May 20 Mon 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

തേയില വില ഉയര്‍ന്നു; വെളിച്ചെണ്ണക്ക് കുറഞ്ഞു

തേയില വില ഉയര്‍ന്നു; വെളിച്ചെണ്ണക്ക് കുറഞ്ഞു
വിപണി പോയവാരം

കൊച്ചി: പൊന്നിന്റെയും കറുത്ത പൊന്നിന്റെയും വില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നു. അനിശ്ചിതത്വം തുടരുന്ന വെളിച്ചെണ്ണ വിപണിയില്‍ വില വീണ്ടും കുറഞ്ഞപ്പോള്‍ കയറ്റുമതി ഡിമാന്‍ഡില്‍ തേയില വില ഉയര്‍ന്നു.
കുരുമുളക് വിപണിയില്‍ പോയവാരം വില ഏറക്കുറെ സ്ഥിരമായിരുന്നു. ഉയര്‍ന്ന വില മൂലം അന്താരാഷ്ട്രവിപണിയില്‍ ഇന്ത്യന്‍ കുരുമുളക് പുറന്തള്ളപ്പെട്ട അവസ്ഥയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന് 8300 ഡോളറാണ് വില. ഇന്തോനേഷ്യന്‍ കുരുമുളകിന് 6500 ഡോളറും ബ്രസീലിന്റേതിന് 6350 ഡോളറും വിയറ്റ്നാം, ശ്രീലങ്ക കുരുമുളകുകള്‍ക്ക് 6400 ഡോളറുമാണ് വില.
ഊഹക്കച്ചവടക്കാര്‍ വില ഉയര്‍ത്തുമ്പോഴും നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഫോര്‍വാര്‍ഡ് മാര്‍ക്കറ്റ് കമീഷന്‍ നടപടിയെന്നും സ്വീകരിക്കാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. വില ക്രമാതീതമായി ഉയരുമ്പോഴും അതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കുന്നുമില്ല. സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരില്‍ 75 ശതമാനവും ചെറുകിടക്കാരാണ്. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന കുരുമുളക് മുഴുവനായും വിറ്റുകഴിഞ്ഞു. വന്‍കിടക്കാരുടെ പക്കലും കര്‍ണാടകയിലെ കര്‍ഷകരുടെ കൈവശവും മാത്രമാണ് കുരുമുളക് സ്റ്റോക്ക് ഉള്ളത്. ഉയര്‍ന്ന വില മൂലം കുരുമുളകിന്റെ ആഭ്യന്തര ഉപഭോഗം കുറയുകയാണ്. ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകില്‍ 95 ശതമാനവും എക്സ്ചേഞ്ചിലേക്കാണ് പോകുന്നത്. വെളിച്ചെണ്ണ വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. നേരിയ വിലക്കുറവോടെയാണ് പോയവാരവും വ്യാപാരം അവസാനിച്ചത്. ക്വിന്റലിന് 6200 രൂപ എന്ന നിലയില്‍ സ്ഥിരതയോടെ വ്യാപാരം തുടര്‍ന്നെങ്കിലും വാരാന്ത്യത്തില്‍ 50 രൂപ കുറയുകയായിരുന്നു. കൊപ്ര സംഭരണം ഫലപ്രദമായി നടക്കുന്നില്ലെന്ന കര്‍ഷകരുടെ പരാതിക്കിടയില്‍ സംഭരിച്ച കൊപ്ര വില്‍ക്കാനുള്ള നടപടിയുമായി നാഫെഡ് മുന്നോട്ടുപോകുകയാണ്. ഇത് വില്‍പ്പന സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. മറ്റ് ഭക്ഷ്യ എണ്ണകള്‍ക്കൊപ്പം വെളിച്ചെണ്ണയുടെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരിക്കുകയാണ്. കയറ്റുമതി നാമമാത്രമാണെങ്കിലും കയറ്റുമതി നിരോധവും വിപണിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. പാമോയിലിന്റെ വലിയ തോതിലുള്ള ഇറക്കുമതി വെളിച്ചെണ്ണക്ക് വിനയായിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വരവ് നിര്‍ബാധം തുടരുകയാണ്. ദിവസവും ശരാശരി 300 ടണ്‍ വെളിച്ചെണ്ണയാണ് ഈ നിലയില്‍ സംസ്ഥാനത്ത് എത്തുന്നത്. ഉത്സവസീസണായതോടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
റബര്‍ വിലയില്‍ ചെറിയ കുറവുണ്ടായി. 180 രൂപയായിരുന്ന ആര്‍.എസ്.എസ് 4 ന്റെ വില വാരാന്ത്യം 174 രൂപയായാണ് കുറഞ്ഞത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ഡിമാന്‍ഡ് കുറവായതാണ് വില ക്രമേണ താഴേക്ക് പോകാന്‍ ഇടയാക്കുന്നത്. 240 രൂപ വരെ ഉയര്‍ന്ന വിലയാണ് എട്ടുമാസം കൊണ്ട് കുറഞ്ഞ്് ഈ നിലയില്‍ എത്തിയത്. അമേരിക്കന്‍ മാര്‍ക്കറ്റില്‍ പോലും ഡിമാന്‍ഡ് കുറവ് പ്രകടമാണ്.
ചൈനയുടെ റബര്‍ ഉല്‍പ്പാദനം വര്‍ധിച്ചുനില്‍ക്കുകയാണ്. തായ്ലന്‍ഡും ഇന്തോനേഷ്യയും റബര്‍ ഉല്‍പ്പാദനത്തില്‍ മുന്നേറുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലകുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറക്കുമതിയും കാര്യമായുണ്ട്. എന്നാല്‍, ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ അളവില്‍ ഇറക്കുമതി ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂണില്‍ 21189 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തപ്പോള്‍ ജൂലൈയില്‍ ഇറക്കുമതി 17084 ടണ്ണാണ്. ടയര്‍ കമ്പനികള്‍ അടക്കം ഉപഭോക്താക്കളുടെ കൈവശമുള്ള സ്റ്റോക് ജൂണില്‍ 67000 ടണ്‍ ആയിരുന്നത് ജൂലൈയില്‍ 59000 ടണ്ണായും കുറഞ്ഞു. ഈ സാഹചര്യത്തില്‍ റബര്‍ വില വര്‍ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കാലാവസ്ഥയിലെ വ്യതിയാനം മൂലം ആഭ്യന്തര ഉല്‍പ്പാദനം കുറയാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. 155 രൂപക്കുവരെ റബര്‍ ഇറക്കുമതിക്ക് സാധ്യത നിലനില്‍ക്കെ ഇറക്കുമതി കൂടുമെന്ന് തന്നെയാണ് വിലയിരുത്തല്‍. 145 രൂപക്കുവരെ ക്രംബ് റബര്‍ ലഭിക്കാനുള്ള സാഹചര്യവും ഉണ്ട്. സ്വര്‍ണവില പോയവാരവും ഉയരാനുള്ള പ്രവണത സൂചിപ്പിച്ച് റെക്കോഡിനരികെ നില്‍ക്കുകയാണ്. പവന് 22080 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ക്രമേണ ഉയര്‍ന്ന് വില വാരാന്ത്യം 22320 രൂപ എന്ന നിലയില്‍ റെക്കോഡ് വിലയ്ക്ക് അടുത്ത് എത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലാത്തതും വിവാഹ സീസണ്‍ എത്തിയതും വില വീണ്ടും ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.
തേയില വില കൂടി. കയറ്റുമതിക്കാര്‍ വില ഉയര്‍ത്തി വാങ്ങാന്‍ തയാറാകുകയായിരുന്നു. പാകിസ്താന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇലത്തേയിലക്ക് ഡിമാന്‍ഡ് ഉണ്ടായത്. കയറ്റുമതിക്കാര്‍ ഇലത്തേയില കിലോക്ക് മൂന്ന് മുതല്‍ ആറുരൂപ വരെ ഉയര്‍ത്തിയാണ് വാങ്ങിയത്. ആഭ്യന്തര ഡിമാന്‍ഡ് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പൊടിത്തേയില വില മാറ്റമില്ലാതെ തുടരുകയാണ്.

തേയില വില നിലവാരം
ഓര്‍ത്തഡോക്സ് ലീഫ് - 1,21,000 കിലോ
ഹൈഗ്രോണ്‍ ബ്രോക്കണ്‍സ്: 209-221
ഹൈഗ്രോണ്‍ ഫാനിങ്സ് : 167-174
മീഡിയം ബ്രോക്കണ്‍സ്: 93-98
മീഡിയം ഫാനിങ്സ്: 87- 92
സി.ടി.സി ലീഫ് - 91,000 കിലോ
ബെസ്റ്റ് ബ്രോക്കണ്‍: 108-117
ബെസ്റ്റ് ഫാനിങ്സ്: 105-111
മീഡിയം ബ്രോക്കണ്‍സ് : 95-100
മീഡിയം ഫാനിങ്സ്: 91-95
ഓര്‍ത്തഡോക്സ് ഡെസ്റ്റ് - 11,000 കിലോ
മീഡിയം ബ്രോക്കണ്‍ ഡെസ്റ്റ് : ഇല്ല
ഓര്‍ത്തഡോക്സ് മീഡിയം 81-87
മീഡിയം ഫൈന്‍ ഒരു ലോട്ട്
മറ്റിനങ്ങള്‍ ലേലം ചെയ്തില്ല: ഇല്ല
സി.ടി.സി ഡെസ്റ്റ് - 1,23,0000
ബെസ്റ്റ് സൂപ്പര്‍ഫൈന്‍ ഡെസ്റ്റ്: 107- 115
ബെസ്റ്റ് റെഡ് ഡെസ്റ്റ്: 107-112
കടുപ്പം കൂടിയ ഇടത്തരം-95-100
കടുപ്പം കുറഞ്ഞ ഇടത്തരം: 93-98
താണയിനം-83-89


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com