12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

വെടിനിര്‍ത്തല്‍ പാളി; നെല്ലിയാമ്പതി വീണ്ടും നീറുന്നു

വെടിനിര്‍ത്തല്‍ പാളി; നെല്ലിയാമ്പതി വീണ്ടും നീറുന്നു

തിരുവനന്തപുരം: നെല്ലിയാമ്പതിയെച്ചൊല്ലി ഭരണപക്ഷത്തും കോണ്‍ഗ്രസിലും വീണ്ടും ഉരുള്‍പൊട്ടല്‍. നെല്ലിയാമ്പതി പ്രശ്നത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് മുന്നണിയോഗം തീരുമാനിച്ച് ഒരാഴ്ചക്കകമാണ് പരസ്യവിഴുപ്പലക്കലുമായി നേതാക്കള്‍ രംഗത്ത്വന്നത്. വിഷയത്തില്‍ കോണ്‍ഗ്രസും മാണി വിഭാഗവും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലും വിഴുപ്പലക്കല്‍ ആരംഭിച്ചത് ഭരണമുന്നണിക്ക് ആഘാതമായി.
നെല്ലിയാമ്പതി സന്ദര്‍ശനത്തിന്‍െറ റിപ്പോര്‍ട്ട് യുവ യു.ഡി.എഫ് എം.എല്‍.എമാര്‍ മുന്നണി ഉപസമിതിക്ക് കൈമാറിയതിന് പിന്നാലെയാണ് അവര്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് വക്താവ് എം.എം. ഹസന്‍ രംഗത്തെത്തിയത്. അവര്‍ ഉയര്‍ത്തുന്നത് ഹരിത രാഷ്ട്രീയമല്ല ആര്‍ത്തി രാഷ്ട്രീയമാണെന്ന കടുത്ത വിമര്‍ശമാണ് ഹസന്‍ ഉന്നയിച്ചത്. മന്ത്രിസ്ഥാനം കിട്ടാത്തതിന്‍െറ അമര്‍ഷമാണ് സതീശനും പ്രതാപനും പ്രകടിപ്പിക്കുന്നതെന്നാണ് ഹസന്‍െറ വിമര്‍ശത്തിന്‍െറ ഉള്ളടക്കം.
ഹസന് ഹരിത രാഷ്ട്രീയത്തിന്‍െറ അമരക്കാരായ ടി.എന്‍.പ്രതാപനും വി.ഡി. സതീശനും അതേ നാണയത്തില്‍ തന്നെ മറുപടിയും നല്‍കി. കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ച ചീഫ് വിപ്പ് പി.സി. ജോര്‍ജും ഹസനും ഒരേ തൂവല്‍പക്ഷികളാണെന്ന് വിമര്‍ശിച്ച സതീശന്‍ മുന്നണി ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ഹസന്‍െറ നടപടി നന്നായെന്നും വ്യക്തമാക്കി. ധീവരനെന്ന് വിശേഷിപ്പിച്ച പി.സി.ജോര്‍ജിന്‍െറ നടപടിയോട് അസഹിഷ്ണുത കാട്ടുന്ന ടി.എന്‍ പ്രതാപന്‍െറ നിലപാടിനെയും കടുത്ത ഭാഷയിലാണ് ഹസന്‍ വിമര്‍ശിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ധീവരന് മന്ത്രിസ്ഥാനം നല്‍കിയില്ലെന്ന ആരോപണം ഉണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രതാപന് ജാതിപ്പേര് പറഞ്ഞ് ജോര്‍ജ് ആക്ഷേപിച്ചുവെന്ന് പരിതപിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞതു തിരിച്ചടിച്ച പ്രതാപന്‍, ജാതി ചിന്തയുടെ ഫ്യൂഡല്‍ മനസ്സാണ് ഹസനുള്ളതെന്ന് കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ത്തുന്നതിന് കെ.പി.സി.സി വക്താവ്സ്ഥാനം ഹസന്‍ ഉപയോഗപ്പെടുത്തിയെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. നെല്ലിയാമ്പതിയില്‍ കോണ്‍ഗ്രസ് കൈയേറ്റക്കാര്‍ക്കെതിരാണെന്ന നേതൃത്വത്തിന്‍െറ പ്രഖ്യാപനം നിലനില്‍ക്കെയാണ് പി.സി. ജോര്‍ജിനെ പിന്തുണച്ച് ഹസന്‍ രംഗത്ത് വന്നത്. മാത്രമല്ല,ജാതിപ്പേര്വിളിയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന്പോലും തിരിച്ചടി നേരിട്ട ജോര്‍ജിന് ഹസന്‍െറ അഭിപ്രായം അനുഗ്രഹമായിരിക്കുകയാണ്.
അതിനിടെ, നെല്ലിയാമ്പതിയെ വനഭൂമിയാക്കി മാറ്റുന്നതിന് വനംവകുപ്പ്ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും തമിഴ്നാടിന്‍െറ പണം വാങ്ങിയിട്ടുണ്ടെന്ന കടുത്ത ആരോപണം ഇന്നലെ ജോര്‍ജ് തൊടുത്തുവിട്ടു. ഹരിതരാഷ്ട്രീയം പറയുന്നവര്‍ ടാറ്റയുടെയും ഹാരിസണിന്‍െറയും കൈയേറ്റത്തെപ്പറ്റി മിണ്ടാത്തതെന്താണെന്ന മുനവെച്ച ചോദ്യവും അദ്ദേഹം ഉയര്‍ത്തിക്കഴിഞ്ഞു. ഇതേ ചോദ്യം ഹരിതരാഷ്ട്രീയത്തിന്‍െറ വക്താക്കള്‍ക്കെതിരെ എം.എം. ഹസനും ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി ഉപയോഗിച്ച് വായ്പ വാങ്ങിയ സംഭവങ്ങളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് വനംമന്ത്രി ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ടെങ്കിലും തന്നെ പിന്തുണക്കുന്ന നെല്ലിയാമ്പതിയിലെ ചില കര്‍ഷകരെ കുടുക്കുന്നതിനാണ് ഈ ആവശ്യമെന്ന് പി.സി. ജോര്‍ജിന് നന്നായറിയാം. അതിനാലാണ് മന്ത്രിയുടെ ആവശ്യം പുറത്തുവന്നതിന് പിന്നാലെ നെല്ലിയാമ്പതിയിലെ കര്‍ഷകരെ പിന്തുണച്ചും വനംവകുപ്പിനെ കടന്നാക്രമിച്ചും അദ്ദേഹം രംഗത്തെത്തിയത്.
നെല്ലിയാമ്പതി പ്രശ്നത്തില്‍ മുന്നണിയോഗം അന്തിമതീരുമാനമെടുക്കും മുമ്പ് പരസ്യപ്രസ്താവന നടത്തരുതെന്ന് യു.ഡി.എഫ് തീരുമാനിച്ച് ദിവസങ്ങള്‍ക്കകമാണ് മുന്നണിക്കുള്ളില്‍ വീണ്ടും പോര് ഉടലെടുത്തത്. പ്രശ്നം തണുപ്പിച്ച് നിര്‍ത്താന്‍ മുന്നണി നേതൃത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രശ്നത്തില്‍ കക്ഷികളായവര്‍ വഴങ്ങാന്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ആത്മസംയമനം പാലിക്കാന്‍ കൂടുതല്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് പരസ്യവിഴുപ്പലക്കലിന് തയാറായത്. കൂടുതല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് തന്നെയാണ് നേതാക്കള്‍ നല്‍കുന്ന സൂചന. അതിനാല്‍ത്തന്നെ വിഷയം ഭരണമുന്നണിക്കും സര്‍ക്കാറിനും വരുംനാളുകളില്‍ കടുത്ത വെല്ലുവിളിയായിരിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com