Sat, 08/18/2012 - 22:34 ( 39 weeks 4 daysago)
റിയോയില്‍ കാത്തിരിക്കുന്നത് മെഡല്‍ വസന്തം -രാഷ്ട്രപതി
(+)(-) Font Size
റിയോയില്‍ കാത്തിരിക്കുന്നത് മെഡല്‍ വസന്തം -രാഷ്ട്രപതി

ന്യൂദല്‍ഹി: റിയോ ഡെ ജനീറോ ഒളിമ്പിക്സില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മെഡല്‍ വസന്തമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇപ്പോള്‍ ലഭിച്ച യശസ്സുമായി വിശ്രമിക്കാന്‍ സമയമില്ല. രാജ്യത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ലണ്ടന്‍ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി കായികരംഗത്ത് ശക്തിയുള്ള രാജ്യമായി ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്സില്‍ നമ്മുടെ പ്രകടനം മെച്ചപ്പെടണം. അത് അത്ലറ്റുകളുടെ മാത്രം ബാധ്യതയല്ല.
കായികാധികാരികളും യത്നിക്കേണ്ടതുണ്ട്. കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്നത് രാജ്യത്തെ ഓരോ പൗരന്‍െറയും കടമയാവണം. താരങ്ങളുടെ കഴിവുകള്‍ കണ്ടെത്തി സഹായിക്കാന്‍ വന്‍കിട കമ്പനികള്‍ മുന്നോട്ടുവരണമെന്ന് രാഷ്ട്രപതി അഭ്യര്‍ഥിച്ചു. അടുത്ത ഒളിമ്പിക്സിനുള്ള തയാറെടുപ്പ് ഇപ്പോഴേ തുടങ്ങണം. വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ‘റിയോ, ഞങ്ങളിതാ വരുന്നു’ എന്ന് സ്വയം പറയാന്‍ സമയമായി. അവിടെ മെഡല്‍ വസന്തത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ലണ്ടനില്‍ ഇന്ത്യ 55ാം സ്ഥാനത്തായിരുന്നു. 120 കോടി ജനസംഖ്യയുള്ള രാജ്യം ഇതിലേറെ അര്‍ഹിക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷം മെഡല്‍ ദാരിദ്ര്യം അനുഭവപ്പെട്ട രാജ്യത്തിന് ആറെണ്ണം ലഭിച്ചുവെന്നത് നല്ല കൊയ്ത്തുതന്നെയാണ്. താരങ്ങളുടെ അര്‍പ്പണബോധത്തില്‍ സന്തോഷം തോന്നുന്നു. മെഡല്‍ നേടാത്തവരെയും അഭിനന്ദിക്കുകയാണ്. എല്ലാവരും അവരുടെ കഴിവ് പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പ്രണബ് കൂട്ടിച്ചേര്‍ത്തു.
മെഡല്‍ ജേതാക്കളായ സുശീല്‍ കുമാര്‍, വിജയ് കുമാര്‍, യോഗേശ്വര്‍ ദത്ത്, ഗഗന്‍ നാരംഗ്, സൈന നെഹ്വാള്‍, മേരി കോം എന്നിവരെ രാഷ്ട്രപതി പൊന്നാട അണിയിച്ച് ആദരിച്ചു. കായികമന്ത്രി അജയ് മാക്കന്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആക്റ്റിങ് പ്രസിഡന്‍റ് വി.കെ. മല്‍ഹോത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus