വിഭാഗീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കില്ല: പ്രധാനമന്ത്രി

മനാമ: ഭരണ ഘടന അനുശാസിക്കുന്നതിന് വിരുദ്ധമായി വിഭാഗീയ രൂപത്തിലുള്ള സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയില്ലെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ അവസാനത്തിലേക്ക് നീങ്ങുകയും ഈദുല്‍ ഫിത്വ്ര്‍ അടുത്തുവരികയും ചെയ്ത സാഹചര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും ബഹ്റൈന്‍ ജനതക്കും അദ്ദേഹം പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. നോമ്പിന്‍െറ ചൈതന്യം അറബ് ഇസ്ലാമിക സമൂഹത്തിന് നന്‍മയും അനുഗ്രഹങ്ങളും വര്‍ഷിക്കാന്‍ ഇടയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇസ്ലാമിന്‍െറ അധ്യാപനങ്ങള്‍ക്കനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും രാജ്യത്തിന്‍െറ മൂല്യ സങ്കല്‍പം കാത്തുസൂക്ഷിക്കാനും കഴിയണമെന്ന് അദ്ദേഹം ഉണര്‍ത്തി. സിറിയന്‍ അഭയാര്‍ഥികള്‍ക്കാവശ്യമായ സഹായം എത്തിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടികളെടുക്കാന്‍ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷനെ മന്ത്രിസഭ ചുമതലപ്പെടുത്തി. രണ്ട് മില്യന്‍ ഡോളര്‍ സഹായം നല്‍കാനാണ് തീരുമാനം.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഹൗസിംഗ് പ്രോജക്ടുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ പാര്‍പ്പിട കാര്യ മന്ത്രി അവതരിപ്പിച്ചു.60 മില്യന്‍ ദിനാറാണ് പൊതുബജറ്റില്‍ നിന്ന് ഇതേവരെയായി ഹൗസിംഗ് ലോണുകള്‍ക്കായി ചെലവഴിച്ചത്. 50 മില്യന്‍ ദിനാറായിരുന്നു ഇതിനായി നീക്കിവെച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 4500 സ്വദേശികള്‍ക്ക് ഇതിന്‍െറ പ്രയോജനമുണ്ടായിട്ടുണ്ട്. 60 മില്യന്‍ ദിനാറിന്‍െറ 38 പ്രോജക്റ്റുകള്‍ക്ക് ടെണ്ടറിംഗ് നടന്നിട്ടുണ്ട്. പാര്‍പ്പിട പദ്ധതികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരും കണ്‍സള്‍ട്ടിംഗ് ഏജന്‍സികളും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമൊരുക്കണമെന്നാണ് സര്‍ക്കാരിന്‍െറ ആഗ്രഹം.
ട്രെയിലറുകള്‍, പബ്ളിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ അവക്കായി നിജപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നതിനും ഈ ഉദ്ദേശ്യാര്‍ഥം ആവശ്യമായ സ്ഥലം നിര്‍ണയിക്കുന്നതിനും മുനിസിപ്പാലിറ്റികള്‍ ട്രാഫിക് വിഭാഗവുമായി സഹകരിച്ച് നടപടി കൈക്കൊള്ളണമെന്ന് മന്ത്രിസഭ നിര്‍ദേശിച്ചു. ചെറിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങളില്‍ വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും മറ്റും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വിഭാഗീയത സൃഷ്ടിച്ചുകൊണ്ട് സംഘടനകള്‍ രൂപവത്കരിക്കാന്‍ പാടില്ലെന്നും അത്തരം സംഘടനകള്‍ പിരിച്ചുവിടുന്നതിനടക്കമുള്ള നടപടികള്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് സ്വീകരിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു. സംഘടനകളില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18ഉം ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന് 21 വയസുമായി നിജപ്പെടുത്താനും തീരുമാനിച്ചു. ജനാധിപത്യത്തിന്‍െറയും സ്വാതന്ത്ര്യത്തിന്‍െറയും പരിധിയില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ പൊതുജനങ്ങളെക്കൂടി പങ്കാളിയാക്കുന്നതിന്‍റ ഭാഗമാണിത്്.
സിവില്‍ ഏവിയേഷന്‍ സുരക്ഷാ രംഗത്ത് സഹകരണം മെച്ചപ്പെടുത്തന്‍ ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍െറ കേന്ദ്രമായി ബഹ്റൈനെ അംഗീകരിക്കാനുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ പാര്‍ലമെന്‍റില്‍ നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. മുഹറഖിലെ ഉമറുബ്നുല്‍ ഖത്താബ് സ്കൂള്‍ പുതുക്കിപ്പണിയുന്നതിനുള്ള പാര്‍ലമെന്‍റ് നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus