റിയാദ്: നഗരത്തിലെ ബംഗ്ളാദേശി സമൂഹത്തില്‍ സമീപകാലത്ത് ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ വര്‍ധിച്ചിരിക്കെ ബത്ഹയില്‍ തിങ്കളാഴ്ച ബംഗ്ളാദേശി യുവാവ് കുത്തേറ്റു മരിച്ചു.
പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ ഒരു കൂട്ടം ബംഗ്ളാ യുവാക്കള്‍ ചേര്‍ന്ന് ബത്ഹയിലെ സ്വകാര്യ ഹോസ്പിറ്റലിന്‍െറ ഗ്രൗണ്ട് ഫ്ളോറിലെത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റെന്ന് പറഞ്ഞാണ് യുവാക്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതത്രെ. ഉടന്‍ പരിശോധന നടത്തിയ ഡോക്ടര്‍ കുറച്ചുമുമ്പ് മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. അപ്പോഴേക്കും കൊണ്ടുവന്ന ആളുകള്‍ ഓടിമറഞ്ഞിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും മൃതദേഹം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ഇല്ല. എന്നാല്‍ രാത്രിയില്‍ തന്നെ സംഭവത്തിനുത്തരവാദികളായവരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
ബംഗ്ളാ സമൂഹത്തിനിടയില്‍ സംഘര്‍ഷങ്ങള്‍ വ്യാപകമാവുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജാഗ്രതയിലായ പൊലീസ് ഈ സംഭവം ഗൗരവത്തിലെടുത്തിരിക്കുകയാണ്. ഫോറന്‍സിക് വിഭാഗമുള്‍പ്പടെ എത്തിയാണ് മൃതദേഹം കൊണ്ടുപോയതും ഇന്‍ക്വസ്റ്റ് തയാറാക്കിയതും. ബംഗ്ളാദേശി തൊഴിലാളികള്‍ ഇടതിങ്ങി പാര്‍ക്കുന്ന ഹാരയില്‍ ജൂലൈ ആദ്യ ആഴ്ചയില്‍ ചേരിതിരിഞ്ഞുള്ള അക്രമസംഭവങ്ങളുണ്ടായ ശേഷം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ബംഗ്ളാദേശിലെ സില്‍ഹട്ട്, ബ്രഹ്മാമ്പരിയ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ചേരി തിരിഞ്ഞ് നടത്തിയ രൂക്ഷ ഏറ്റുമുട്ടലില്‍ ആറുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. അതിനുശേഷം ബംഗ്ളാദേശ് അംബാസഡര്‍ തന്നെ രംഗത്തെത്തുകയും സംഭവത്തിനുത്തവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സൗദി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നിരവധി അറസ്റ്റുകളുണ്ടായി. തിങ്കളാഴ്ചയുണ്ടായ സംഭവത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍