Sat, 08/18/2012 - 18:32 ( 39 weeks 3 daysago)
ഖേല്‍രത്ന,അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
(+)(-) Font Size
ഖേല്‍രത്ന,അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സില്‍ നാടിന്‍െറ മാനം കാത്ത കായിക താരങ്ങള്‍ക്ക് രാഷ്ട്രത്തിന്‍െറ ആദരം. ഒരാഴ്ച മുമ്പ് സമാപിച്ച 30ാം ഒളിമ്പിക്സില്‍ ഇന്ത്യക്കുവേണ്ടി വെള്ളിമെഡല്‍ നേടിയ ഷൂട്ടിങ് താരം വിജയ് കുമാറിനും ഗുസ്തിയില്‍ വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിനും കായിക ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നല്‍കും. ആതന്‍സ് ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ സിങ് രാത്തോഡ് അധ്യക്ഷനായുള്ള അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഇവരെ ഖേല്‍രത്ന പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. മെഡലും ഏഴര ലക്ഷം സമ്മാനതുകയുമുള്ള അവാര്‍ഡ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. ലണ്ടനില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ പ്രകടനം കാഴ്ചവെച്ച മെഡല്‍ ജേതാക്കള്‍ പുരസ്കാരം പങ്കിടും. 2009ല്‍ ബെയ്ജിങ് ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ സുശീല്‍ കുമാര്‍, വിജേന്ദര്‍ സിങ്, ലോകബോക്സിങ് ചാമ്പ്യന്‍ മേരി കോം എന്നിവര്‍ക്കായിരുന്നു ഖേല്‍ രത്ന സമ്മാനിച്ചത്. 2010ല്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാളും 2011ല്‍ ഷൂട്ടിങ് താരം ഗഗന്‍ നാരംഗും രാജ്യത്തിന്‍െറ പരമോന്നത കായിക പുരസ്കാരം സ്വന്തമാക്കി.
25 പേരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശചെയ്തു. മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, അര്‍ബുദത്തിന്‍െറ പിടിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന ക്രിക്കറ്റര്‍ യുവരാജ് സിങ്, ബാഡ്മിന്‍റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, പി. കശ്യപ്, ബോക്സിങ് താരം വികാസ് കൃഷ്ണന്‍, അമ്പെയ്ത്ത് താരം ദീപികാ കുമാരി, ബൊംബൈലാ ദേവി, അത്ലറ്റുകളായ കവിതാ റാവത്ത്, സുധാ സിങ് എന്നിവരടക്കം 25 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം. ദീപിക അല്ലാതെ മറ്റു മലയാളി താരങ്ങള്‍ക്ക് ആര്‍ക്കും അര്‍ജുന ഇല്ല.
ലണ്ടന്‍ ഒളിമ്പിക്സില്‍ മെഡല്‍ പ്രതീക്ഷ നല്‍കിയ താരങ്ങളെല്ലാം നിരശപ്പെടുത്തിയപ്പോഴായിരുന്നു വിജയ് കുമാര്‍ ഷൂട്ടിങ് റേഞ്ചില്‍ നിന്നും ഇന്ത്യക്ക് അപ്രതീക്ഷിത വെള്ളി മെഡല്‍ സമ്മാനിച്ചത്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളിലായിരുന്നു വിജയ് കുമാറിന്‍െറ വെള്ളി. ലണ്ടനില്‍ ഇന്ത്യയുടെ ആദ്യ വെള്ളിയായിരുന്നു ഇത്. 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടിയ വിജയ് കുമാര്‍ 2006 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണവും അണിഞ്ഞിരുന്നു.
ഹിമാചല്‍ പ്രദേശുകാരനായ വിജയ് ഇന്ത്യന്‍ കരസേനയില്‍ മേജര്‍ സുബേദാറാണ്.
60 കിലോ ഫ്രീസ്റ്റൈലിലാണ് ഹരിയാന സ്വദേശി യോഗേശ്വര്‍ ദത്തിന് ഒളിമ്പിക്സ് വെങ്കലം ലഭിച്ചത്. പ്രീക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും റെപെഷാഷെയിലെ ആനുകൂല്യത്തിലൂടെ വെങ്കല മെഡല്‍ മത്സരത്തിന് അര്‍ഹത നേടിയ യോഗേശ്വര്‍ മികച്ച പോരാട്ടത്തിലൂടെ ജേതാവാകുകയായിരുന്നു. ദല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ യോഗേശ്വര്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ സ്വര്‍ണം ചൂടി. ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus