സാധാരണക്കാരുടെ ആശ്രയമായി വേറിട്ടൊരു ഇഫ്താര്‍ കൂട്ടായ്മ

ദോഹ: റമദാനില്‍ രാജ്യത്ത് നടന്ന നൂറുകണക്കിന് സമൂഹ ഇഫ്താറുകളില്‍ എന്തുകൊണ്ടും വേറിട്ട ഒന്നാണ് കഴിഞ്ഞ ഒരുമാസക്കാലമായി സനയ്യയില്‍ നടന്നുവന്ന ഒരു ഇഫ്താര്‍ സംഗമം. നാനാദേശക്കാര്‍, വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍, മരുഭൂമിയില്‍ തൊഴില്‍ തേടിയെത്തി ദുരിതം താണ്ടുന്നവര്‍. എല്ലാവരുടെയും സംഗമവേദിയായിരുന്നു അവിടം. ഒരു മേല്‍ക്കൂരക്ക് കീഴില്‍ പരസ്പര സൗഹൃദത്തിന്‍െറയും കൂട്ടായ്മയുടെയും അസാധാരണമായ ഈ സംഗമം സംഘടിപ്പിച്ചത് ഖത്തറിലെ മൊബൈല്‍ വിപണന രംഗത്തെ പ്രമുഖരായ ഡ്രീംസ് ഗ്രൂപ്പായിരുന്നു.
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഡ്രീംസ് ഗ്രൂപ്പ് വ്യത്യസ്തമായ ഈ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. സനയ്യയില്‍ അല്‍ അതിയ്യ മാര്‍ക്കറ്റിന് എതിര്‍വശത്ത് ഗ്രൂപ്പിന് കീഴില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റായിരുന്നു റമദാന്‍ ഒന്ന് മുതല്‍ തന്നെ ആരംഭിച്ച സമൂഹനോമ്പുതുറയുടെ വേദി. ശരാശരി 1750ഓളം പേരാണ് ഓരോ ദിസവും ഇവിടെ ഇഫ്താറില്‍ പങ്കെടുക്കാനെത്തിയത്. ഡ്രീംസ് ഗ്രൂപ്പിന് കീഴില്‍ തന്നെയുള്ള റെസ്റ്റോറന്‍റിലെ പാചകവിദഗ്ധര്‍ തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഇഫ്താറില്‍ വിളമ്പിയത്.
നെയ്ച്ചോറും കോഴിക്കറിയും, ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ് എന്നിവക്ക് പുറമെ പഴങ്ങളും പാനീയങ്ങളുമായി ഓരോ ദിവസവും ഓരോ വിഭവം എന്ന നിലായിലായിരുന്നു നോമ്പുതുറ. സാധാരണക്കാരും താഴ്ന്നവരുമാനക്കാരായ തൊഴിലാളികളും ധാരാളമുള്ള ഈ മേഖലയില്‍ ഇത്തരമൊരു നോമ്പുതുറ അവര്‍ക്ക് ഏറെ അനുഗ്രഹവും ആശ്വാസവുമായിരുന്നു.
വിവധ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തില്‍ ടെന്‍റുകളില്‍ സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടായ്മ എല്ലാ ദിവസവും ഇത്തരമൊരു ഇഫ്താര്‍ ഒരുക്കുന്നത് വേറിട്ട കാഴ്ച തന്നെയായിരുന്നു. തൊഴിലാളികള്‍ക്ക് പുറമെ പ്രവാസി ജീവിതത്തിന്‍െറ നാനാതുറകളിലുള്ളവര്‍ ഇവിടെ നോമ്പുതുറക്കാന്‍ എത്താറുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus