12:30:26
31 Jul 2014
Thursday
Facebook
Google Plus
Twitter
Rssfeed

ലക്ഷത്തോളം രോഗികളില്‍ മരുന്ന് പരീക്ഷണം

ലക്ഷത്തോളം രോഗികളില്‍ മരുന്ന് പരീക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നതായി വെളിപ്പെടുത്തല്‍. അഞ്ചു വര്‍ഷത്തിനിടെ ഒരുലക്ഷത്തോളം പേരില്‍ മരുന്ന് പരീക്ഷിച്ചെന്നാണ് സ്വകാര്യചാനല്‍ വെളിപ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച് സെന്‍റര്‍ (എച്ച്.ആര്‍.സി) എന്ന സ്വകാര്യ സ്ഥാപനം അടച്ചുപൂട്ടി. മുന്നൂറോളം മരുന്നുപരീക്ഷണങ്ങള്‍ക്കാണ് കേരളം വേദിയായതെന്നും പരീക്ഷണ കാലയളവില്‍ നൂറിലേറെ പേര്‍ മരിച്ചതായും ചാനല്‍ വെളിപ്പെടുത്തുന്നു. ക്ളിനിക്കല്‍ ട്രയല്‍ രജിസ്ട്രിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
നൂറിലധികം ആശുപത്രികളില്‍ പ്രശസ്ത ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മരുന്ന് പരീക്ഷണം നടന്നത്. മിക്കതും ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നുകളാണ്. സൗജന്യമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെയാണ് പരീക്ഷണത്തിനാവശ്യമായ രോഗികളെ കണ്ടെത്തുന്നത്. പരീക്ഷണത്തിന്‍െറ സങ്കീര്‍ണതകള്‍ രോഗിയെ അറിയിക്കാതെ സമ്മതപത്രം എഴുതിവാങ്ങിയാണ് പരീക്ഷണം. ദരിദ്രരോഗികളാണ് ഇരകളിലേറെയും. നാല് മുതല്‍ 80 വയസ്സ് വരെയുള്ള കാന്‍സര്‍, പ്രമേഹം, കരള്‍ രോഗങ്ങളുള്ളവരിലാണ് മരുന്ന് പരീക്ഷണം. സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. തുടര്‍ന്നാണ് എച്ച്.ആര്‍.സി പൂട്ടിയത്.
സംഭവം വിദഗ്ധസമിതി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
ഏറ്റവുംകൂടുതല്‍ മരുന്ന് പരീക്ഷണം നടന്നത് എറണാകുളത്തെ അമൃത ആശുപത്രിയിലാണ്. 81 ഓളം മരുന്നുകള്‍ ഇവിടെ മാത്രം പരീക്ഷിച്ചു. 10,000ലേറെ പേരാണ് ഇവിടെ പരീക്ഷണങ്ങള്‍ക്ക് വിധേയരായത്. ലേക്ഷോര്‍ ആശുപത്രിയില്‍ 38ഉം എറണാകുളം ലിസി, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ എന്നിവിടങ്ങളില്‍ ഒമ്പതുവീതവും പരീക്ഷണങ്ങള്‍ നടന്നതായാണ് വെളിപ്പെടുത്തല്‍.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 150 ഓളം പരീക്ഷണങ്ങള്‍ നടന്നു. ജില്ലയിലെ അനധികൃത മരുന്ന് പരീക്ഷണങ്ങളില്‍ ഏറെയും നടന്നത് എച്ച്.ആര്‍.സിയിലാണ്. 100ലധികം മരുന്ന് പരീക്ഷണങ്ങള്‍ക്ക് വേദിയായ ഇവിടെ 5000ത്തോളം പേരെ സൗജന്യചികിത്സയുടെ പേരില്‍ ഗിനിപ്പന്നികളാക്കിയെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തിന്‍െറ നടത്തിപ്പുകാരനായ ഡോ. മാത്യു തോമസ് നാലുവര്‍ഷത്തിനിടെ സ്വന്തമായി 35 മരുന്നുകളാണ് പരീക്ഷിച്ചത്.
റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ 21ഉം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 22ഉം പരീക്ഷണങ്ങളാണ് നടന്നത്. ഗോകുലം മെഡിക്കല്‍ കോളജില്‍ 2009ന് ശേഷം മാത്രം 17 പരീക്ഷണങ്ങള്‍ നടന്നു. അനന്തപുരി ആശുപത്രിയിലും ജ്യോതിദേവ് ഡയബറ്റിക് ആന്‍ഡ് റിസര്‍ച് സെന്‍ററിലും ഒമ്പത് വീതവും പി.ആര്‍.എസില്‍ ഏഴും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 11ഉം പരീക്ഷണങ്ങള്‍ നടന്നു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജ്, വെസ്റ്റ്ഫോര്‍ട്ട്, എലൈറ്റ്, മദര്‍ ആശുപത്രികളിലായി 50 ല്‍പരം പരീക്ഷണങ്ങള്‍ നടന്നതായാണ് വിവരം. പാലക്കാട് സായ് ഹോസ്പിറ്റല്‍, പാലക്കാട് ഡയബെറ്റിക് സെന്‍റര്‍, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി, മിംസ്, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രികളിലും പരീക്ഷണം നടന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് രോഗിയുടെ പൂര്‍ണസമ്മതപത്രം വാങ്ങിയാണ് പരീക്ഷണം നടത്തുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com