സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദിയുടെ മെഡിക്കല്‍ സഹായംPublished on Mon, 08/13/2012 - 11:19 ( 40 weeks 26 min ago)
റിയാദ്: ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായി ജോര്‍ഡനിലെത്തിയ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ചികില്‍സാ സൗകര്യങ്ങളൊരുക്കാന്‍ സൗദി ആഭ്യന്തര മന്ത്രി അമീര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദേശം നല്‍കി. ഇതിന്‍െറ ഭാഗമായി ജോര്‍ഡനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഹോസ്പിറ്റല്‍, മൊബൈല്‍ ക്ളിനിക്കുകള്‍, ചികില്‍സ ഉപകരണങ്ങള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍ എന്നിവയും മെഡിക്കല്‍- പാരാമെഡിക്കല്‍ സ്റ്റാഫിനെയും സജ്ജീകരിക്കാനാണ് നിര്‍ദേശം. ചികില്‍സാ പദ്ധതിയിലേക്ക് മൊത്തം 21 ദശലക്ഷം റിയാലാണ് വകയിരുത്തിയിട്ടുള്ളത്. അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ കാമ്പയിന്‍െറ ഭാഗമായാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സാ സൗകര്യങ്ങളൊരുക്കുമെന്ന് ദേശീയ കാമ്പയിന്‍ അധ്യക്ഷന്‍ ഡോ. സാഇദ് അല്‍ ഉറാബി വ്യക്തമാക്കി. സൗദി പ്രഖ്യാപിച്ച ചികില്‍സാപദ്ധതി ഈ രംഗത്ത് പരിചയസമ്പന്നരായ അന്തര്‍ദേശീയ എന്‍.ജി.ഒ കളുടെ സഹകരണത്തോടു കൂടിയാകും പൂര്‍ത്തിയാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അബ്ദുല്ല രാജാവ് നേരത്തെ പ്രഖ്യാപിച്ച ധനശേഖരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പണമായും ഇതര വസ്തുക്കളായും ഫണ്ട് സമാഹരണം തുടര്‍ന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹം അറിയിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍