റമദാന്‍െറ ധന്യതയില്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ പ്രവാസി സമൂഹം

റിയാദ്: ഉപവാസ നാളുകള്‍ക്ക് പൂര്‍ണത നല്‍കി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ രാജ്യത്തെ സ്വദേശികളും വിദേശികളും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികള്‍ക്ക് പ്രാര്‍ഥനയുടെയും ഉപവാസത്തിന്‍െറയും ഇരവുപകലുകള്‍ സമ്മാനിച്ച റമദാന്‍ മുഴുവനാളുകള്‍ക്കും ഭക്തിക്കൊപ്പം ആഘോഷ സമാനമായ അന്തരീക്ഷമാണ് പ്രദാനം ചെയ്തിരുന്നത്. ദൈവത്തിന്‍െറ അപാരമായ അനുഗ്രഹങ്ങളുടെ പൂവര്‍ഷമായിരുന്നു കഴിഞ്ഞുപോയ ദിനരാത്രങ്ങളെങ്കില്‍ അതിന്‍െറ മുഴുവന്‍ ആഹ്ളാദവുമായി ഉദിച്ചുയരുന്ന ശവ്വാല്‍ ചന്ദ്രിക മണ്ണിലും വിണ്ണിലും മനസുകളിലും ആത്മീയ നിലാവായി പടരും. അത് പ്രതീകാത്മകമായി വിളിച്ചറിയിക്കും വിധം സൗദി അറേബ്യയിലെ മുഴുവന്‍ നഗരങ്ങളും വൈദ്യുതാലങ്കാരങ്ങളാല്‍ ദീപ്തമായി കഴിഞ്ഞു.
പെരുന്നാളിന്‍െറ വരവറിയിച്ച് ഫിത്വ്ര്‍ സകാത്ത് വിതരണത്തിനുള്ള ധാന്യ കിറ്റുകളുടെ കച്ചവടക്കാര്‍ തെരുവുകളില്‍ അണിനിരന്നുകഴിഞ്ഞു. റമദാനെ സ്വദേശികള്‍ക്കൊപ്പം റിയാദിലെ പ്രവാസി സമൂഹം ഇത്തവണയും എല്ലാ പവിത്രതയോടെയുമാണ് ഹൃദയത്തിലേറ്റിയത്. മലയാളികളാവട്ടെ മുന്നില്‍ നില്‍ക്കുകയും ചെയ്തു. ആദ്യ ദിവസം തന്നെ സമൂഹ നോമ്പുതുറകളൊരുക്കി പ്രവാസി സംഘടനകള്‍ സജീവമായി. നിരവധി മലയാളി സംഘടനകളും സ്ഥാപനങ്ങളും ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ച് സൗഹൃദം പങ്കുവെക്കാന്‍ അവസരമേകി. ബത്ഹയില്‍ പതിവുപോലെ ബത്ഹ ജാലിയാത്തും ഇസ്ലാഹി സെന്‍ററും സംയുക്തമായി ഇഫ്താര്‍ ടെന്‍െറാരുക്കി. ബത്ഹയിലെ കേരള മാര്‍ക്കറ്റിലാവട്ടെ ഒരു പറ്റം മലയാളികള്‍ ഒരു സംഘടനയുടേയും സ്ഥാപനത്തിന്‍െറയും മേല്‍വിലാസമില്ലാതെ മുഴുവന്‍ ദിവസവും സൗജന്യ നോമ്പുതുറ സംഘടിപ്പിച്ചു. നഗരകേന്ദ്രീകൃതമായ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് പുറമെ പല മലയാളി സംഘടനകളും പ്രാന്തപ്രദേശങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ വിപുലമായ നോമ്പുതുറകള്‍ നടത്തി ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവസരമാക്കിമാറ്റി. തുഛ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകളും വസ്ത്രങ്ങളും മറ്റുമെത്തിക്കുന്ന റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളിലും ഇത്തവണ മലയാളി സംഘടനകള്‍ മുന്നിട്ടുനിന്നു. പല സംഘടനകളും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നതിനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവാസികള്‍ക്കിടയില്‍നിന്ന് വിഭവസമാഹരണവും നടത്തി. പെരുന്നാള്‍ പ്രഖ്യാപനമുണ്ടായാലുടന്‍ ഫിത്വ്ര്‍സകാത്ത് ശേഖരണത്തിനും വിതരണത്തിനും സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷം വര്‍ണാഭമാക്കാന്‍ പല സംഘടനകളും കലാപരിപാടികളും മറ്റും ഒരുക്കുന്നതിന്‍െറ തിരക്കിലാണ്. റൗദ കെ.എം.സി.സി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ബത്ഹ ജാലിയാത്തിന്‍െറ സഹകരണത്തോടെ ഇസ്ലാഹി സെന്‍റര്‍ വിപുലമായ ഈദ് മീറ്റാണ് സംഘടിപ്പിക്കുന്നത്. വിവിധ കലാമത്സരങ്ങളും നടത്തും. ഔദ്യാഗിക തലത്തില്‍ റിയാദ് മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട മന്ത്രാലയവും വകുപ്പുകളും വര്‍ണശബളമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. റിയാദ് നഗരത്തില്‍ ഏഴിടത്ത് ആകാശത്ത് വര്‍ണക്കുട വിരിയിക്കുന്ന കരിമരുന്നു പ്രയോഗവുമുണ്ടാവും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus