും നേരത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നുവെങ്കിലും സര്‍ക്കാറുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് അവര്‍ പിന്മാറുകയായിരുന്നു. പണിമുടക്കില്‍ നിന്ന് പിന്മാറിയെങ്കിലും സെറ്റോയുടെ ധാര്‍മിക പിന്തുണ ഈ പണിമുടക്കിനുണ്ടാകും.
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് മുഖ്യമന്ത്രി അടിച്ചേല്‍പ്പിച്ചതാണെന്ന് പ്രതിപക്ഷ സംഘടനാനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പുറമെ കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളിലെ ജീവനക്കാരും പണിമുടക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍