12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ഗവിയിലെ കുട്ടികളുടെ സ്കൂള്‍ യാത്ര ആംബുലന്‍സില്‍

വണ്ടിപ്പെരിയാര്‍: പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ നിന്ന് വണ്ടിപ്പെരിയാറിലെ സ്കൂളില്‍ കുട്ടികള്‍ പഠിക്കാനത്തെുന്നത് ആംബുലന്‍സില്‍. സീതത്തോട് പഞ്ചായത്തിലെ ഗവി, മിനാര്‍, കൊച്ചുപമ്പ പ്രദേശങ്ങളിലെ നാല്‍പ്പതോളം വിദ്യാര്‍ഥികളാണ് പഠിക്കാനത്തെുന്നത്. ഇവര്‍ക്ക് പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ 36 കിലോമീറ്റര്‍ സഞ്ചരിക്കണം.
പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഹൈസ്കൂള്‍, യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ പഠിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുടെ വികസന ഫണ്ടില്‍ നിന്ന് ഗവി ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിക്ക് അനുവദിച്ചതാണ് ആംബുലന്‍സ്.
രാവിലെ ഏഴിന് ഗവിയില്‍ നിന്ന് പുറപ്പെടുന്ന വാഹനം ഒമ്പതിന് വണ്ടിപ്പെരിയാറില്‍ എത്തും. രണ്ട് മണിക്കൂറിലേറെ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥ. ഇക്കോ ടൂറിസം വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം തുക മാറ്റിവെച്ചാണ് ആംബുലന്‍സ് സര്‍വീസ്.
രോഗികളെ കൊണ്ടുപോകുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും. രാവിലെയും തിരിച്ചും നാല് മണിക്കൂറിലേറെ യാത്ര ചെയ്യുന്ന കുട്ടികള്‍ ഏറെ ക്ഷീണിതരായാണ് വീട്ടിലത്തെുന്നത്. അതിനാല്‍ വീട്ടിലിരുന്ന് പഠിക്കാന്‍ സമയം ലഭിക്കുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വനത്തിലൂടെയുള്ള യാത്രയില്‍ ആനയും കാട്ടുപോത്തും തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്.
സ്വകാര്യ വാഹനങ്ങള്‍ക്ക് അമിത കൂലി നല്‍കിയാണ് ഗവി നിവാസികളുടെ യാത്ര. പത്തനംതിട്ട-ഗവി-കുമളി റൂട്ടില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓരോ ട്രിപ്പ് വീതം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമില്ല. ടി.ആര്‍.3/000710/10 ഓര്‍ഡര്‍ നംബര്‍ പ്രകാരം 12.30 കുമളി-ഗവി-കൊച്ചുപമ്പ സര്‍വീസിന് കെ.എസ്.ആര്‍.ടി.സിക്ക് പെര്‍മിറ്റ് അനുവദിച്ചിരുന്നു.
രാവിലെ ഗവിയില്‍ നിന്ന് പുറപ്പെട്ട് ഏലപ്പാറയിലത്തെി തുടര്‍ന്ന് കുമളിയിലേക്ക് ട്രിപ്പ് പോയ ശേഷം വൈകുന്നേരം 5.30 ന് ഗവിയിലത്തെുന്നതാണ് സര്‍വീസ്. സ്കൂള്‍ സമയം ട്രിപ്പ് നടത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയോജനമാകുമായിരുന്നു. കുമളി ഡിപ്പോയില്‍ ആവശ്യത്തിന് ബസ് ഇല്ലാത്തതിനാലാണ് സര്‍വീസ് ആരംഭിക്കാത്തതെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വാദം. എന്നാല്‍ കുമളി-ഏലപ്പാറ റൂട്ടില്‍ സ്വകാര്യ ബസ് ഓടുന്നത് മൂലമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കാത്തതെന്നും ആക്ഷേപമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com