Fri, 08/17/2012 - 00:44 ( 39 weeks 2 daysago)
വിവാദ പരാമര്‍ശങ്ങള്‍: പീറ്റേഴ്സണ്‍ മാപ്പുപറഞ്ഞു
(+)(-) Font Size
വിവാദ പരാമര്‍ശങ്ങള്‍:  പീറ്റേഴ്സണ്‍ മാപ്പുപറഞ്ഞു
ട്വന്‍റി 20 ലോകകപ്പ് ടീമിലെത്തുമെന്ന് പ്രതീക്ഷ

ലണ്ടന്‍: ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിനെപ്പറ്റി അപകീര്‍ത്തികരമായ സന്ദേശമയക്കുകയും വാര്‍ത്താസമ്മേളനം നടത്തി സഹതാരങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തതിന് ഇംഗ്ളീഷ് ഓപണര്‍ കെവിന്‍ പീറ്റേഴ്സണ്‍ മാപ്പുപറഞ്ഞു. താന്‍ ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ അയച്ച സന്ദേശം സുഹൃത്തുക്കള്‍ തമ്മിലുള്ള തമാശ മാത്രമാണെങ്കിലും ക്ഷമാപണം നടത്തുന്നതായി അദ്ദേഹം അറിയിച്ചു. ഇതോടെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന ഇംഗ്ളണ്ടിന്‍െറ ട്വന്‍റി 20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.പി.
ഈ മാസം ആദ്യം ഹെഡിങ്ലിയിലെ ലീഡ്സില്‍ നടന്ന ഇംഗ്ളണ്ട്-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിടെയാണ് എബി ഡിവില്ലിയേഴ്സ്, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയവര്‍ക്ക് പീറ്റേഴ്സണ്‍ ക്യാപ്റ്റനെയും കോച്ച് ആന്‍ഡി ഫ്ളവറിനെയും പറ്റി സന്ദേശമയച്ചത്. പത്രവാര്‍ത്തയിലൂടെ ഇക്കാര്യം പുറംലോകമറിഞ്ഞു. ഡ്രസിങ് റൂമിലെ സാഹചര്യങ്ങള്‍ അസഹനീയമാണെന്നും താന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുകയാണെന്നും പീറ്റേഴ്സണ്‍ മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകകൂടി ചെയ്തപ്പോഴേക്കും വിവാദം കത്തി.
അയച്ച സന്ദേശത്തിന്‍െറ ഉള്ളടക്കം വെളിപ്പെടുത്തുകയോ നിരുപാധികം മാപ്പുപറയുകയോ ചെയ്യണമെന്ന ഇംഗ്ളീഷ് ആന്‍റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍െറ നിര്‍ദേശം താരം നിരാകരിച്ചതോടെ മൂന്നാം ടെസ്റ്റിനുള്ള സംഘത്തില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കി. രണ്ടാം മത്സരത്തില്‍ 149 റണ്‍സ് നേടി പീറ്റേഴ്സണ്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചിരുന്നു. ബുധനാഴ്ചയാണ് കെ.പി മാപ്പു പറഞ്ഞത്. എങ്കിലും വ്യാഴാഴ്ച തുടങ്ങിയ ടെസ്റ്റിനുള്ള സംഘത്തില്‍ അദ്ദേഹത്തെ അധികൃതര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ക്യാപ്റ്റനെ അപകീര്‍ത്തിപ്പെടുത്താനോ ടീമിനെ മോശമായി ചിത്രീകരിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. അദ്ദഹത്തിന്‍െറ നടപടി ക്യാപ്റ്റന്‍ സ്ട്രോസുമായുണ്ടായിരുന്ന ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തന്‍െറ പിന്‍ഗാമിയായി സ്ട്രോസ് കണ്ടുവെച്ചിരുന്നത് 32കാരനായ പീറ്റേഴ്സണെയായിരുന്നു. എങ്കിലും തനിക്ക് കെ.പിയോട് വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി മേയ് അവസാനം പീറ്റേഴ്സണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മലക്കം മറിയുകയായിരുന്നു. തുടര്‍ന്ന്, ശ്രീലങ്കയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ കളിക്കാന്‍ അദ്ദേഹം താല്‍പര്യവും പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ ഇംഗ്ളണ്ട് ജേതാക്കളായപ്പോള്‍ പീറ്റേഴ്സണായിരുന്നു മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റ്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള അവസാന സംഘത്തെ പ്രഖ്യാപിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഐ.സി.സി നല്‍കിയ സമയം ഈ മാസം 24ലേക്ക് നീട്ടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus