അവസാന ജുമുഅ ഇരുഹറമുകളെ വീര്‍പ്പുമുട്ടിച്ചു

അവസാന ജുമുഅ ഇരുഹറമുകളെ വീര്‍പ്പുമുട്ടിച്ചു

മക്ക: ‘ഖത്മുല്‍ ഖുര്‍ആനും’ വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയും മക്ക മസ്ജിദുല്‍ഹറാമിനെ വീര്‍പ്പുമുട്ടിച്ചു. വ്യാഴാഴ്ച രാത്രിയിലെ ‘ഖത്മുല്‍ ഖുര്‍ആനി’ല്‍ സ്വദേശികളും വിദേശികളുമായി ഏകദേശം 20 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. തറാവീഹ് നമസ്കാരത്തിന് ശൈഖ് അബ്ദുല്ല അല്‍ജുഹ്നിയും ശൈഖ് അബ്ദുറഹ്മാന്‍ സുദൈസും നേതൃത്വം നല്‍കി. പതിവ് പോലെ ‘ഖത്മുല്‍ ഖുര്‍ആനി’നോടനുബന്ധിച്ച പ്രാര്‍ഥനക്ക് ശൈഖ് സുദൈസാണ് നേതൃത്വം നല്‍കിയത്. വിശുദ്ധ റമദാനിലെ പുണ്യകര്‍മങ്ങള്‍ സ്വീകരിക്കാനും പാപമോചനവും നരകമുക്തിയും ലഭ്യമാക്കാനും തേടിയുള്ള അദ്ദേഹത്തിന്‍െറ പ്രാര്‍ഥനയില്‍ തീര്‍ഥാടകര്‍ വിതുമ്പി. രാജ്യത്തിന്‍െറ പ്രതാപവും സുരക്ഷിതത്വവും സ്ഥിരതയും നിലനില്‍ക്കാനും ലോകത്ത് പീഡിത മുസ്ലിം ജനങ്ങളുടെ രക്ഷക്കും ഫലസ്തീനിലും സിറിയയിലും ദുരിതമനുഭവിക്കുന്നവരുടെ മോചനത്തിനും വേണ്ടി ശൈഖ് സുദൈസ് പ്രത്യേകം പ്രാര്‍ഥിച്ചു. ഉംറ തീര്‍ഥാടകരുടെ അസാധാരണമായ തിരക്കാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഹറമില്‍ അനുഭവപ്പെട്ടത്. ഹറമിന്‍െറ മുഴുവന്‍ നിലകളും പുറത്ത് മുറ്റങ്ങളും വളരെ നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. മദീനയിലെ മസ്ജിദുന്നബവിയില്‍ വ്യാഴാഴ്ചത്തെ രാത്രി നമസ്കാരത്തിലും ‘ഖത്മുല്‍ ഖുര്‍ആന്‍’ പ്രാര്‍ഥനയിലും പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് കണക്ക്. റമദാന്‍ അവസാന ജുമുഅ നമസ്കാരത്തിനും ഇരുഹറമുകളിലും ആളുകളുടെ എണ്ണത്തില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല. ജിദ്ദ, മക്ക, താഇഫ്, മക്കയുടെ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിനാളുകളാണ് മക്ക ഹറമിലേക്ക് ഒഴുകിയെത്തിയത്. നിറമിഴികളോടെയാണ് ജുമുഅക്ക് ഹറമുകളിലെത്തിയവര്‍ റമദാന് വിട നല്‍കിയത്.
മക്ക ഹറമില്‍ ജുമുഅ നമസ്കാരത്തിനും ഖുതുബക്കും ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. കാരുണ്യത്തിന്‍െറയും അനുഗ്രഹങ്ങളുടെയും വസന്തമായ റമദാന്‍ വിടപറയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. അതില്‍ നന്മകളില്‍ മുന്നേറിയവര്‍ വിജയിച്ചിരിക്കുന്നു. അശ്രദ്ധയിലും കുറ്റങ്ങളിലും കഴിഞ്ഞവന്‍ നഷ്ടകാരികളില്‍ പെട്ടിരിക്കുന്നു. പ്രാര്‍ഥനകളും ദൈവസ്തുതിയും പശ്ചാത്താപവും കൊണ്ട് മുഖരിതമായ മാസമാണ് വിടപറഞ്ഞുകൊണ്ടിരിക്കുന്നത്. ദൈവത്തോടും അവന്‍െറ ദൂതനോടും പിന്നെ നന്മകളില്‍ ഭരണാധികാരികളോടുമുള്ള അനുസരണവും നിര്‍ബന്ധമായും മുറുകെ പിടിച്ചു ജീവിക്കണമെന്ന് ഹറം ഇമാം വിശ്വാസികളെ ഉണര്‍ത്തി. ദുഷിച്ച ചിന്തഗതിക്കാരും ഭൂമിയില്‍ നാശമുണ്ടാക്കുന്നവരുമാകരുത്. മക്ക ഉച്ചകോടിയുടെ ചൈതന്യം ഉള്‍ക്കൊണ്ട് മുന്നേറാന്‍ അദ്ദേഹം മുസ്ലിംനാടുകളെ ഓര്‍മിപ്പിച്ചു. അനുഗൃഹീത മാസമായ റമദാനിലെ അവസാനത്തില്‍ വീഴ്ചകളും പോരായ്മകളും തടയുന്നതിനും പൊറുക്കുന്നതിനും ശ്രേഷ്ഠ കര്‍മ്മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പാപമോചനത്തിലേക്കും നന്ദിപ്രകാശിപ്പിക്കുന്നതിലേക്കും ദൈവത്തെ മഹത്വപ്പെടുത്തുന്നതിലേക്കും മുന്നേറുക. നോമ്പിനിടയിലെ വീഴ്ചകളും പോരായ്മകളും ശുദ്ധീകരിക്കാന്‍ നിശ്ചയിച്ച ‘ഫിത്വ്ര്‍ സകാത്ത്’ ഈദ് നമസ്കാരത്തിന് മുമ്പ് നല്‍കിയിരിക്കണമെന്നും ഹറം ഇമാം ഉണര്‍ത്തി.
മദീനയിലെ മസ്ജിദുന്നബവിയില്‍ നടന്ന ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ഖാസിം നേതൃത്വം നല്‍കി.
‘ഖത്മുല്‍ ഖുര്‍ആനും’ അവസാന ജുമുഅ ദിവസവും ഹറമിലുണ്ടാകുന്ന വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് മക്ക മേഖല ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസലിന്‍െറ മേല്‍നോട്ടത്തില്‍ ഹറമിലെത്തുന്നവര്‍ക്ക് സുഗമമവും സമാധാനത്തോടെയും ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും മറ്റും ആവശ്യമായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പൂര്‍ത്തിയാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus