12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

നാടിനുവേണ്ടി പ്രാര്‍ഥിക്കുക

നാടിനുവേണ്ടി പ്രാര്‍ഥിക്കുക

ഭാരതം സ്വതന്ത്രമായിട്ട് 65 സംവത്സരങ്ങള്‍ പൂര്‍ത്തിയായി. നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളില്‍ ഒന്നുപോലും നമ്മെപ്പോലെ ജനാധിപത്യസമ്പ്രദായങ്ങളില്‍ ഉറച്ചുനില്‍ക്കുകയോ, സിംഗപ്പൂര്‍ എന്ന കൊച്ചുപട്ടണം ഒഴിച്ചാല്‍ പുരോഗതി നേടുകയോ ഉണ്ടായില്ല. 1952ല്‍ ഇന്ത്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അത് അവസാനത്തേതും ആയിരിക്കുമെന്ന് ബ്രിട്ടീഷ് പത്രങ്ങള്‍ പ്രവചിച്ചതാണ്. ഇപ്പോള്‍ രാജ്യം 2014ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്ന കാലം ആയല്ലോ.
ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലം കഴിയുമ്പോള്‍ ഇന്ത്യയുടെ കഥകഴിയും എന്നായിരുന്നു മറ്റ് ചിലര്‍ ചിന്തിച്ചത്. വളരെ സമാധാനപരമായി നന്ദയിലേക്കും പിന്നെ ശാസ്ത്രിയിലേക്കും അതിനുശേഷം ഇന്ദിരയിലേക്കും അധികാരം പകര്‍ന്ന കഥ ആവര്‍ത്തിക്കേണ്ടതില്ല.
1967ല്‍ കോണ്‍ഗ്രസിന്‍െറ ഏകശിലാ മാതൃകയിലുള്ള ആധിപത്യം അവസാനിച്ചു. സംയുക്ത വിധായക്ദള്‍, ആയാറാം ഗയാറാം എന്നൊക്കെ കേട്ടപ്പോള്‍ പിന്നെയും ആശങ്കകള്‍ ഉണര്‍ന്നു. ശേഷം കോണ്‍ഗ്രസ് പിളര്‍ന്നു. 1975ല്‍ ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതോടെ എല്ലാം തീരേണ്ടതായിരുന്നു. അവിടെയും ദൈവം ഇടപെട്ടു. തെരഞ്ഞെടുപ്പിന് ഉത്തരവിടുകയും ആ തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടത്താന്‍ കൈയോങ്ങാതിരിക്കുകയും ഫലം എതിരായപ്പോള്‍ രാജിവെച്ച് പോവുകയും വീണ്ടും ഒരു തെരഞ്ഞെടുപ്പിലൂടെ നേതൃപദവിയില്‍ മടങ്ങിയെത്തുകയും ചെയ്ത ഇന്ദിരഗാന്ധി സമാനതകളില്ലാതെ ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയായിരുന്നു.
ഭാരതത്തെ ഈശ്വരന്‍ രക്ഷിക്കുന്നു എന്ന വിശ്വാസത്തിന് നമ്മുടെ നാട്ടിലെ വികസനവും തെളിവാണ്. പെരിയാറിന്‍െറ തെക്കെ കരയില്‍ കുന്നത്തുനാട് താലൂക്കിലെ കഥ പറയാം. ഭാരതം സ്വതന്ത്രമാകുമ്പോള്‍തന്നെ ആലുവ-മൂന്നാര്‍ റോഡ് ഉണ്ടായിരുന്നു. മെറ്റലിട്ടതും മെറ്റലിടാത്തതുമായ ഒരു ‘ഇടവഴി’. കണ്ണന്‍ദേവന്‍ കമ്പനിയുടെ തേയില കൊച്ചി തുറമുഖത്ത് എത്തിക്കുന്നതിനായി സര്‍. സി.പി ആരംഭിച്ച പാഴ്സല്‍ വണ്ടികളാണ് ഈ വഴിയുടെ പ്രധാനപ്പെട്ട ഉപയോക്താക്കള്‍. വെളുപ്പിന് രണ്ട് മണിക്ക് കിഴക്കോട്ട് പോയി തുടങ്ങും(എന്ന് കേള്‍വി). ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ മടക്കയാത്ര. പൊടിപടലങ്ങളുയര്‍ത്തി ചീറിപ്പാഞ്ഞ ആ ലോറികളെ ഞങ്ങള്‍ കാട്ടാന എന്ന് വിളിച്ചു. ഒരു ബസ്. പച്ചനിറം. ആലുവ-മൂന്നാര്‍ എക്സ്പ്രസ്. പെരുമ്പാവൂരില്‍ ഒരു ചെറിയ സര്‍ക്കാറാശുപത്രി. തേമ്പ്ര ഡോക്ടറും കൊച്ചേരി ഡോക്ടറും രണ്ട് എല്ലെമ്പിക്കാര്‍ സ്വകാര്യമേഖലയില്‍. പെരുമ്പാവൂരിലും ചുറ്റുവട്ടത്തുമായി ആകെ അഞ്ച് ഹൈസ്കൂളുകള്‍. വൈദ്യുതിയും ടെലിഫോണും പട്ടണ നടുവില്‍ മാത്രം. കാറുകള്‍ ആകെ മൂന്ന്. രണ്ട് വക്കീലന്മാര്‍ക്കും പിന്നെ കോരൂളച്ചേട്ടനും. കോരൂളച്ചേട്ടന്‍േറത് ഉടമസ്ഥന്‍ ഓടിക്കുന്ന ടാക്സി.
തിരു-കൊച്ചി ആയപ്പോള്‍ ഞങ്ങള്‍ തൃശൂര്‍ ജില്ലയില്‍ ആയി. തൃശൂര്‍ക്ക് പോകുന്നത് ആലുവയില്‍ ചെന്ന് തീവണ്ടികയറിയിട്ടാണ്. അല്ലെങ്കില്‍ താന്നിപ്പുഴ വരെ നടന്ന്, കടത്തുകടന്ന് ഒരു ബസില്‍ അങ്കമാലിയില്‍ ഇറങ്ങി, വേറൊരു ബസില്‍ കയറണം.
പ്രസവങ്ങളോട് ചേര്‍ന്നുനിന്ന ചടങ്ങ് ശവസംസ്കാരം ആയിരുന്നു. തള്ളയും പിള്ളയും ജീവിച്ചുകിട്ടിയാല്‍ വാര്‍ത്തയാണ്. ശിശുമരണനിരക്ക് ഉയര്‍ന്നിരുന്നതിനാല്‍ ശരാശരി ജീവിതദൈര്‍ഘ്യം 30ല്‍ താഴെ.
ഇങ്ങനെ പറയാന്‍ വേറെയും കാണും ഉദാഹരണങ്ങള്‍. ഇന്നോ? എഴു മൈല്‍ നടന്ന് സ്കൂളിലെത്തിയിരുന്ന സതീര്‍ഥ്യന്‍ മാധവന്‍െറ വീട്ടിനും ഞങ്ങളുടെ പള്ളിക്കൂടത്തിനുമിടയില്‍ നാല് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍. ഓരോ പഞ്ചായത്തിലും സര്‍ക്കാറാശുപത്രികള്‍. നാടാകെ റോഡ്. ഏത് കോത്താഴത്തിരുന്നും ഒബാമയുടെ നാട്ടിലേക്ക് വിളിക്കാം.
ഭൗതിക പുരോഗതി ഉണ്ടായി. ജനാധിപത്യം നഷ്ടപ്പെട്ടതുമില്ല. ഈശ്വരന്‍െറ സവിശേഷ സംരക്ഷണം ഭാരതത്തിന് ലഭ്യമാണ് എന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നതിന് കാരണം ഇതാണ്. പത്ത് നീതിമാന്മാര്‍ മതിയായിരുന്നു സോദോമും ഗൊമോറയും രക്ഷിക്കപ്പെടാന്‍. ഈ മഹാരാജ്യത്ത് പത്തില്‍ കൂടുതല്‍ ഉണ്ട് തീര്‍ച്ച.
ആ പ്രാര്‍ഥനാ മനുഷ്യരെ ഓര്‍ക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് നാം കാണുന്നത്. എവിടെയും മൂല്യങ്ങളുടെ അപചയം ദൃശ്യമാകുന്നു. ഇന്ദ്രപ്രസ്ഥം മുതല്‍ നാട്ടിന്‍പുറത്തെ വില്ലേജ് ഓഫിസും പൊലീസ് സ്റ്റേഷനുംവരെ അഴിമതി നഗ്നതാണ്ഡവം നടത്തുന്നു. ഉരല്‍ വിഴുങ്ങുന്നവര്‍ക്ക് ആ ക്രിയ വിരലുകൊണ്ടെങ്കിലും മായ്ക്കണമെന്ന് തോന്നുന്നില്ല. ഇത് സമൂഹത്തിന്‍െറ പരാജയമാണ്. പണ്ട് എന്‍െറ നാട്ടില്‍ രണ്ട് പാര്‍വത്യകാരന്മാര്‍-വില്ലേജ് ഒഫിസര്‍-ഉണ്ടായിരുന്നു. ഒരാള്‍ പ്രഗല്ഭന്‍. അസാമാന്യമായ ആജ്ഞാശക്തി. കൈക്കൂലിയാണ് വ്യവഹാരഭാഷ. മറ്റെയാള്‍ പാവം. പ്രഗല്ഭന്‍ തന്നെയെങ്കിലും വിനയവാന്‍. സത്യസന്ധന്‍. ഒന്നാമനെ ജനം മനസ്സാ പുച്ഛിച്ചു. ഇന്നോ?
ഞാന്‍ റവന്യൂബോര്‍ഡില്‍ കലക്ടര്‍മാരെ നിയന്ത്രിക്കുന്ന മെംബറായിരുന്ന കാലം. നാട്ടില്‍ ചെന്നപ്പോള്‍ ഒരു പഴയ സതീര്‍ഥ്യന്‍ കാണാന്‍ വന്നു. മറ്റുള്ളവരെ യാത്രയാക്കിയിട്ട് ഞങ്ങള്‍ പള്ളിപ്പറമ്പിലെ ആലിന്‍ചുവട്ടില്‍ ഇരുന്നു. കുഞ്ഞൂഞ്ഞ്-അതായിരുന്നു പേര്-പറഞ്ഞു, എല്ലാവരും അയാളെ ഉപദേശി എന്ന് പരിഹസിക്കുന്നു. കൈക്കൂലി വാങ്ങിക്കുന്നില്ല; അതാണ്.
അതായത് വര്‍ധിച്ചുവരുന്ന അഴിമതിയുടെ അടിസ്ഥാനം സമൂഹത്തില്‍തന്നെ ഉണ്ടായ വീക്ഷണഭേദമാണ്. പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കണം എന്ന ഉപദേശത്തിന്‍െറ സ്ഥാനത്ത് പിടികൂടപ്പെടാതിരിക്കാന്‍ പ്രാര്‍ഥിപ്പിന്‍ എന്ന കല്‍പന സ്ഥാനം പിടിച്ചിരിക്കുന്നു. The eleventh Commandment: Thou shalt not get caught.
അക്രമത്തോടുള്ള സഹിഷ്ണുതയും അഴിമതിയോടുള്ള സഹിഷ്ണുതപോലെതന്നെ സമൂഹത്തിന്‍െറ ധര്‍മബോധത്തെ വന്ധ്യംകരിച്ചിരിക്കുന്നു. സൗമ്യയെ ബലാത്സംഗം ചെയ്യാനും ടി.പി. ചന്ദ്രശേഖരനെ വധിക്കാനും ജോസഫ് മാസ്റ്ററുടെ കൈകള്‍ വെട്ടാനും മടിയില്ലാത്തവര്‍ പുതിയ ജനുസ്സൊന്നുമല്ല. ദീനായുടെ മാനഹാനിക്ക് സഹോദരന്മാര്‍ പകരം ചോദിച്ചത് ചതിവും നിഷ്ഠുരതയും കൊണ്ട് അടയാളപ്പെട്ടുത്തിയിട്ടാണെന്ന് ഉല്‍പത്തിയിലുണ്ടല്ലോ. എന്നാല്‍, അന്ന് വഴക്കു പറയാന്‍ കാരണവര്‍ ഉണ്ടായിരുന്നു. (ബൈബ്ള്‍, പഴയനിയമം, ഉല്‍പത്തി, അധ്യായം 34) ഇന്ന് കാരണവന്മാരും ചന്ദനത്തിരിയുടെ പരസ്യംകണക്കെ ‘ഓരോ കാരണം’ കണ്ടെത്തി നിസ്സംഗതയോടെ പ്രതികരിക്കുന്നു എന്നതാണ് ദു$ഖസത്യം.
നമ്മുടെ തെരുവീഥികളില്‍ വണ്ടി ഓടിക്കുന്നവരെ ശ്രദ്ധിച്ചാല്‍ മതി സമൂഹത്തിന്‍െറ ഈ ആക്രമണോത്സുകത തിരിച്ചറിയാന്‍. ഇടതുവശത്ത് കൂടെ മറികടക്കരുത് എന്ന നിയമം ലംഘിക്കുക മാത്രമല്ല, അതിനുശേഷം അടുത്ത ലൈറ്റിനടുത്ത് എത്തുമ്പോള്‍ മുന്നിലൂടെ വലതുവശത്തെത്തി വടക്കന്‍ വീരഗാഥകള്‍ രചിക്കുന്ന ചെറുപ്പക്കാരാണ് വാര്‍ത്തമാനകാലത്തിന്‍െറ പ്രതിച്ഛായ. എനിക്ക് എങ്ങനെയും മുന്നിലെത്തണം. അതിന് നിയമം തടസ്സമാണെങ്കില്‍ ആ നിയമം ഞാന്‍ ലംഘിക്കും. അതിന് എന്‍െറ അയല്‍ക്കാരന്‍ വിലങ്ങുതടിയാണെങ്കില്‍ അവനെ വകവരുത്താനും ഞാന്‍ മടിക്കയില്ല.
ഭാരതത്തെക്കുറിച്ച് ലജ്ജിക്കുന്നതിലോ നിരാശപ്പെടുന്നതിലോ ആശങ്കാകുലരാകുന്നതിലോ കാര്യമില്ല. എന്നാല്‍, തിരുത്തല്‍ അവശ്യംവേണ്ട മേഖലകള്‍ ഭരണരംഗത്തും വികസനരംഗത്തും സമൂഹത്തിലും ധാരാളം ഉണ്ടുതാനും.
നാടിനുവേണ്ടി പ്രാര്‍ഥിക്കാനും വ്യക്തിതലത്തില്‍ മാതൃക സൃഷ്ടിക്കാനും ഈശ്വരവിശ്വാസികളായ എല്ലാ ഭാരതീയരും തയാറാവേണ്ടതുണ്ട്. ശുഭം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com