Wed, 08/15/2012 - 00:14 ( 40 weeks 4 daysago)
അപകീര്‍ത്തി സന്ദേശം: പീറ്റേഴ്സണ്‍ പുറത്ത്
(+)(-) Font Size
അപകീര്‍ത്തി സന്ദേശം: പീറ്റേഴ്സണ്‍ പുറത്ത്
‘ഇംഗ്ളീഷ് ’ വാര്‍ത്തകള്‍ നിറഞ്ഞ് ടെക്സ്റ്റും ടെസ്റ്റും

ലണ്ടന്‍: ഈ വര്‍ഷം ഏറ്റവുമധികം വാര്‍ത്തകളില്‍ ഇടംപിടിച്ച ക്രിക്കറ്റ് താരം ഇംഗ്ളണ്ടിന്‍െറ ബാറ്റ്സ്മാന്‍ കെവിന്‍ പീറ്റേഴ്സണാവാനാണ് സാധ്യത. മേയ് അവസാനം നടത്തിയ പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം കെ.പി വിവാദങ്ങളിലൂടെ സജീവമാണ്. അതെത്തിനില്‍ക്കുന്നതാവട്ടെ അദ്ദേഹത്തിന്‍െറ കരിയറിനുതന്നെ അന്ത്യമായേക്കാവുന്ന നിര്‍ണായക ഘട്ടത്തില്‍. വ്യാഴാഴ്ച തുടങ്ങുന്ന ഇംഗ്ളണ്ട്-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനുള്ള ടീമില്‍നിന്ന് പീറ്റേഴ്സണെ പുറത്താക്കിയിട്ടുണ്ട്.
ഈ മാസം രണ്ടു മുതല്‍ ആറു വരെ ഹെഡിങ്ലിയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പീറ്റേഴ്സണ്‍ ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രോസിനെയും കോച്ച് ആന്‍ഡി ഫ്ളവറിനെയും കുറിച്ച് എതിര്‍ ടീമിലെ താരങ്ങള്‍ക്ക് അപകീര്‍ത്തിപരമായ സന്ദേശമയച്ചതായി പത്രവാര്‍ത്തവന്നു. എബി ഡീ വില്ലിയേഴ്സ്, ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയവര്‍ക്കായിരുന്നു സന്ദേശം. ഇത് സമ്മതിക്കാനോ നിഷേധിക്കാനോ പീറ്റേഴ്സണ്‍ തയാറായിട്ടില്ല. എന്തായിരുന്നു സന്ദേശത്തിന്‍െറ ഉള്ളടക്കമെന്ന് വെളിപ്പെടുത്താന്‍ ഇംഗ്ളണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) അധികൃതര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അതല്ലെങ്കില്‍ നിരുപാധികം മാപ്പുപറയാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇക്കാര്യങ്ങളൊന്നും കെ.പി ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഇംഗ്ളീഷ് മാനേജ്മെന്‍റ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായാണ് ടീമില്‍നിന്ന് മാറ്റിയിരിക്കുന്നത്.
ഡ്രസിങ് റൂമിലെ പെരുമാറ്റങ്ങള്‍ അസഹനീയമാണെന്നും ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നതായും ഹെഡിങ്ലി മത്സരം സമാപിച്ചയുടനെ പീറ്റേഴ്സണ്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. ലോര്‍ഡ്സ് ടെസ്റ്റ് തന്‍െറ കരിയറിലെ അവസാന മത്സരമാവുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, രണ്ടുദിവസം മുമ്പ് യൂ ടൂബില്‍ പോസ്റ്റ്ചെയ്ത വീഡിയോയില്‍, ഉപാധികളില്ലാത്ത ക്രിക്കറ്റിന്‍െറ എല്ലാ ഫോര്‍മാറ്റിലും താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി കെ.പി വ്യക്തമാക്കി. ഡ്രസിങ് റൂം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹതാരങ്ങളുമായി സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പീറ്റേഴ്സണിന്‍െറ പ്രവൃത്തികള്‍ ക്രിക്കറ്റ് ബോര്‍ഡിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകീര്‍ത്തിപരമായ സന്ദേശമൊന്നും അയച്ചില്ലെന്ന് ഉറപ്പുനല്‍കാന്‍ അദ്ദേഹത്തിന് അനുവദിച്ച സമയം കഴിഞ്ഞതിനെത്തുടര്‍ന്നാണ് ലോര്‍ഡ്സ് ടെസ്റ്റിനുള്ള ടീമില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത് -ഇംഗ്ളണ്ട് ക്രിക്കറ്റ് മാനേജിങ് ഡയറക്ടര്‍ ഹ്യൂഗ് മോറിസ് അറിയിച്ചു. കെ.പിക്കെതിരെ സഹതാരങ്ങളും മുന്‍ താരങ്ങളുമെല്ലാം രൂക്ഷ വിമര്‍ശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹമില്ലെങ്കിലും ടീമിന് ജയിക്കാന്‍ ശേഷിയുണ്ടെന്ന് ഇംഗ്ളീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍ പറഞ്ഞു. ഡ്രസിങ് റൂമിനെപ്പറ്റി പീറ്റേഴ്സണ്‍ നടത്തിയ പരാമര്‍ശം തന്നെ ഞെട്ടിച്ചു. ഒരാളല്ല ടീമിനെ മുന്നോട്ടുനയിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്ന് കെ.പി വിരമിച്ചശേഷം ഇംഗ്ളണ്ട് ഒരു കളിയില്‍പോലും തോറ്റിട്ടില്ലെന്ന് സ്വാന്‍ ഓര്‍മിപ്പിച്ചു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് ടെക്സ്റ്റ് മെസേജ് അയച്ചതിലൂടെ പീറ്റേഴ്സണ്‍ ചെയ്തിരിക്കുന്നത് -മുന്‍ ഓപണറും കോളമിസ്റ്റുമായ ജെഫ്രി ബോയ്കോട്ട് അഭിപ്രായപ്പെട്ടു.
മേയ് 31നാണ് ഏകദിന, ട്വന്‍റി20 ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി പീറ്റേഴ്സണിന്‍െറ പ്രഖ്യാപനം വന്നത്. ട്വന്‍റി20യില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കിലും ഏകദിനത്തോട് വിടപറയുന്നയാള്‍ക്ക് അതിന് കഴിയില്ലെന്ന കരാര്‍ വ്യവസ്ഥയാണ് തനിക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന,് ആഭ്യന്തര ക്രിക്കറ്റില്‍ ഇരട്ട ശതകം നേടിയ കെ.പി ഏകദിനത്തിലും ട്വന്‍റിയിലും വീണ്ടും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, ക്രിക്കറ്റ് ബോര്‍ഡിന്‍െറ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. അടുത്ത വര്‍ഷത്തെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍നിന്ന് മാറി ഇതേ സമയം നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുവദിക്കുമെന്ന വ്യവസ്ഥയോടെയാണ് അദ്ദേഹം തിരിച്ചുവരുന്നതെന്ന് ഇതിനിടെ വാര്‍ത്തകള്‍ വന്നു. എന്നാല്‍, ട്വന്‍റി20 ലോകകപ്പിനുള്ള സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ പീറ്റേഴ്സണിന്‍െറ പേരില്ലായിരുന്നു. ടീം പ്രഖ്യാപനത്തില്‍ അദ്ദേഹത്തെ പരിഗണിക്കുമെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. പുതിയ വിവാദത്തോടെ ഇത് അനിശ്ചിതത്വത്തിലായിട്ടുണ്ട്.
സമനിലയിലായ ഹെഡിങ്ലി ടെസ്റ്റില്‍ 149 നേടി ഉജ്ജ്വല ബാറ്റിങ് കാഴ്ചവെച്ചിരുന്നു ഈ ഓപണര്‍. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക നേടിയതിനാല്‍ ലോര്‍ഡ്സിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇംഗ്ളണ്ടിന് വിജയം അനിവാര്യമാണ്. തോറ്റാല്‍ ടീമിന്‍െറ ഒന്നാം റാങ്ക് നഷ്ടമാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus