Sat, 08/18/2012 - 22:32 ( 39 weeks 4 daysago)
ഡേവിസ് കപ്പ് ടീം: ഭൂപതിയും ബൊപ്പണ്ണയും പുറത്ത്
(+)(-) Font Size
ഡേവിസ് കപ്പ് ടീം: ഭൂപതിയും ബൊപ്പണ്ണയും  പുറത്ത്

ന്യൂദല്‍ഹി: ഒളിമ്പിക്സ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങളെ വെള്ളംകുടിപ്പിച്ച മഹേഷ് ഭൂപതിയോടും രോഹന്‍ ബൊപ്പണ്ണയോടും ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) പകരംചോദിച്ചു. സെപ്റ്റംബറില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ഡേവിസ് കപ്പില്‍നിന്ന് ഇവരെ മാറ്റിനിര്‍ത്തിയാണ് അസോസിയേഷന്‍െറ ‘അച്ചടക്ക നടപടി.’ മറ്റു സീനിയര്‍ താരങ്ങളായ ലിയാന്‍ഡര്‍ പേസും സോംദേവ് ദേവവര്‍മനും ടീം തെരഞ്ഞെടുപ്പിന് പരിഗണിക്കരുതെന്ന് നേരത്തേ അറിയിച്ചിരുന്നു.
ഇതോടെ യുവനിരയെയാണ് ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്. യുകി ബാംബ്രി, വിഷ്ണു വര്‍ധന്‍, സകേത് മൈനേനി, ദിവിജ് ശരണ്‍, സനം സിങ്, ശ്രീ രാം ബാലാജി എന്നിവര്‍ കോര്‍ട്ടിലിറങ്ങും.ഒളിമ്പിക്സ് ഡബ്ള്‍സിന് പേസ്-ഭൂപതി ടീമിനെയാണ് എ.ഐ.ടി.എ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പേസിനൊപ്പം കളിക്കാനില്ലെന്ന് ഭൂപതി തീര്‍ത്തുപറഞ്ഞു. ബൊപ്പണ്ണയും ഭൂപതിക്കൊപ്പം കൂടിയതോടെ പ്രതിസന്ധിയിലായ അസോസിയേഷന്‍, രണ്ട് ടീമിനെയാണ് ലണ്ടനിലേക്കയച്ചത്. ഭൂപതി-ബൊപ്പണ്ണ സഖ്യവും പേസ്-വിഷ്ണുവര്‍ധന്‍ കൂട്ടുകെട്ടും കാര്യമായൊന്നും ചെയ്യാനാവാതെ പുറത്താവുകയും ചെയ്തു. ഒരു തരത്തിലുള്ള അച്ചടക്കലംഘനവും വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് മാറ്റിനിര്‍ത്തലിലൂടെ എ.ഐ.ടി.എ ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. വിശ്രമം ആവശ്യപ്പെട്ട പേസ്, അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക ടീം ടെന്നിസ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പരിക്കാണ് സോംദേവിന്‍െറ പ്രശ്നം.
ചണ്ഡിഗഢില്‍ സെപ്റ്റംബര്‍ 14 മുതല്‍ 16 വരെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരങ്ങള്‍. ഡേവിസ് കപ്പ് ഏഷ്യ-ഓഷ്യാന ഗ്രൂപ് ഒന്നില്‍ തുടരണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus