12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

സ്വാതന്ത്ര്യദിനത്തില്‍ ദുബൈയിലേക്ക് തിരിച്ചയാളുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍; പ്രതിഷേധം ശക്തം

കായംകുളം: സ്വാതന്ത്ര്യദിനത്തില്‍ ദുബൈയിലേക്ക് പോയ മലയാളിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധന വിവാദമാകുന്നു. തീവ്രവാദ-അധോലോക ബന്ധം ആരോപിച്ച്, പേര് വെളിപ്പെടുത്താതെ പൊലീസ് നടത്തിയ അന്വേഷണമാണ് വിവാദത്തിന് കാരണമായത്. വള്ളികുന്നം കാരാഴ്മ മേടയില്‍ അബ്ദുല്‍ നൂറിന്‍െറ (41) വീട്ടിലും പരിസരത്തുമാണ് വിവരങ്ങള്‍ തേടി പൊലീസ് എത്തിയത്.
20 വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന നൂര്‍ രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. നൂറിന് സംഘടനാ ബന്ധങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണ് അറിവ്. രണ്ടുമാസം മുമ്പ് അവധിക്ക് എത്തിയ ഇദ്ദേഹം പൂര്‍ണമായും വീടുപണിയുടെ തിരക്കിലായിരുന്നു. നൂറിന് അധോലോക ബന്ധമുണ്ടോ, തീവ്രവാദ ബന്ധമുണ്ടോ, വര്‍ഗീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന വള്ളികുന്നത്തെ കാമ്പിശേരി ജങ്ഷനുമായി ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് തങ്ങളോട് ചോദിച്ചതെന്ന് അയല്‍പക്കത്തുള്ളവര്‍ പറഞ്ഞു.
എന്നാല്‍, നൂറിന്‍െറ വീട്ടില്‍ ഇത്തരം അന്വേഷണം നടന്നതായി അറിയില്ലെന്ന് മാവേലിക്കര സി.ഐ ശിവസുതന്‍പിള്ള പറഞ്ഞു. ഇതിനിടെ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിര്‍ദേശപ്രകാരം വള്ളികുന്നത്ത് നിന്നുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതെന്നാണ് അറിയുന്നത്. പൊലീസ് സംഘം എത്തുമ്പോള്‍ നൂറിന്‍െറ വൃദ്ധമാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാര്യ സലീനയും ബന്ധുക്കളും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോയിരിക്കുകയായിരുന്നു. വൈകുന്നേരം വീണ്ടും പൊലീസ് എത്തി ഭാര്യയെ ചോദ്യംചെയ്തു.
മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കി ചിത്രീകരിക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്‍െറ ഭാഗമാണ് ഇത്തരം പരിശോധനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് പ്രസ്താവനയില്‍ പറഞ്ഞു.
കുടുംബം പോറ്റാന്‍ പ്രവാസജീവിതം നയിക്കുന്ന യുവാവിനെ അപകീര്‍ത്തിപ്പെടുത്തുംവിധം നാട്ടില്‍ അന്വേഷണം നടത്തിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് വള്ളികുന്നം പഞ്ചായത്ത് മെംബര്‍ ജി. രാജീവ്കുമാര്‍ പറഞ്ഞു.
പൊലീസ് അന്വേഷണത്തിലെ ദുരൂഹത നീക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നിഖില്‍ ഇഖ്ബാല്‍ ആവശ്യപ്പെട്ടു. നൂറിനെ വിമാനത്താവളത്തിലും ഭാര്യയെ വീട്ടിലും ചോദ്യം ചെയ്തതിന്‍െറ നിജസ്ഥിതി അധികൃതര്‍ വ്യക്തമാക്കണം. മുസ്ലിമായതാണ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്യാന്‍ കാരണമെന്ന വെളിപ്പെടുത്തല്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. ഭീകരവാദ അന്വേഷണത്തിന്‍െറ മറവില്‍ നടക്കുന്ന ഒളിച്ചുകളികളാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com