പാപ്പിനിശേരി: പാപ്പിനിശ്ശേരി റയില്‍വേ സ്റ്റേഷനുസമീപം യുവതിയെ കുത്തിപ്പരിക്കേല്‍പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറുഭാഗം താമസിക്കുന്ന പാറയില്‍ഹൗസിലെ കെ.പി. ശ്രീന (32)യെയാണ് പാപ്പിനിശ്ശേരിയിലെ വീട്ടില്‍വെച്ച് തൃശൂര്‍ വരവൂര്‍ സ്വദേശി അഭിലാഷ് (33) കുത്തിപ്പരിക്കേല്‍പിച്ചത്.
വയറിനും കഴുത്തിനും കത്തി കൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ യുവതിയെയും, കൈകളുടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെയും പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.
രാവിലെ വീട്ടിലെത്തിയ യുവാവ് മുകളിലത്തെ നിലയിലുള്ള യുവതിയുടെ മുറിയില്‍ അതിക്രമിച്ചു കടക്കുകയായിരുന്നുവത്ര. യുവതിയെ അക്രമിക്കുകയും യുവാവ് കൈകളുടെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുകയായിരുന്നു. യുവതിയുടെ സഹോദരനും അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വാതില്‍ തകര്‍ത്ത് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
തലശ്ശേരിയില്‍ കിന്‍ഫ്രയില്‍ പമ്പ് ഓപറേറ്റര്‍ ജീവനക്കാരാനായ യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍