കായംകുളം: ദുബൈയിലേക്ക് തിരിച്ച യാളുടെ വീട്ടില്‍ പരിഭ്രാന്തി പരത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധന. തീവ്രവാദ-അധോലോക ബന്ധങ്ങളുടെ ചോദ്യവുമായി ഐഡന്‍റിറ്റി വെളിപ്പെടുത്താതെയാണ് സിവില്‍ വേഷത്തില്‍ പൊലീസ് പരിശോധനക്കെത്തിയത്.
വള്ളികുന്നം കാരാഴ്മ മേടയില്‍ അബ്ദുല്‍ നൂറിന്‍െറ (41) വീട്ടിലും പരിസരത്തുമാണ് പൊലീസ് എത്തിയത്. 20വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന നൂര്‍ രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. സ്വാതന്ത്ര്യദിനത്തിലാണ് ദുബൈക്ക് മടങ്ങിയത്. വൈകുന്നേരം ഏഴിനുള്ള എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്ര.
ഉച്ചക്ക് ഒന്നിനാണ് രണ്ട് പൊലീസുകാര്‍ നൂറിന്‍െറ വിവരങ്ങള്‍ തേടി വീട്ടിലെത്തിയത്. നൂറിന്‍െറ ഉമ്മ സുഹുറാബീവി മാത്ര മെ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവരെ കാണാന്‍ കൂട്ടാക്കാതെ ഇവര്‍ അയല്‍വീടുകളില്‍ കയറി നൂറിന്‍െറ വിവരങ്ങള്‍ തിരക്കി.
നൂറിന്‍െറ ഭാര്യ സലീന വൈകുന്നേരം നാലിന് മടങ്ങിയെത്തിയപ്പോള്‍ നോര്‍ക്ക ഓഫിസില്‍നിന്നാണെന്നറിയിച്ച് രണ്ടുപേര്‍ വീട്ടില്‍ എത്തി. നൂറിനെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയ ഇവരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. സംശയം തോന്നിയ ഇവര്‍ അയല്‍പ്പക്കത്ത് വിവരം പറയാന്‍ എത്തിയപ്പോഴാണ് അവിടെയും നൂറിന്‍െറ വിവരങ്ങള്‍ തിരക്കി എത്തിയതായി അറിയുന്നത്.
നൂറിന് അധോലോക ബന്ധമുണ്ടോ, തീവ്രവാദ ബന്ധമുണ്ടോ, വര്‍ഗീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന കാമ്പിശേരി ജങ്ഷനുമായി ബന്ധമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് അയല്‍പ്പക്കത്ത് തിരക്കിയത്.
എയര്‍പോര്‍ട്ടിന് അകത്തും ഇതേ അനുഭവം ഉണ്ടായതായി നൂര്‍ പറഞ്ഞു. രണ്ട് സംഘങ്ങള്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതായും നൂര്‍ പറഞ്ഞു. ലഗേജുകളും പരിശോധിച്ചു. തന്‍െറ പ്രവര്‍ത്തനമേഖലയെ കുറിച്ചാണ് അന്വേഷിച്ചത്. അസ്വാഭാവികത ഇല്ലെന്ന് ബോധ്യമായതോടെ പേര് നൂര്‍ എന്നായതും മുസ്ലിമായതുമാണ് പരിശോധിക്കാന്‍ കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതെന്ന് നൂര്‍ പറഞ്ഞു.
വീട്ടിലും പരിസരത്തും തന്നെ മോശപ്പെടുത്തുംവിധം അന്വേഷണം നടത്തിയതിന് എതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്ന് നൂര്‍ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് തന്നെക്കുറിച്ച് ഇത്തരം അന്വേഷണം വന്നതെന്ന് അറിയില്ല. 20വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന തനിക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും നൂര്‍ പറഞ്ഞു.
അതേസമയം, തന്‍െറ സര്‍ക്കിള്‍ പരിധില്‍നിന്ന് പൊലീസ് അന്വേഷണത്തിന് പോയിട്ടില്ലന്നും ഇതു സംബന്ധിച്ച പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും സി.ഐ ശിവസുതന്‍പിള്ള പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍