മക്ക: അന്താരാഷ്ട്രസമൂഹത്തിന്‍െറയും അറബ് മുസ്ലിം കൂട്ടായ്മയുടെയും സമാധാനശ്രമങ്ങള്‍ കാറ്റില്‍ പറത്തി സ്വന്തം ജനതയെ നിഷ്ഠുരമായി അടിച്ചമര്‍ത്തുന്ന ബശ്ശാര്‍ അല്‍അസദിനെ ഒറ്റപ്പെടുത്തുന്നതിന് സിറിയയുടെ അംഗത്വം മരവിപ്പിക്കാന്‍ ഒ.ഐ.സിയുടെ മക്ക ഉച്ചകോടി തീരുമാനിച്ചു. മ്യാന്മറിലെ റോഹിങ്ക്യന്‍ വംശഹത്യക്കെതിരായി യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പ്രമേയം കൊണ്ടുവരാനും ഇസ്രായേലിന്‍െറ പുതിയ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ സത്വരനടപടികള്‍ സ്വീകരിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. മക്കയിലെ സഫാപാലസില്‍ രണ്ടുനാള്‍ നീണ്ട നാലാമത് അസാധാരണ സമ്മേളനത്തിനൊടുവില്‍ അംഗീകരിച്ച മക്ക പ്രഖ്യാപനത്തിലാണ് പശ്ചിമേഷ്യയില്‍ ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങളുളവാക്കുന്ന തീരുമാനങ്ങള്‍ പുറത്തുവിട്ടത്. ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇക്മാലുദ്ദീന്‍ ഇഹ്സാനോഗ്ലു മക്കാപ്രഖ്യാപനം വാര്‍ത്താലേഖകര്‍ക്കു മുമ്പില്‍ വിശദീകരിച്ചു. ബോംബര്‍വിമാനങ്ങളും ടാങ്കും മിസൈലുമായി സ്വന്തം ജനതയെ വകവരുത്തുന്ന സ്വേച്ഛാഭരണത്തെ പൊറുപ്പിക്കാന്‍ ഇനിയും ലോകത്തിനു കഴിയില്ല. സിറിയന്‍ പ്രതിസന്ധി സമാധാനപൂര്‍വം പരിഹരിക്കുന്നതിനു മുസ്ലിം രാഷ്ട്രങ്ങളുടെ മുന്‍കൈയില്‍ നടന്ന നീക്കങ്ങളെയെല്ലാം ബശ്ശാര്‍ അവഗണിക്കുകയായിരുന്നുവെന്ന് പ്രഖ്യാപനം കുറ്റപ്പെടുത്തി.
യു.എന്‍ പ്രമേയത്തിന്‍െറ അടിസ്ഥാനത്തില്‍ 1967 മുതല്‍ കൈയടക്കിയ പ്രദേശങ്ങളില്‍നിന്ന് പിന്മാറാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കുക, ഫലസ്തീനില്‍ ഖുദ്സിനെ വിമോചിപ്പിക്കാന്‍ ശ്രമിക്കുക, അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ അനൈക്യവും ശൈഥില്യവും ഒഴിവാക്കി പരസ്പര ഐക്യത്തിന്‍െറയും സഹകരണത്തിന്‍െറയും വഴികള്‍ തുറന്നിടുക, കൂടിയാലോചനയിലൂടെ നീതിയിലധിഷ്ഠിതമായ ഭരണക്രമം കെട്ടിപ്പടുക്കുക, ഭരണകൂടങ്ങള്‍ വിവേകപൂര്‍വം രാഷ്ട്രത്തിനും സമൂഹത്തിനും ഏറ്റവും ഗുണകരമായ വികസനപദ്ധതികള്‍ ആവിഷ്കരിക്കുക, ജനതയുടെ കര്‍മശേഷിയും സവിശേഷസിദ്ധികളും സമുദായസമുദ്ധാരണത്തിനായി പ്രയോജനപ്പെടുത്തുക, ജാതി, വര്‍ഗ, വര്‍ണ പക്ഷപാതിത്വങ്ങളുടെയും മദ്ഹബ്പരമായ സംഘര്‍ഷങ്ങളുടെയും ബാധയില്‍നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കുക, സഹകരണവും സാഹോദര്യവും പരിരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ തങ്ങളുടെ ബാധ്യത നിറവേറ്റുക തുടങ്ങിയ ക്രിയാത്മകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ ഉച്ചകോടി അംഗരാഷ്ട്രങ്ങളുടെ സജീവപരിഗണനക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അംഗരാഷ്ട്രങ്ങള്‍ക്ക് ഒ.ഐ.സി പ്രത്യേകം കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് ഇഹ്സാനോഗ്ലു പറഞ്ഞു. മുസ്ലിം ലോകത്തിന്‍െറ ഐക്യത്തിനും സഹകരണാടിസ്ഥാനത്തിലുള്ള പുരോഗതിക്കും വളര്‍ച്ചക്കും പദ്ധതികള്‍ ആവിഷ്കരിക്കാനും സമ്മേളനം തീരുമാനിച്ചു. രാഷ്ട്രീയവത്കൃത മദ്ഹബ് പക്ഷപാതിത്വങ്ങളും ചേരിതിരിവും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിയാദില്‍ സംവാദകേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം ഉച്ചകോടിയുടെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. സിറിയയിലെ നിലവിലെ പ്രതിസന്ധിക്ക് സുന്നി-ശിയാ ഭിന്നത കൂടി ആക്കം കൂട്ടുന്നതായ നിരീക്ഷണങ്ങള്‍ക്കിടെ, ഈ തീരുമാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍