കുന്നിന്‍മുകളില്‍ കുളിരൊരുക്കി സലാല പെരുന്നാള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു

സലാല: ഈ ഗള്‍ഫ് നാട്ടിലെ മലമുകളില്‍ മരങ്ങള്‍ പച്ചയണിഞ്ഞു, വള്ളിപ്പടര്‍പ്പുകളില്‍ പുക്കള്‍ നിറഞ്ഞു, വാദികളില്‍ തെളിനീര്‍ നിറഞ്ഞൊഴുകുന്നു, വള്ളിപ്പടര്‍പ്പുകളില്‍ വിരിഞ്ഞ പൂക്കളെ മുത്തം വെച്ച് പാറിപ്പറക്കുന്ന പൂമ്പാറ്റകള്‍, പൂന്തനേുണ്ണാന്‍ മൂളിപ്പറക്കുന്ന തേനീച്ചകള്‍. ചില്ലകളിലിരുന്ന് ചിലച്ചും പാറിക്കളിച്ചും പക്ഷിക്കൂട്ടങ്ങള്‍. ഇളം നാമ്പുകളെ തഴുകിത്തലോടുന്ന ഇളം കുളിര്‍ക്കാറ്റ്, നിറഞ്ഞൊഴുകുന്ന അരുവികള്‍, ആനന്ദത്തിലാറാടി മേയുന്ന കന്നുകാലിക്കൂട്ടങ്ങള്‍, ആട്ടിന്‍പറ്റങ്ങള്‍, ഒട്ടകകൂട്ടങ്ങള്‍... അങ്ങനെ ഈ മലനിരകളിലെ കാഴ്ചകള്‍ നിരവധിയാണ്. ഖരീഫ് മഴയില്‍!
ഒമാന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ വേനല്‍ചൂടില്‍ വെന്തുരുമ്പോള്‍ മഴയും കുളിരുമുള്ള ഖരീഫ് കാഴ്ചകളൊരുക്കി സലാല സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഔദ്യാഗികമായി ഖരീഫ് ആഘോഷങ്ങള്‍ ജൂലൈ പതിനഞ്ചിന് സമാപിച്ചുവെങ്കിലും ഈദുല്‍ഫിത്വര്‍ അവധിയായതോടെ സലാലയും ദോഫാര്‍ മലനിരകളും വീണ്ടും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു. ഈദ് അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം സലാലയിലെത്തുന്നവര്‍ നിരവധിയാണ്. മലയാളികള്‍ക്ക് സലാല ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചയാണ്. ഒരിക്കല്‍ സലാലയുടെ കുളിരറിഞ്ഞവര്‍ വേനലില്‍ ഇവിടേക്ക് വീണ്ടും പറന്നെത്തും. സലാലയില്‍ ചെലവഴിച്ച കാലം ഓര്‍മയില്‍ സൂക്ഷിക്കുന്ന നിരവധി പ്രവാസികളുണ്ട്. മഴയും കോടമഞ്ഞും നിറഞ്ഞ മലനിരകളിപ്പോള്‍ ഹരിത പട്ടണിഞ്ഞ് സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.
വെള്ളിയാഴ്ചയും സലാലയെയും പരിസരത്തെയും മലനിരകളെയും ചാറ്റല്‍ മഴ കുളിരണിയിച്ചു. ജബല്‍ നിവാസികള്‍ക്ക് മഴ നിത്യസംഭവം. സലാല ഹരിതാഭയണിഞ്ഞ് കൂടുതല്‍ സുന്ദരിയായി. ഈദ് അവധി ദിനങ്ങള്‍ സലാലയിലേക്ക് കുടുംബസമേതം വരുന്നവര്‍ നിരവധിയാണ്. പലരും ഇപ്പോഴെ എത്തിക്കഴിഞ്ഞു. ഔദ്യാഗികമായി ഖരീഫ് സീസണ്‍ കഴിഞ്ഞതിനാല്‍ റൂമുകള്‍ക്കും മറ്റും നിരക്കുകള്‍ കുറവാണ്. സഞ്ചാരികള്‍ക്ക് വേണ്ട ഇനങ്ങളുമായി സലാലയിലെ കച്ചവടക്കാരും തയാറായി. കുന്തിരിക്കവും പഴങ്ങളും ഇളനീരും കരിമ്പും സപ്പോട്ടയും സീതപ്പഴവും നേന്ത്രപ്പഴവും തുടങ്ങി സലാലയില്‍ വിളയുന്ന നിരവധി ഇനങ്ങള്‍ ഒരുക്കി പാര്‍ലറുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഏതായാലും ഈഈദ് അവധിദിനങ്ങളില്‍ കുടുംബസമേതം സലാലയിലേക്കോരു യാത്ര തീര്‍ത്തും ആനന്ദകരമായിരിക്കും. സുഖകരമായ സലാലയിലെ കാലാവസ്ഥയും ഹരിതാഭയണിഞ്ഞ മലനിരകളും നിങ്ങളെ കാത്തിരിക്കുകയാണ്. ഈദ് അവധിക്കാലത്ത് കുടുംബസമേതം കുന്നിന്‍ മുകളിലെ കുളിര്‍ക്കാറ്റല്‍േക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോഴാണ് നിങ്ങള്‍ സലാലയിലേക്ക് വരേണ്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus