കല്‍പറ്റ: സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിനായി ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച തൊഴിലാളി സംഘടനാ പ്രതിനിധികളും ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനിടെ ചര്‍ച്ചക്കിടയില്‍ തൊഴിലാളികളും ബസുടമകളും തമ്മില്‍ തര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. സമരം നാലു ദിവസം പിന്നിട്ട് വെള്ളിയാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു. കെ.എസ്.ആര്‍.ടി.സിയുടെ കൂടുതല്‍ സര്‍വീസുകളാണ് യാത്രക്കാര്‍ക്ക് ആശ്രയം.
കോഴിക്കോട് ജോയന്‍റ് ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചക്ക് 2.30ന് വീണ്ടും കല്‍പറ്റയില്‍ ചര്‍ച്ച നടത്തും.
സ്വകാര്യ ബസ് സമരം പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സോഷ്യലിസ്റ്റ് യുവജന ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഉത്സവ കാലത്തെ ബസ് സമരം ജനങ്ങള്‍ക്ക് കൂടുതല്‍ യാത്രാ ദുരിതം നല്‍കി. ആയിരക്കണക്കിന് വിദ്യാര്‍ഥികളും ദുരിതത്തിലാണ്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട നിയമാനുസൃത ആനുകൂല്യങ്ങള്‍ ഉറപ്പാക്കി ജില്ലാ ഭരണകൂടം സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം. ജില്ലാ പ്രസിഡന്‍റ് കെ.ബി. രാജുകൃഷ്ണ അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍