12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പുറത്തൂരില്‍ വിരണ്ടോടിയ പോത്ത് ആറുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പുറത്തൂര്‍: അഞ്ച് മണിക്കൂറോളം പുറത്തൂരിനെ ഭീതിയിലാഴ്ത്തിയ പോത്തിനെ സാഹസികമായി കീഴ്പ്പെടുത്തി. വൈകീട്ട് മൂന്നോടെ പുറത്തൂര്‍ സ്വദേശി മനാഫ് അറുക്കാന്‍ കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് ഓടിയത്. ഓട്ടത്തിനിടെ കണ്ടവരെയെല്ലാം കുത്തിപ്പരിക്കേല്‍പ്പിക്കുകയും പല വീടുകളിലും കയറി ഫര്‍ണിച്ചറുകളും ടി.വിയും മറ്റ് വീട്ടുപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. പലരും തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വിരണ്ടോടിയ പോത്ത് പുറത്തൂര്‍ അങ്ങാടി, ബോട്ട് ജട്ടി, ബസ്സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജനങ്ങളെ ആക്രമിച്ചത്.
കളൂരില്‍ സ്കൂള്‍ വിട്ട് പോവുകയായിരുന്ന കളത്തില്‍പറമ്പില്‍ ഇഖ്ബാലിന്‍െറ മകന്‍ സാദിഖിനെ (11) കുത്തിപ്പരിക്കേല്‍പ്പിച്ചു. വാരിയെല്ലിന് കുത്തേറ്റ സാദിഖിനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ്റ്റാന്‍ഡില്‍ മാട്ടേരിയില്‍ നാലകത്ത് ഹംസത്തിന്‍െറ മകന്‍ അഫ്സലിനെയും (14) പാണ്ഡ്യനേയും (60) കുത്തിപ്പരിക്കേല്‍പ്പിച്ചു. വീണ്ടും പുറത്തൂര്‍ അങ്ങാടിയില്‍ എത്തിയ പോത്ത് പുറത്തൂര്‍ ഗവ. യു. പി സ്കൂളിന്‍െറ ഇരുമ്പ് ഗേറ്റ് കുത്തിപൊളിച്ചതിന് ശേഷം പള്ളിക്കാട്ടിലേക്ക് ഓടി.
പൊലീസും നാട്ടുകാരും പിന്‍തുടര്‍ന്നപ്പോള്‍ വീണ്ടും ബോട്ട്ജെട്ടി റോഡിലൂടെ കളൂര്‍ ഭാഗത്തേക്ക് ഓടിയ പോത്ത് മോടന്‍ നമ്പ്രത്ത് കമലത്തിന്‍െറ വീട്ടിലേക്ക് ഓടിക്കയറി. വീട്ടിനകത്തുണ്ടായിരുന്ന കമലം (60) മരുമകള്‍ ശാരി (30) പേരമകന്‍ അച്ചു (ഒന്നര) എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പിന്‍വാതില്‍ ചവിട്ടിപൊളിച്ചാണ് മൂന്ന്പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോത്തിന്‍െറ പരാക്രമത്തില്‍ വീട്ടുപകരണങ്ങളും ടി.വിയും നശിച്ചു. കമലത്തിന്‍െറ വീട്ടിനകത്ത് കയറിയ പോത്തിനെ വീടിന്‍െറ വാതില്‍ അടച്ച് തിരൂര്‍ എസ്.ഐ ജോതീന്ദ്രകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരായ കുഞ്ഞുട്ടി, ഷാഫി, മനാഫ്, നാസര്‍, ഹംസു എന്നിവരും ചേര്‍ന്ന് കയറിട്ട് കുടുക്കി രാത്രി 7.30ഓടെ കീഴ്പ്പെടുത്തുകയായിരുന്നു. കയറിട്ട് കാലും കൈയും ബന്ധിച്ചശേഷം പോത്തിനെ തെങ്ങില്‍ കെട്ടിയിട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചവരെയും 10 ദിവസം നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി തിരൂര്‍ എസ്.ഐ ജ്യോതീന്ദ്രകുമാര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com