കൊല്ലം: പി.എസ്.സി പരീക്ഷാ ചോദ്യങ്ങള്‍ മൊബൈല്‍ ഫോണിലൂടെ ചോര്‍ത്തിയ കേസിലെ പ്രതിയായ പൊലീസുകാരന് വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി. ചവറ മുകുന്ദപുരം സ്വദേശിയായ പൊലീസ് കോണ്‍സ്റ്റബിള്‍ ബൈജു (35) ഗള്‍ഫിലേക്ക് കടന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
2010 ഒക്ടോബര്‍ 12ന് നടന്ന എസ്.ഐ പരീക്ഷയെഴുതിയ ബൈജു, മനു എന്നിവരെ പി.എസ്.സി പരീക്ഷാ സ്ക്വാഡ് പിടികൂടിയതോടെയാണ് മൊബൈല്‍ ഫോണിലൂടെ ചോദ്യങ്ങള്‍ ചോര്‍ത്തുന്ന രീതി വെളിച്ചത്തുവന്നത്. ബൈജുവിനെ ശങ്കരമംഗലം സ്കൂളില്‍നിന്നും മനുവിനെ കൊല്ലം ക്രേവന്‍ സ്കൂളില്‍നിന്നുമാണ് പിടികൂടിയതെങ്കിലും ഇവരെ പൊലീസിന് കൈമാറാതെ വിട്ടയച്ചു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ തുടക്കംമുതല്‍ നീക്കംനടന്നു. പരീക്ഷയെഴുതിയ ദിവസം രാത്രിതന്നെ ബൈജു വിദേശത്തേക്ക് കടക്കുകയും ചെയ്തു. വിസ്മൃതിയിലായ സംഭവം വയനാട് ജില്ലയില്‍ നടന്ന നിയമനതട്ടിപ്പിന്‍െറ പശ്ചാത്തലത്തില്‍ ചര്‍ച്ചയാവുകയും കൊല്ലം എ.സി.പി കൃഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
വിശദ അന്വേഷണത്തില്‍ മയ്യനാട് കേന്ദ്രീകരിച്ച് നടന്നുവന്ന പരീക്ഷചോദ്യം ചോര്‍ത്തലിന്‍െറ വിവരങ്ങള്‍ വെളിച്ചത്തുവന്നു. തട്ടിപ്പിന് നേതൃത്വംനല്‍കിയ സര്‍ക്കാര്‍ ജീവനക്കാരന്‍ പ്രകാശ്ലാലിനെയടക്കം അറസ്റ്റ് ചെയ്തു. തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നവര്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് വന്‍തുക ഈടാക്കിയിരുന്നതായും കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംഘത്തിലെ ഒരാള്‍ പരീക്ഷാര്‍ഥിയായി എത്തി പരീക്ഷ എഴുതുകയും ഇയാള്‍ ചോദ്യപേപ്പര്‍ ജനാലയിലൂടെ പുറത്തേക്കെറിയുകയുമായിരുന്നു പതിവ്. ഇങ്ങനെ എറിയുന്ന പേപ്പര്‍ സംഘത്തിലെ മറ്റുള്ളവര്‍ ശേഖരിച്ച് വിദഗ്ധരുടെ സഹായത്തോടെ ശരിയുത്തരങ്ങള്‍ ശേഖരിക്കുന്നു. ഉത്തരങ്ങള്‍ ക്രോഡീകരിച്ച് മൊബൈലിലൂടെ പരീക്ഷാര്‍ഥിയെ അറിയിക്കുകയായിരുന്നു രീതി.
ഇതിനകം പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയെഴുതിയ 12 പേരും ബിവറേജസ് കോര്‍പറേഷന്‍ എല്‍.ജി.എസ് പരീക്ഷക്കിരുന്ന 14 പേരും എല്‍.ഡി ക്ളര്‍ക്ക് പരീക്ഷയെഴുതിയ 11 പേരുമാണ് അറസ്റ്റിലായത്. ചോദ്യങ്ങള്‍ ചോര്‍ത്തുന്നതിന് നേതൃത്വംനല്‍കിയവരും ശരിയുത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് തട്ടിപ്പിന് സഹായികളായവരും പിടിയിലായവരില്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍