ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര തുടങ്ങി

ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര തുടങ്ങി

ജിദ്ദ:റമദാനിലെ 27ാം രാവ് കഴിഞ്ഞതോടെ ഉംറ തീര്‍ഥാടകരുടെ തിരിച്ചുപോക്ക് തുടങ്ങി. റമദാന്‍ ആദ്യത്തിലും മധ്യത്തിലുമായി ഹറമിലെത്തിയ സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് തീര്‍ഥാടകരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വദേശങ്ങളിലേക്ക് മടങ്ങിയത്. ഹറമിലെ ‘ഖത്മുല്‍ ഖുര്‍ആനും’ കൂടി കഴിഞ്ഞ് പോകാന്‍ കാത്തിരുന്നവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ മക്കയില്‍നിന്ന് യാത്ര തിരിച്ചു തുടങ്ങിയിട്ടുണ്ട്. വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രാര്‍ഥനാനിരതമായി ഹറമുകളില്‍ കഴിച്ചുകൂട്ടാനും ‘ഖിയാമുലൈ്ളലി’ലും ‘ഖത്മുല്‍ ഖുര്‍ആനിലു’ം പങ്കെടുക്കാനും കഴിഞ്ഞ ആത്മനിര്‍വൃതിയോടെയാണ് തീര്‍ഥാടകര്‍ മക്കയോട് വിടവാങ്ങിയത്. റമദാന്‍ അവസാന വെള്ളിയാഴ്ചയായ ഇന്നത്തെ ജുമുഅ നമസ്കാരം കൂടി കഴിയുന്നതോടെ കൂടുതല്‍ പേര്‍ മക്ക വിടും.
അവശേഷിക്കുന്ന തീര്‍ഥാടകര്‍ ഹറമിലെ പെരുന്നാള്‍ നമസ്കാരത്തില്‍ കൂടി പങ്കെടുത്ത ശേഷമേ സ്വദേശങ്ങളിലേക്ക് മടങ്ങൂ. ഇന്നലെ ഹറമില്‍ നടന്ന ‘ഖത്മുല്‍ ഖുര്‍ആനി’ല്‍ സ്വദേശികളും വിദേശികളുമടക്കം തീര്‍ഥാടകലക്ഷങ്ങളാണ് പങ്കെടുത്തത്. തിരക്ക് കണക്കിലെടുത്ത് ആവശ്യമായ ഒരുക്കങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പൂര്‍ത്തിയാക്കിയിരുന്നു.
അതേ സമയം, ജിദ്ദ വിമാനത്താവളം വഴി തിരിച്ചുപോകുന്ന മുഴുവന്‍ ഉംറ തീര്‍ഥാടകരുടെയും മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണമെന്ന് ഹജ്ജ് സേവന സ്ഥാപങ്ങള്‍ക്ക് ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കി. യാത്രയുടെ എട്ട് മണിക്കൂര്‍ മുമ്പ് മാത്രമേ തീര്‍ഥാടകരെ വിമാനത്താവളത്തിലെത്തിക്കാവൂ എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. മടക്കയാത്രക്ക് നിശ്ചയിച്ച നടപടികള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണം. യാത്രാ സമയത്തിന്് മണിക്കൂറുകള്‍ മുമ്പേ തീര്‍ഥാടകരെ വിമാനത്തിലെത്തിക്കുന്നത് നിരീക്ഷിക്കും. നിശ്ചിതസമയത്തിലും നേരത്തെ തീര്‍ഥാടകരുമായി വിമാത്താവളത്തിലെത്തുന്നത് മുന്‍വര്‍ഷങ്ങളില്‍ തിരക്കിന് കാരണമായിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. റമദാന്‍ അവസാനത്തില്‍ മടക്കയാത്രക്കെത്തുന്ന ആഭ്യന്തര വിദേശ ഉംറ തീര്‍ഥാടകരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജിദ്ദ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. യാത്ര നടപടികള്‍ എളുപ്പമാക്കാന്‍ തെക്ക്, വടക്ക് ടെര്‍മിനലിലും ഹജ്ജ് ടെര്‍മിനലിലും പാസ്പോര്‍ട്ട്, ലഗേജ് ഹാന്‍ഡ്ലിങ് തുടങ്ങിയവക്ക് കൂടുതല്‍ കൗണ്ടറുകളും കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus