12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

ഒളിമ്പിക്സ് ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

ഒളിമ്പിക്സ് ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

എക്കാലത്തെയും മികച്ച മെഡല്‍ കൊയ്ത്തുമായാണ് ഇന്ത്യയുടെ ഒളിമ്പിക്സ് സംഘം ലണ്ടനില്‍നിന്ന് മടങ്ങുന്നത്. 13 കായിക ഇനങ്ങളിലായി 83 താരങ്ങള്‍ പങ്കെടുത്തു. ആദ്യമായാണ് ഇത്രയേറെ പേര്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നത്. ഇത്രയേറെ എണ്ണം മെഡലുകള്‍ ഇന്ത്യ നേടുന്നതും ആദ്യമായിട്ടുതന്നെ- രണ്ട് വെള്ളിയും നാലു വെങ്കലവും. ഷൂട്ടിങ്ങില്‍ ഗഗന്‍ നാരംഗ്, വിജയ് കുമാര്‍ എന്നിവരും ഗുസ്തിയില്‍ സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത് എന്നിവരും വനിതാ ബോക്സിങ്ങില്‍ എം.സി. മേരികോമും ബാഡ്മിന്‍റണില്‍ സൈനാ നെഹ്വാളും നേടിയ മെഡലുകള്‍ നാടിന്‍െറ അഭിമാനമുയര്‍ത്തി. സുശീല്‍ കുമാറും വിജയ് കുമാറുമാണ് വെള്ളിമെഡലുകാര്‍. ഇവര്‍ക്കുപുറമെ മെഡലിന്‍െറ അടുത്തെത്തിയില്ലെങ്കിലും കെ.ടി. ഇര്‍ഫാനും (നടത്തത്തില്‍ പത്താംസ്ഥാനം) ടിന്‍റു ലൂക്കയും (800 മീറ്ററില്‍ രണ്ടാംസെമിയില്‍ ആറാംസ്ഥാനം) നമ്മുടെ വീര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തരം നേട്ടങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക്സ് കമ്മിറ്റിക്കും താരങ്ങള്‍ക്കുമെന്നപോലെ രാജ്യത്തിനും കീര്‍ത്തി നേടിത്തരുന്നു. അതേസമയം, കൂടുതല്‍ മികച്ച പ്രകടനത്തിനുവേണ്ട യാഥാര്‍ഥ്യബോധം ആവശ്യപ്പെടുന്നത് നമ്മുടെ വീഴ്ചകള്‍ കാണാതിരുന്നുകൂടാ എന്നതാണ്. ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുകയും ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുകയും ചെയ്തെങ്കിലും ബെയ്ജിങ് ഒളിമ്പിക്സിലെ സ്വര്‍ണം ഇക്കുറി നഷ്ടമായി. പങ്കെടുത്ത 204 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യക്ക് കിട്ടിയത് 55ാം സ്ഥാനമാണ്. കഴിഞ്ഞ തവണ 50ാം സ്ഥാനമുണ്ടായിരുന്നു. ഇത്തവണ ഒരു സ്വര്‍ണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ 40ാം സ്ഥാനത്തിന് മുകളിലെത്തിയേനെ. ഒരു ലക്ഷം ജനസംഖ്യയുള്ള ഗ്രനഡ ഒരു സ്വര്‍ണം നേടിയപ്പോള്‍ 120 കോടി ജനങ്ങളുള്ള ഇന്ത്യക്ക് ഉണ്ടായിരുന്നതും നഷ്ടപ്പെട്ടു.
ഇതിലും വലിയ നാണക്കേട് ഹോക്കിയിലേതാണ്. ഒരുകാലത്ത് ലോകജേതാക്കളായിരുന്ന നാം ഈ ഒളിമ്പിക്സില്‍ ഏറ്റവും പിന്നിലായി. തീരെ ശക്തരല്ലാത്ത ചെറുകിട ടീമുകളോടുപോലും തോറ്റു. കായികരംഗത്തെ കേവലമായ അപചയം മാത്രമല്ല ഇത്. ജനകീയ കായികവിനോദങ്ങളെ അവഗണിച്ചതിന്‍െറ തെളിവുകൂടിയാണ്. നാം ഇക്കുറി പങ്കെടുത്ത ഇനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. ഹോക്കി ഒഴിവാക്കിയാല്‍ ബാക്കിയെല്ലാം വ്യക്തിഗത മത്സരങ്ങളാണ്-ടെന്നിസിലും ടേബ്ള്‍ടെന്നിസിലും ബാഡ്മിന്‍റണിലും ഡബ്ള്‍സിനുകൂടി വകയുണ്ടെന്നു മാത്രം. ടീം ഇനമായ ഹോക്കിയില്‍ നാം പൂജ്യമായി; ഫുട്ബാളില്‍ അത്രപോലുമായില്ല. മാത്രമല്ല, മെഡല്‍ നേടിയ ഇനങ്ങളില്‍ ബാഡ്മിന്‍റണ്‍ ഒഴിച്ചുള്ളതെല്ലാം (ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്) ആയോധന വിനോദങ്ങളാണെന്നത് നമ്മുടെ ദേശീയ അഭിരുചിയിലെ മാറ്റമാവാം സൂചിപ്പിക്കുന്നത്. ജനകീയ കായിക ഇനങ്ങളാണ് നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നത് എന്നത് ഗൗരവമായി കാണണം. ലോകത്തെ ഏറ്റവും വലിയ യുവശക്തിയാണ് ഇന്ത്യ; പക്ഷേ, ഒളിമ്പിക്സില്‍ അത് ഒട്ടും പ്രതിഫലിക്കുന്നില്ല. ഇതിനുവേണ്ടത് വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള വിപുലമായ സംഘാടനവും പരിശീലനവുമാണ്. ലണ്ടന്‍ മാമാങ്കം ഇന്ത്യക്ക് സമ്മാനിച്ച മറ്റൊരു റെക്കോഡ്, അത് ഇതുവരെയുള്ളതില്‍ ഏറ്റവും ചെലവേറിയതായി എന്നതത്രെ. 300 കോടിയിലേറെ രൂപ നാം ചെലവിട്ടു. കാമ്പസുകളിലും മറ്റും കായിക മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത്ര അധിക ചെലവ് ഏതായാലും വേണ്ടിവരില്ല. കായികമേഖലയെ സാധാരണ ജനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് ആവശ്യമായിരിക്കുന്നു.
ലണ്ടനിലെ നേട്ടങ്ങള്‍ അതിന് പ്രചോദനമാകട്ടെ. സംഘാടനത്തിന്‍െറ മികവുകൊണ്ട് ലണ്ടന്‍ ഒളിമ്പിക്സ് പേരെടുത്തുകഴിഞ്ഞു. ഈ ഒളിമ്പിക്സോടെ എല്ലാ ഇനങ്ങളിലും വനിതകള്‍ക്ക് പ്രാതിനിധ്യമായി; അതേപോലെ എല്ലാ രാജ്യങ്ങളില്‍നിന്നും വനിതകള്‍ പങ്കെടുത്ത ആദ്യ ഒളിമ്പിക്സുമായി ഇത്. 22 മെഡലുകളുമായി യു.എസിന്‍െറ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് മറ്റാര്‍ക്കും എളുപ്പത്തില്‍ തകര്‍ക്കാനാവാത്ത വ്യക്തിഗത റെക്കോഡ് സ്ഥാപിച്ചു. തുടര്‍ച്ചയായ ഒളിമ്പിക്സ് മാമാങ്കങ്ങളില്‍ മൂന്നു സ്പ്രിന്‍റ് ഇനങ്ങളിലും സ്വര്‍ണം കുത്തകയാക്കിയ ഉസൈന്‍ ബോള്‍ട്ട് എന്ന വേഗരാജാവാണ് ലണ്ടനിലെ മറ്റൊരു സൂപ്പര്‍താരം. 204 രാജ്യങ്ങളില്‍നിന്ന് 10,500ഉം , ഒളിമ്പിക്സ് കൊടിക്കുകീഴില്‍ സ്വതന്ത്ര മത്സരാര്‍ഥികളായി മൂന്നു ഡച്ചുകാരും ഒരു ദക്ഷിണ സുഡാനിയുമാണ് പങ്കെടുത്ത അത്ലറ്റുകള്‍. ചെലവിനങ്ങളുടെ വലിയ പങ്ക് സ്വകാര്യ കോര്‍പറേറ്റ് കുത്തകകളിലൂടെ കണ്ടെത്തിയതുവഴി സ്പോര്‍ട്സിന്‍െറ മുതലാളിത്തവത്കരണത്തിലേക്ക് കൂടുതല്‍ വേഗം, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ബലത്തില്‍ ലോകത്തെ എത്തിച്ചുവെന്ന വിമര്‍ശവും ലണ്ടന്‍ മാമാങ്കത്തെപ്പറ്റി ഉയര്‍ന്നുകഴിഞ്ഞു. കായികരംഗം സാമാന്യ ജനങ്ങളിലേക്ക് തിരിച്ചെത്തിക്കാനുള്ള ഒരു പ്രസ്ഥാനത്തിന് ഇടമുണ്ടെന്ന സന്ദേശംകൂടി ഈ ഒളിമ്പിക്സ് നല്‍കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com