Fri, 08/17/2012 - 09:37 ( 40 weeks 2 hoursago)
മുവാംബ റിട്ടയേര്‍ഡ് ഹര്‍ട്ട്
(+)(-) Font Size
മുവാംബ റിട്ടയേര്‍ഡ് ഹര്‍ട്ട്

ലണ്ടന്‍: മത്സരത്തിനിടെ ഹൃദയാഘാതം മൂലം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരണവുമായി മല്ലടിച്ച ബോള്‍ട്ടണ്‍ വാണ്ടറേഴ്സ് മിഡ്ഫീല്‍ഡര്‍ ഫാബ്രിസ് മുവാംബ കളിയോട് വിടചൊല്ലി. ഡോക്ടറുടെ ഉപദേശപ്രകാരമാണ് 24കാരന്‍ തിരിച്ചുവരവ് പ്രതീക്ഷകള്‍ അവസാനിപ്പിച്ച് ഹൃദയവ്യഥയോടെ പുല്‍മേട്ടിലെ പോരാട്ടവീര്യങ്ങളില്‍നിന്ന് പടിയിറങ്ങിയത്.
മരിച്ചുവെന്ന് കരുതിയ ഘട്ടത്തില്‍നിന്ന് അതിശയകരമായാണ് മുവാംബ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ടോട്ടന്‍ഹാമിന്‍െറ തട്ടകമായ വൈറ്റ് ഹാര്‍ട്ട് ലെയ്നില്‍ എഫ്.എ കപ്പ് മത്സരത്തിനിടെ 78 മിനിറ്റ് ഹൃദയത്തിന്‍െറ പ്രവര്‍ത്തനം നിലച്ചുപോയ താരത്തെ അടിയന്തര ചികിത്സ നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു.
‘ഞാനിപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ദൈവത്തോട് അങ്ങേയറ്റം നന്ദിയുണ്ട്. എന്‍െറ കാര്യത്തില്‍ പ്രതീക്ഷ കൈവെടിയാതിരുന്ന വൈദ്യസംഘത്തോടുള്ള കടപ്പാട് അതിരില്ലാത്തതാണ്’ -ക്ളബിന്‍െറ ഔദ്യാഗിക വെബ്സൈറ്റില്‍ മുവാംബ പറഞ്ഞു. ഹാര്‍ട്ട് അറ്റാക് സംഭവിച്ച് ഒരു മാസത്തിനുശേഷം ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടശേഷം തിരിച്ചുവരവിനെക്കുറിച്ച പോസിറ്റീവ് ചിന്തകളായിരുന്നു മനസ്സു നിറയെ. കളി തുടരാമെന്ന ചിന്ത എന്‍െറയുള്ളില്‍ സജീവമായിരുന്നു. ബോള്‍ട്ടനുവേണ്ടി വീണ്ടും പന്തുതട്ടുന്നത് ഞാന്‍ പല തവണ സ്വപ്നംകണ്ടു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞയാഴ്ച ബെല്‍ജിയത്തിലുള്ള പ്രമുഖ ഹൃദ്രോഗവിദഗ്ധനെ കണ്ട് ഉപദേശം തേടിയിരുന്നു. എന്നാല്‍, അദ്ദേഹം പറഞ്ഞത് ഞാന്‍ ആഗ്രഹിച്ചതിന് തീര്‍ത്തും വിപരീതമായിരുന്നു. അതിനാലാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തേണ്ടിവന്നത്. കുഞ്ഞുന്നാള്‍ മുതല്‍ ഫുട്ബാളായിരുന്നു എന്‍െറ ജീവിതം. അതെനിക്ക് ഏറെ അവസരങ്ങള്‍ തന്നു. എല്ലാറ്റിലുമുപരി ഞാന്‍ കളിയെ അതിയായി സ്നേഹിച്ചു. ഉന്നത ശ്രേണിയില്‍ കളിക്കാന്‍ സാധിച്ചതില്‍ ഏറെ ഭാഗ്യവാനായി തോന്നുന്നു. കരിയറിലുടനീളം എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി. ബോള്‍ട്ടണ്‍ ആരാധകര്‍ എന്നെ പിന്തുണച്ച രീതി സവിശേഷമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ കുടുംബത്തിന്‍െറയും കൂട്ടുകാരുടെയും നിറഞ്ഞ പ്രാര്‍ഥനകളാണ് എനിക്ക് കരുത്തുപകരുന്നത്’ -മുവാംബ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus