12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

നെല്ലിയാമ്പതി വീണ്ടും മുറുകുന്നു

തിരുവനന്തപുരം: നെല്ലിയാമ്പതി ഭൂമി പ്രശ്നം അവസാനിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫ് തുടരുന്നതിനിടെ, ഭൂമി പണയപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന മന്ത്രി കെ.ബി. ഗണേശ്കുമാറിന്‍െറ ആവശ്യത്തോടെ കുരുക്ക് മുറുകുന്നു. സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏര്‍പ്പെടുത്തിയെങ്കിലും അതില്‍ വിശ്വാസമില്ലെന്ന സൂചന കൂടിയാണ് മന്ത്രി നല്‍കുന്നത്.
നെല്ലിയാമ്പതിയിലെ വനഭൂമി പണയപ്പെടുത്തി വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍, പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെട്ട വായ്പാ തട്ടിപ്പ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പര്യാപ്തമല്ലെന്ന് ഗണേശ്കുമാര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം ഇത്രയേറെ വിവാദമായിട്ടും ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാത്ത ബാങ്കുകളുടെ നിലപാടില്‍ ദുരൂഹതയുള്ളതായും അദ്ദേഹം പറയുന്നു. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ഥവിവരങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയൂ.
നെല്ലിയാമ്പതിയിലെ അഞ്ച് എസ്റ്റേറ്റുകളാണ് വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. എസ്.ബി.ഐ, എസ്.ബി.ടി, കാത്തലിക് സിറിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കെ.എസ്.ഐ.ഡി.സി എന്നിവിടങ്ങളില്‍നിന്ന് എസ്റ്റേറ്റുകള്‍ 15 കോടിയോളം രൂപ വായ്പയെടുത്തതായി വനം വകുപ്പ് പറയുന്നു. ഇതുസംബന്ധിച്ച് പടഗിരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രി കെ.എം. മാണി, ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുമുണ്ട്. ഇതിനിടെയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന മന്ത്രിയുടെ ആവശ്യം.
കഴിഞ്ഞ യു.ഡി.എഫ് യോഗത്തോടെ കെട്ടടങ്ങിയെന്ന് കരുതിയ പ്രശ്നം വീണ്ടും ചര്‍ച്ചയാകാന്‍ സി.ബി.ഐ അന്വേഷണ ആവശ്യം കാരണമാകും. ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ അനുമതി നല്‍കിയ അതേ വിഷയം സി.ബി.ഐക്ക് വിടണമെന്ന വനം മന്ത്രിയുടെ ആവശ്യം പുതിയ വിവാദത്തിനും കാരണമാകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com