ദുബൈ: ഭക്തിയുടെ പരകോടിയില്‍ വിശ്വാസി സമൂഹത്തെ സംശുദ്ധീകരിച്ച് വിശുദ്ധ റമദാന്‍ ഇന്ന് വിടചൊല്ലുന്നു. ജുമുഅ നമസ്കാരം കൊണ്ട് അനുഗ്രഹീതമായ വെള്ളിയാഴ്ച തുടക്കമിട്ട പുണ്യ മാസം അനുഗ്രഹത്തിന്‍െറ അഞ്ച് ജുമുഅകളും 30 വ്രത ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഇന്ന് അവസാനിക്കുന്നത്. അവസാന വെള്ളിയാഴ്ചയായിരുന്ന ഇന്നലെ പള്ളികള്‍ വിശ്വാസികളെക്കൊണ്ട് വീര്‍പ്പുമുട്ടി. ഖുര്‍ആന്‍ പാരായണം ചെയ്തും മന്ത്രങ്ങള്‍ ഉരുവിട്ടും പരമാവധി പുണ്യം കരഗതമാക്കാന്‍ വിശ്വാസികള്‍ മല്‍സരിച്ചു. പള്ളികള്‍ നേരത്തെ തന്നെ ജനനിബിഢമായി. പലയിടങ്ങളിലും പള്ളികള്‍ നിറഞ്ഞ് റോഡുകളിലാണ് വൈകിയെത്തിയവര്‍ക്ക് നമസ്കരിക്കാന്‍ ഇടം കിട്ടിയത്.
ജീവിതം ദൈവത്തിന് മുന്നില്‍ പൂര്‍ണമായി സമര്‍പ്പിച്ച്, നന്‍മയുടെ പ്രതീകങ്ങളായി മാറിയ വിശ്വാസികള്‍ ജീവിതത്തിലുടനീളം ഈ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് ജുമുഅ ഖുതുബയില്‍ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു. പകല്‍ നോമ്പെടുക്കുകയും പാതിരാവുകളില്‍ ആരാധനകളില്‍ മുഴുകയും ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത് മഹത്തായ ജീവിത മാതൃക സൃഷ്ടിക്കുകയാണ് റമദാനിലൂടെ ചെയ്യുന്നത്. തുടര്‍ മാസങ്ങളിലും ഇതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ വിശ്വാസികള്‍ തയാറാകണമെന്ന് അവര്‍ ഉണര്‍ത്തി.
നരകമോചനത്തിന്‍െറ അവസാന പത്തില്‍ പള്ളികളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. പുലരും വരെ നീളുന്ന നിശാ നമസ്കാരങ്ങളാലും പ്രാര്‍ഥനകളാലും വിശുദ്ധ മാസത്തിന്‍െറ പുണ്യം പരമാവധി നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു വിശ്വാസികള്‍. മിക്ക പള്ളികളിലും രാത്രി വൈകി ‘ഖിയാമുലൈ്ളല്‍’ എന്ന പ്രത്യേക പ്രാര്‍ഥനക്ക് സൗകര്യം ചെയ്തിരുന്നു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠതയുള്ള ‘ലൈലത്തുല്‍ ഖദ്റി’ന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ട ഒറ്റയായ ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. അവസാന പത്തില്‍ പള്ളികളില്‍ ഭജനമിരിക്കുന്നതിനും ഒട്ടേറെ വിശ്വാസികളെത്തി. ഭജനമിരിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് യു.എ.ഇയിലെ പള്ളികള്‍ 24 മണിക്കൂറും തുറന്നിടണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ധനശേഷിയുള്ളവര്‍ ദരിദ്രര്‍ക്ക് നല്‍കേണ്ട നിര്‍ബന്ധ ദാനമായ സകാത്തും മുഴുവന്‍ വിശ്വാസികളുടെയും ബാധ്യതയായ ഫിത്വ്ര്‍ സകാത്തുമെല്ലാം പൂര്‍ത്തിയാക്കി നാളെ വിശ്വാസി സമൂഹം ഈദുല്‍ ഫിത്വ്റിനെ വരവേല്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍