അബൂദബിയിലും അല്‍ഐനിലും ഈദ് ഫെസ്റ്റ്

അബൂദബിയിലും അല്‍ഐനിലും ഈദ് ഫെസ്റ്റ്

അബൂദബി: പ്രഥമ ഈദ് ഫെസ്റ്റിന് അബൂദബിയില്‍ വിപുലമായ ഒരുക്കങ്ങള്‍. ഞായറാഴ്ച ആരംഭിക്കുന്ന ആഘോഷ മേളയുടെ ഭാഗമായി അബൂദബി സിറ്റിയുടെ വിവിധ ഭാഗങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും നിരവധി വൈവിധ്യമാര്‍ന്ന സംഗീത, വിനോദ പരിപാടികളാണ് അബൂദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ഒരുക്കുന്നത്.
ഞായറാഴ്ച രാത്രി 10ന് അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ (അഡ്നെക്) നടക്കുന്ന സംഗീത മേളയോടെയാണ് ഈദ് ഫെസ്റ്റിന് തുടക്കം. രാത്രി ഭക്ഷണത്തോടെയുള്ള ഈ പരിപാടി പുലര്‍ച്ചെ ഒരു മണി വരെ നീളുന്നതാണ്. അറബ് ലോകത്ത്, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയില്‍ ഏറെ പ്രശസ്തയായ മൊറോക്കന്‍ ഗായിക മോന അമര്‍ഷയുടെ ഗാനങ്ങളാണ് പ്രധാന സംഗീത വിരുന്ന്. തുടര്‍ന്ന് ലബനീസ് സ്റ്റാര്‍ മെല്‍ഹം സെയിന്‍ വേദിയിലെത്തും.
തിങ്കളാഴ്ചയും എക്സിബിഷന്‍ സെന്‍ററില്‍ രാത്രി ഭക്ഷണത്തോടു കൂടി സംഗീത മേളയുണ്ട്. ലബനീസ് ഗായിക നജ്വ കറാം പങ്കെടുക്കും. രണ്ടു ഷോയുടെയും ടിക്കറ്റ് മറീന മാള്‍, അബൂദബി മാള്‍ എന്നിവിടങ്ങളിലും അഡ്നെകിലെ റമദാന്‍ ടെന്‍റിലും ലഭിക്കും. 850, 650, 450 എന്നിങ്ങനെയാണ് നിരക്ക്.
നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലെ മറ്റൊരു പ്രധാന പരിപാടി കൗമാരക്കാര്‍ക്ക് വേണ്ടിയാണ്. ജോര്‍ദാന്‍ ടി.വിയിലെ ജനപ്രിയ ഷോയിലെ താരങ്ങളാണ് ഇതില്‍ അണിനിരക്കുക. 225, 125, 75 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് മറീന മാളിലും ഷോ നടക്കുന്ന ആഗസ്റ്റ് 20ന് വൈകിട്ട് ഏഴു മുതല്‍ അഡ്നെകിലും ലഭ്യമാകും.
ഈദ് ഫെസ്റ്റിന്‍െറ ഭാഗമായി ഫെറാറി വേള്‍ഡില്‍ ‘ഫാസ്റ്റ് ലൈന്‍’ ക്വിസ് ഷോ സംഘടിപ്പിക്കും. നിരവധി വിലപിടിച്ച സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. അല്‍ബാഹിയയിലെ എമിറേറ്റ്സ് പാര്‍ക് സൂവില്‍ വ്യത്യസ്തവും ആകര്‍ഷകവുമായ പ്രദര്‍ശനങ്ങള്‍ നടത്തും.
അല്‍ഐന്‍ ഹെറിറ്റേജ് വില്ലേജില്‍ ഈദ് നൈറ്റ് സംഘടിപ്പിക്കും. ഇതിനുപുറമെ, അല്‍ഐന്‍ മൃഗശാലയില്‍ പെരുന്നാളിനോടനുബന്ധിച്ച് പുതിയ ഹിപ്പോകളെ പ്രദര്‍ശിപ്പിക്കും. അല്‍ഐന്‍ ഹീലി ഫണ്‍ സിറ്റിയില്‍ വൈകുന്നേരങ്ങളില്‍ പ്രത്യേക ഷോയുണ്ടാകും. വേനല്‍ക്കാല ഇടവേളക്ക് ശേഷം ഫണ്‍ സിറ്റി ഒന്നാം പെരുന്നാള്‍ ദിനത്തിലാണ് വീണ്ടും തുറക്കുന്നത്.
അല്‍ഐന്‍ ബവാദി മാളില്‍ ഒന്നാം പെരുന്നാള്‍ ദിവസം മുതല്‍ ആഗസ്റ്റ് അവസാനം വരെ പ്രത്യേക മൊറോക്കന്‍ ഷോ നടക്കും. എല്ലാ ദിവസവും 200 ദിര്‍ഹമിനോ അതില്‍ കൂടുതലോ സംഖ്യക്ക് സാധനങ്ങള്‍ വാങ്ങിയാല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. ആപ്പിള്‍ ഉല്‍പന്നങ്ങളാണ് വിജയികള്‍ക്ക് നല്‍കുക.
അല്‍ഐന്‍ മാളില്‍ ഖാനൂന്‍, ഊദ് സംഗീത മേളയാണ് ഒരുക്കുന്നത്. പരമ്പരാഗത നൃത്തവും മറ്റുമുണ്ടാകും.
അബൂദബിയിലെ പ്രധാന മാളുകളില്‍ ഈദ് ഫെസ്റ്റിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ അരങ്ങേറും. അബൂദബി മാളില്‍ പ്രത്യേക അറബ് സൂക്ക് ഒരുക്കും. ഇവിടെ മൈലാഞ്ചിയിടാനും തനത് സ്വദേശി ഭക്ഷണം കഴിക്കാനും അവസരമുണ്ടാകും. ഇതിനുപുറമെ പാവ കളി, പുരാവസ്തു പ്രദര്‍ശനം, ഉക്രെയിന്‍ ഷോ തുടങ്ങിയവയുണ്ട്.
ഖാലിദിയ മാളില്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ രാത്രി 11 വരെ പരമ്പരാഗത സംഗീത മേള, നൃത്തം തുടങ്ങിയവ അരങ്ങേറും. ഫാല്‍ക്കണുമായി ഫോട്ടോയെടുത്ത്, കാലിഗ്രാഫിയില്‍ പേരെഴുതാം. അരി, ഈത്തപ്പഴം തുടങ്ങിയവ കൊണ്ടും പേരെഴുതാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus