ബെയ്ജിങ്: ബിട്ടീഷ് വ്യാപാരപ്രമുഖനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗൂ കയ്ലായിക്ക് ചൈനീസ് കോടതി ‘വധശിക്ഷ’ വിധിച്ചു. ബ്രിട്ടീഷ് വ്യാപാരിയായ നെയ്ല്‍ ഹേവുഡിനെ വിഷം നല്‍കി കൊലപ്പെടുത്തിയതാണ് കേസ്.
കേസില്‍ ‘സസ്പെന്‍ഡഡ് ’വധശിക്ഷയാണ് കോടതി വിധിച്ചത്. ചൈനീസ് നിയമപ്രകാരം വിധിപറഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം, ശിക്ഷിക്കപ്പെട്ടവരെ വിലയിരുത്തി ജീവപര്യന്തമായി ചുരുക്കാവുന്ന ശിക്ഷയാണിത്. കൊലപാതകത്തില്‍ പങ്കാളിയായ അവരുടെ അടുത്ത സഹായി സാങ് സിയാജിന് ഒമ്പത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. വിചാരണവേളയില്‍ കയ്ലായിയും സാങ് സിയാജും കുറ്റം നിഷേധിച്ചിരുന്നില്ല.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മകന്‍ ബോ ഗുവാഗയെ ഭീഷണിപ്പെടുത്തിയ ഹേവുഡിനെ കയ്ലായ് വിഷപാനീയം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ബോ ഗുവാഗ ആഡംബര ജീവിതവുമായി ലോകം ചുറ്റുന്നതിനിടെയാണ് നവംബര്‍ 15ന് ചോന്‍ഗിങ് പട്ടണത്തിലെ ഹോട്ടലില്‍ വെച്ച് ഹേയ്വുഡ് വധിക്കപ്പെട്ടത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം ബോ സിലായിയുടെ ഭാര്യയാണ് കയ്ലായ്. ചൈനയുടെ ഉന്നത നേതൃപദവിയില്‍ അവരോധിക്കപ്പെടാനിരുന്ന ബോ സിലായി ഭാര്യയുടെ കൊലപാതകക്കുറ്റത്തെ തുടര്‍ന്ന് പോളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.
വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിലും പാര്‍ട്ടിക്കുവേണ്ടി നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി ശിക്ഷയില്‍ ഇളവുണ്ടാകുമെന്ന് നിരീക്ഷകര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍