കോഴിക്കോട്: ഡോക്ടറാവാന്‍ സെക്കന്‍റ് ഗ്രൂപ്പ് എടുത്ത് ഇന്‍റര്‍മീഡിയറ്റ് പഠനം. പിന്നെ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എക്ക് ചേരാന്‍ കൊതിച്ചു. കിട്ടിയതാകട്ടെ എം.എ ചരിത്രവും. വഴിതെറ്റി വന്ന് ചരിത്രകാരനായ മഹാന്‍. തിങ്കളാഴ്ച 80 വയസ്സ് തികഞ്ഞ ഡോ. എം.ജി.എസ് നാരായണനെന്ന ധിഷണാശാലിയുടെ പിന്നിട്ട നാള്‍വഴി ഇങ്ങനെയാണ്.
പരപ്പനങ്ങാടിയില്‍ ജനിച്ചുവളര്‍ന്ന് കോഴിക്കോടിന്‍െറ ഈ നല്ല നാട്ടുകാരന് കര്‍മമണ്ഡലം ഇനിയുമേറെയുണ്ടെന്നാണ് വാക്കുകളിലെ യുവത്വം തെളിയിക്കുന്നത്. എഴുത്തിലും പ്രസംഗത്തിലും സജീവമായ ഇദ്ദേഹത്തിന് 80 തികഞ്ഞ തിങ്കളാഴ്ചയും പതിവുപോലെ വിശ്രമമില്ലാത്ത ദിനം തന്നെ. വീട്ടിലിരുന്ന് ജന്മദിനമാഘോഷിക്കാനൊന്നും സമയമില്ല.
കേരള ചരിത്രത്തെ പഠനവിഷയമാക്കി ചരിത്രപഠനത്തിന് പുതിയമാനം നല്‍കാനാണ് എം.ജി.എസ് ശ്രമിച്ചത്. പരപ്പനങ്ങാടിയിലെ മുറ്റായില്‍ തറവാട്ടില്‍ 1932 ആഗസ്റ്റ് 20നാണ് മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എം.ജി.എസിന്‍െറ ജനനം. പ്രമുഖ ചരിത്രകാരനായ ഡോ. എം. ഗംഗാധരന്‍െറ മൂത്ത സഹോദരി നാരായണിക്കുട്ടിയുടെയും പൊന്നാനിയിലെ ഡോക്ടറായ ഗോവിന്ദമേനോന്‍െറയും മകന്‍. അഞ്ചാം വയസ്സില്‍ മാതാവ് മരിച്ചു. പ്രായത്തില്‍ ഒരുവയസ്സ് കുറവാണെങ്കിലും അമ്മാവനായ ഗംഗാധരനൊപ്പം പരപ്പനങ്ങാടിയില്‍ ഏഴാം ക്ളാസ് വരെ പഠിച്ചു. എട്ടാം ക്ളാസ് പ്രവേശത്തിനായി അച്ഛന്‍െറ നാട്ടിലേക്ക്. പത്താംക്ളാസ് പൂര്‍ത്തിയാക്കി വീണ്ടും പരപ്പനങ്ങാടിലെത്തി.
മകനെ ഡോക്ടറാക്കാന്‍ കൊതിച്ച പിതാവ് സെക്കന്‍റ് ഗ്രൂപ്പ് എടുപ്പിച്ച് കോഴിക്കോട് സാമൂതിരീസ് കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേര്‍ത്തു. എന്നാല്‍, തന്‍െറ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ഇക്കാര്യം പ്രിന്‍സിപ്പലിനോട് തുറന്നുപറയാന്‍ മടിച്ചില്ല. ശേഷം ഫാറൂഖ്കോളജില്‍ ബി.എ ഇക്കണോമിക്സിനു ചേര്‍ന്നു. ഒരുവര്‍ഷത്തിനകം ഡിഗ്രി പഠനം തൃശൂര്‍ കേരളവര്‍മ കോളജിലേക്ക് മാറ്റി. സുഹൃത്തുക്കള്‍ ഏറെയും അവിടെയായിരുന്നു എന്നതാണ് കാരണം. സാഹിത്യം തലക്കുപിടിച്ചപ്പോള്‍ കവിതയെഴുത്ത് തുടങ്ങി. എസ്.എം മുറ്റായില്‍, എസ്.എം നെടുവ തുടങ്ങിയ പേരുകളില്‍ മാസികകളില്‍ കവിത വന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയപ്പോഴും കേരളം കാത്തിരുന്ന ചരിത്രകാരനിലേക്കുള്ള ഏഴയലത്തുപോലും എം.ജി.എസ് എത്തിയില്ല. കാമ്പസ് ജീവിതം സമ്മാനിച്ച സാഹിത്യ കൗതുകം എം.എ ഇംഗീഷ് പഠിക്കാന്‍ താല്‍പര്യമുണര്‍ത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഇംഗ്ളീഷ് പി.ജിക്ക് അപേക്ഷിച്ചു. കിട്ടിയതാകട്ടെ ഹിസ്റ്ററിയും. ഇടതു പശ്ചാത്തലത്തില്‍ നാമ്പിട്ട ചരിത്രപ്രേമം എം.ജി.എസിന്‍െറ ഗതി നിശ്ചയിച്ചു. ഒന്നാം റാങ്കോടെ എം.എ ഹിസ്റ്ററി ബിരുദവുമായി നാട്ടിലെത്തി.
ഗുരുവായൂരപ്പന്‍ കോളജില്‍ ചരിത്രാധ്യാപകനായെത്തി. നല്ല ഒരു ചരിത്രാധ്യാപകന്‍െറ പിറവിയായിരുന്നു അത്. ഏറെ താമസിയാതെ കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. കേരള സര്‍വകലാശാലയുടെ ഒരു സെന്‍ററാണ് അന്ന് കാലിക്കറ്റിലെ ഹിസ്റ്ററി വകുപ്പ്. 68ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ ലെക്ചററായി. 72ല്‍ റീഡറായി സ്ഥാനക്കയറ്റം. വട്ടെഴുത്തിലും ശിലാലിഖിത വായനയിലും പുതിയ അധ്യായം തീര്‍ത്തു. ചരിത്രത്തിലെ തെറ്റായ വായനക്ക് തിരുത്തായി ഇദ്ദേഹത്തിന്‍െറ രചനകള്‍. ഇതിനിടെ ഗവേഷണവും പൂര്‍ത്തിയാക്കി.
76ല്‍ കേരളത്തില്‍, ആദ്യമായി ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് നടത്താന്‍ ഇദ്ദേഹത്തിനു സാധിച്ചു. പഠനവകുപ്പില്‍ കേരള ചരിത്രത്തെ മുഖ്യ പഠനശാഖയാക്കാന്‍ എം.ജി.എസ് ശ്രമിച്ചത് ഫലം കണ്ടതായി ശിഷ്യനും കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വകുപ്പ് മുന്‍മേധാവിയുമായ ഡോ. കെ. ഗോവിന്ദന്‍ കുട്ടി പറയുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്‍െറ (ഐ.സി.എച്ച്.ആര്‍) മെംബര്‍ സെക്രട്ടറിയും പിന്നീട് ചെയര്‍മാനുമായ ഏക മലയാളിയെന്ന പദവിയും എം.ജി.എസിനു സ്വന്തം. 92ല്‍ കാലിക്കറ്റില്‍നിന്ന് വിരമിച്ചു.
തൃപ്പൂണിത്തറയിലെ പൈതൃക പഠനകേന്ദ്രത്തിന്‍െറ ഡയറക്ടര്‍ ജനറലാണ് എം.ജി.എസ്. കഴിഞ്ഞവര്‍ഷം നിയമിതനായ ഈ സ്ഥാനത്തിരുന്ന് ഇനിയുമേറെ ചെയ്യാനുണ്ടെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. പ്രേമലതയാണ് ഭാര്യ. മക്കള്‍: വിജയകുമാര്‍ വിനയ.

നിങ്ങളുടെ അഭിപ്രായങ്ങള്‍