ന്യൂദല്‍ഹി: വര്‍ഗീയ വികാരമുണര്‍ത്തുന്ന വിധം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന 250ലേറെ വെബ്സൈറ്റുകള്‍ വിലക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ശനിയാഴ്ച തന്നെ 80ഓളം സൈറ്റുകള്‍ വിലക്കിയിരുന്നു. ഫേസ്ബുക്, ട്വിറ്റര്‍ പേജുകളും ഇതില്‍ ഉള്‍പ്പെടും.
കര്‍ണാടകത്തില്‍നിന്നും മറ്റും വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്തതില്‍ ഇന്റര്‍നെറ്റ് വഴി പ്രചരിച്ച വ്യാജ ചിത്രങ്ങള്‍ കാരണമായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യക്കെതിരെ അടുത്ത കാലത്ത് ഉണ്ടായ ഏറ്റവും വലിയ സൈബര്‍ യുദ്ധമായാണ് ഇതിനെ കേന്ദ്രം കാണുന്നത്. കമ്പ്യൂട്ടറുകളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രതികരണ ടീമിന്റെ കണ്ടെത്തലുകള്‍ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്, ട്വിറ്റര്‍, യു ട്യൂബ് തുടങ്ങിയവയിലൂടെയാണ് ഇത്തരം ചിത്രങ്ങളും സന്ദേശങ്ങളും പ്രചരിച്ചത്. ജൂലൈ 13 മുതലാണ് ഇത്തരം ചിത്രങ്ങളും മറ്റും ഓണ്‍ലൈനിലൂടെ പ്രചരിച്ചു തുടങ്ങിയത്. ബംഗളൂരു, പുണെ, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അടങ്ങുന്ന എസ്.എം.എസ് സന്ദേശങ്ങള്‍ക്ക് പുറമെയായിരുന്നു സൈബര്‍ പ്രചാരണം.
അസം കലാപം വ്യാപിപ്പിക്കാന്‍ പാക് സംഘടനകള്‍ നടത്തിയ നീക്കമാണിതെന്ന് കേന്ദ്രം കരുതുന്നു. ഹൈദരാബാദിലും മറ്റും പാകിസ്താനികള്‍ പാക് പതാകയുമായി സ്വാതന്ത്രൃദിനം ആഘോഷിക്കുന്ന ചിത്രം വ്യാജമായി നിര്‍മിച്ച് സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അത്തരമൊരു പതാക ഉയര്‍ത്തല്‍ ഉണ്ടായിട്ടില്ല. അതേസമയം, കിംവദന്തി നിറഞ്ഞ ഉള്ളടക്കം നീക്കം ചെയ്യുന്നതിന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഗൂഗ്ള്‍, ഫേസ്ബുക് എന്നിവ രാജ്യാന്തര നിയമങ്ങളുടെ ബലത്തിലാണ് ഉള്ളടക്കം നീക്കാന്‍ വിസമ്മതിക്കുന്നത്. ഇത്തരം വിദ്വേഷ സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താനും ഇവര്‍ തയാറാവുന്നില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
വീണ്ടും ഇന്ത്യ-പാക് ഉരസല്‍
ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പലായനത്തിന് ഇടയാക്കിയ വ്യാജസന്ദേശങ്ങള്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിച്ചു. സന്ദേശങ്ങളുടെ ഉറവിടം പാകിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുമ്പോള്‍ ഇതിന് അടിസ്ഥാനമില്ലെന്നും തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണമാകാമെന്നുമാണ് പാകിസ്താന്‍ പ്രതികരിച്ചത്.
എന്നാല്‍ തെളിവുകള്‍ പാകിസ്താന് കൈമാറുമെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്തമാസം ഏഴിന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പാകിസ്താനിലേക്ക് പോകുന്നുണ്ട്. തദവസരത്തില്‍ തെളിവായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈമാറും. കഴിഞ്ഞ ദിവസം ഈദ് ആശംസ അറിയിക്കാന്‍ പാകിസ്താന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക് വിളിച്ചപ്പോള്‍ ഇക്കാര്യം ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചിരുന്നു.
പ്രചരിച്ച ചില ചിത്രങ്ങളില്‍ പാകിസ്താനിലെ ഒന്നുരണ്ട് സംഘടനകളുടെ പേരുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് വിശദീകരിച്ചു.
അതേസമയം, ഇന്ത്യയുടെ നിഗമനങ്ങള്‍ പാകിസ്താന്‍ തള്ളി. ആക്ഷേപത്തിന് മതിയായ തെളിവാണ് ആവശ്യം. കുറ്റപ്പെടുത്തലുകള്‍ പൂര്‍ണമായി തള്ളിക്കളയുന്നുവെന്ന് പാക് വിദേശകാര്യ വക്താവ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍