12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

തോട്ടം തൊഴിലാളികളെ കുരുക്കാന്‍ സ്വാശ്രയ ഏജന്‍റുമാര്‍ സജീവം

മൂന്നാര്‍: തൊഴിലവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പ വാങ്ങിയവര്‍ പ്രതിസന്ധിയില്‍ തുടരുമ്പോള്‍ തോട്ടം മേഖലയിലെ തൊഴിലാളികളെ കബളിപ്പിക്കാന്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇടനിലക്കാര്‍ രംഗത്ത്.
പ്ളസ്ടു വിജയിച്ച വിദ്യാര്‍ഥികളെ വിവിധ കോഴ്സുകളില്‍ പഠിപ്പിക്കാന്‍ വായ്പയും മറ്റ് സൗകര്യവും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞാണ് ഏജന്‍റുമാര്‍ ഇര തേടുന്നത്.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സ്വാശ്രയ കോളജുകളില്‍ നഴ്സിങ്, എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംഘമാണ് മേഖലയില്‍ സജീവമായത്.
വിദ്യാഭ്യാസം കുറഞ്ഞ തോട്ടം മേഖലയിലെ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇടനിലക്കാര്‍ മാതാപിതാക്കളെ വലയിലാക്കുന്നത്. അഞ്ച് ലക്ഷം മുതല്‍ മുകളിലേക്ക് വന്‍ തുക ഫീസ് വാങ്ങുന്ന കോളജിലെ ചെലവിന് ബാങ്ക് വായ്പ നല്‍കുമെന്ന പ്രലോഭനത്തിലാണ് രക്ഷിതാക്കള്‍ വീഴുന്നത്.
പ്രാഥമിക ചെലവുകള്‍ക്ക് 50,000 രൂപ മതിയെന്നാണ് അവകാശ വാദം. ഇത് വിശ്വസിച്ച് കുട്ടികളെ പഠനത്തിനയക്കുന്നവര്‍ പിന്നാലെ വരുന്ന സാമ്പത്തിക ബാധ്യത ഓര്‍ക്കാറില്ല.
ഓരോ കുട്ടിക്കും 15,000 മുതല്‍ 25,000 രൂപ ഇടനിലക്കാര്‍ കോളജ് അധികൃതരില്‍ നിന്ന് കമീഷന്‍ വാങ്ങുന്നുണ്ട്. മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലെ തോട്ടം-കാര്‍ഷിക മേഖലയിലെ കുട്ടികളാണ് അന്യസംസ്ഥാനങ്ങളില്‍ പോകുന്നവരിലേറെയും.
പീരുമേട്, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ നിന്ന് വരെ കുട്ടികളെ കാന്‍വാസ് ചെയ്യാന്‍ മൂന്നാറിലെ ഇടനിലക്കാര്‍ പോകുന്നുണ്ട്.
സൗജന്യ വിദ്യാഭ്യാസമെന്ന വാഗ്ദാനത്തില്‍ മയങ്ങി നിരവധി ഫോറങ്ങളില്‍ ഒപ്പിട്ട് നല്‍കുന്നവര്‍ പിന്നീട് തിരിച്ചടക്കേണ്ടി വരുന്നത് വന്‍തുകയാണ്. വിദ്യാഭ്യാസ നിലവാരം പോലും പരിഗണിക്കാതെ വന്‍തുക ഫീസ് നല്‍കി പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ലഭിക്കാതാകുന്നതോടെയാണ് അബദ്ധം മനസ്സിലാകുന്നത്.
ജപ്തിയും ഒഴിപ്പിക്കലും എത്തുന്നതോടെ പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം പെരുകുന്നതിനിടെയാണ് തമിഴ് തോട്ടം തൊഴിലാളികളെ കബളിപ്പിക്കുന്ന സംഘം സജീവമായിരിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com