സകാത്തില്‍ കൃത്യവിലോപം കാട്ടുന്നവര്‍ക്കെതിരെ കര്‍ശന നടപടി- റവന്യൂവകുപ്പ്

റിയാദ്: സര്‍ക്കാറിലേക്ക് നിര്‍ബന്ധമായും നല്‍കേണ്ട സകാത്ത് വിഹിതം യഥാസമയം അടക്കുന്നതില്‍ കൃത്യവിലോപം കാട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സകാത്ത്- റവന്യൂ വകുപ്പ് മേധാവി ഇബ്രാഹീം മുഫ്ലിഹ് വ്യക്തമാക്കി.
വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നതിന് പുറമെ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ശിപാര്‍ശ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃത്യവിലോപം കാട്ടുന്ന സ്ഥാപനങ്ങള്‍ താരതമ്യേന കുറവാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സകാത്ത് നല്‍കാന്‍ വിസമ്മതിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് സകാത്ത് വകുപ്പിന്‍െറ കൈവശമുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വകുപ്പ് തന്നെ സകാത്ത്വിഹിതം നിശ്ചയിക്കുമെന്നും അദ്ദേഹം വിശദമാക്കി.
രാജ്യത്ത് മൊത്തം രജിസ്റ്റര്‍ ചെയ്ത സകാത്ത് ദായക സ്ഥാപനങ്ങളുടെ എണ്ണം അഞ്ച് ലക്ഷമാണ്. പൂര്‍ണ സൗദി മൂലധന നിക്ഷേപമുള്ളവ, ഭാഗിക സൗദി മൂലധനനിക്ഷേപമുള്ളവ, പൂര്‍ണ വിദേശ മൂലധന നിക്ഷേപമുള്ളവ എന്നിങ്ങനെ മൂന്ന് തരത്തിലാണ് സ്ഥാപനങ്ങള്‍. സകാത്ത് ദായകരില്‍ വലിയ പങ്കും സൗദി മൂലധനനിക്ഷേപ സ്ഥാപനങ്ങളാണ്. സ്വദേശ- വിദേശപങ്കാളിത്തമുള്ള സ്ഥാപനങ്ങള്‍ സ്വദേശ പങ്കാളിത്തത്തിന്‍െറ തോതനുസരിച്ചാണ് സകാത്ത് നല്‍കേണ്ടത്. ഗള്‍ഫ് നാടുകളിലെ നിക്ഷേപകരും സ്വദേശികളുടേതിന് തുല്യമായ സകാത്ത് വിഹിതം തന്നെയാണ് നല്‍കേണ്ടത്.
എന്നാല്‍ ഭാഗികമോ പൂര്‍ണമോ ആയ വിദേശ മൂലധനനിക്ഷേപമുള്ള സ്ഥാപനങ്ങള്‍ വിദേശ നിക്ഷേപത്തിന്‍െറ തോതനുസരിച്ച നികുതിയാണ് വര്‍ഷാന്ത്യം സര്‍ക്കാറിന് നല്‍കേണ്ടത്. അഥവാ വിദേശി നിക്ഷേപകര്‍ സകാത്തിന് പകരം നികുതിയാണ് സര്‍ക്കാരില്‍ അടക്കേണ്ടതെന്നും വകുപ്പ് മേധാവി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus