12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

മോഡിക്ക് കിട്ടാത്തത്, നിതീഷിന് വേണ്ടാത്തത്

മോഡിക്ക് കിട്ടാത്തത്,  നിതീഷിന് വേണ്ടാത്തത്

ഒരാഴ്ച മുമ്പാണ് ആര്‍.എസ്.എസിന്‍െറ പഴയ നേതാവ് കെ.എസ്. സുദര്‍ശന്‍ മൈസൂരില്‍ വഴിമറന്ന് പരിക്ഷീണനാവുകയും പൊലീസ് നടന്നുവലഞ്ഞ് അഞ്ചുമണിക്കൂറിന് ശേഷം അവശനിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിതര-ബി.ജെ.പിയിതര പ്രധാനമന്ത്രി സാധ്യമാണെന്ന് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ബോംബു പൊട്ടിച്ചതും അടുത്തിടെയാണ്. ഭരണമികവില്‍ ഗുജറാത്തിനേക്കാള്‍ മുന്നില്‍ ബിഹാറാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് പറഞ്ഞതും കഴിഞ്ഞ ദിവസം തന്നെ. മൂന്നു സംഭവങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ല. പക്ഷേ, അവ ബി.ജെ.പിയിലും സംഘ്പരിവാറിലും ഒട്ടൊക്കെ സമാനമായ പരിഭ്രാന്തിയും അമ്പരപ്പുമാണ് ഉണ്ടാക്കി വെച്ചത്.
സുദര്‍ശനെ കാണാതായാല്‍, തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുള്ളവര്‍ ആരാണെന്ന് വ്യക്തമായ മുന്‍വിധി സംഘ്പരിവാറിനുണ്ട്. അത്തരം ചിന്തകള്‍ സുദര്‍ശനചക്രമാവുന്നതിനു മുമ്പേ പൊലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തതു വഴി എല്ലാവരും നെടുവീര്‍പ്പിട്ടതുകൊണ്ട് സുദര്‍ശന കഥ നില്‍ക്കട്ടെ. പ്രായം 81 കടന്നതിന്‍െറ ഓര്‍മത്തെറ്റും സ്ഥല പരിചയക്കുറവുമൊക്കെയാണ് സുദര്‍ശനെ വെള്ളംകുടിപ്പിച്ചത്. പ്രായത്തില്‍ അദ്വാനി ഒട്ടും പിന്നിലല്ല. പക്ഷേ, അദ്വാനിയുടെ പ്രശ്നം വക്രിച്ച കുശാഗ്രബുദ്ധിയാണെന്ന് നരേന്ദ്രമോഡിക്ക് പ്രാകാതിരിക്കാന്‍ കഴിയില്ല. വയ്യാതായ താനല്ല, മോഡിയുമല്ല അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന മട്ടിലാണ് അദ്ദേഹം പറഞ്ഞൊപ്പിച്ചത്. മോഡിയെ സഖ്യകക്ഷികള്‍ക്കും പാര്‍ട്ടിക്കു തന്നെയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന തിരിച്ചറിവു കൊണ്ടുകൂടിയാണ് വര്‍ഗീയരാഷ്ട്രീയത്തിന്‍െറ പരിചയത്തഴക്കമുള്ള അദ്വാനി അതു പറഞ്ഞത്. അതിലേറെ, പ്രധാന സഖ്യകക്ഷിയായ ജനതാദള്‍-യുവിനെ നയിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനൊരു പ്രോത്സാഹനം കൂടിയാണ് അദ്ദേഹം നല്‍കിയത്.
മോഡിയെ നേതാവാക്കിയാല്‍ എന്‍.ഡി.എ സഖ്യത്തില്‍ താനുണ്ടാവില്ലെന്നാണ് നിതീഷിന്‍െറ കടുത്ത നിലപാട്. ന്യൂനപക്ഷ വോട്ടിന്‍െറ കൂടി ബലത്തില്‍ ബിഹാറില്‍ എട്ടുവര്‍ഷമായി ഭരിക്കുന്ന നിതീഷിന് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകാതെ നോക്കിയേ പറ്റൂ. ബി.ജെ.പിക്കൊപ്പമാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും അവിടെ ബി.ജെ.പിയെ അടക്കിയൊതുക്കിയാണ് നിതീഷ് കൊണ്ടുപോകുന്നത്്. അദ്ദേഹം കൈവിട്ടുകഴിഞ്ഞാല്‍ എന്‍.ഡി.എയുടെ കാര്യം കട്ടപ്പുക. അതുകൊണ്ട് നിതീഷിനെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതാണ് ഇപ്പോള്‍ പ്രധാനം. മുന്നണിയില്‍ ഒന്നാംനമ്പറായ ബി.ജെ.പിക്കാര്‍ ഒതുങ്ങിനിന്ന്, വേണ്ടിവന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം തന്നെ അദ്ദേഹത്തിന് നല്‍കിക്കളയുമെന്ന പ്രലോഭനമാണ് അദ്വാനിയുടെ പ്രസ്താവനയിലെ ഉള്ളടക്കം. മോഡിയെ ഒതുക്കാനും പറ്റും. നിതീഷിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ജനം വോട്ടുചെയ്യുമെങ്കില്‍, സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേരത്ത് വാക്കുമാറ്റാനും വകുപ്പുണ്ട്. വാക്ക് ഇരുമ്പുലക്കയല്ല. നിതീഷിനെ പ്രീണിപ്പിച്ചു നിര്‍ത്തേണ്ടതിന്‍െറ പ്രാധാന്യം ബോധ്യമുള്ളതു കൊണ്ടാണ്, എല്ലാം ഉള്ളിലൊതുക്കി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതും സംസാരിക്കുന്നത് -ഭരണമികവില്‍ മോഡിയേക്കാള്‍ മെച്ചം നിതീഷ് തന്നെ. പൊതുവേ അത്തരത്തിലൊരു കാഴ്ചപ്പാടാണ് ജനങ്ങള്‍ക്കിടയിലുള്ളതെന്നാണ് വിദേശപത്രക്കാരുടെ ക്ളബില്‍ സംസാരിക്കുമ്പോള്‍ ഭഗവത് പറഞ്ഞത്. സംഘടനയെ സംബന്ധിച്ചിടത്തോളം കാപട്യം സ്വദേശത്തേയുള്ളൂ. വിദേശികളോട് സത്യം സത്യമായിട്ടു പറയും.
ഇത്തരം തട്ടിപ്പുകളിലൊന്നും ചെന്നുപെടാന്‍ പക്ഷേ, നിതീഷ്കുമാര്‍ തയാറല്ല. ബി.ജെ.പിയുടെ വീണ്‍വാക്കു കേട്ട് ബിഹാറില്‍ നിന്ന് ദേശീയത്തിലേക്ക് കാലുപറിച്ചാല്‍ ലാലുവിന് പറ്റിയതാണ് തനിക്കും വരുകയെന്ന് നിതീഷിനു ബോധ്യമുണ്ട്. കക്ഷത്തിലിരിക്കുന്നതു പോകും. ഉത്തരത്തിലിരിക്കുന്നതു കിട്ടുകയുമില്ല. അഥവാ കിട്ടിയാല്‍, തന്നെ കസേരയിലിരുത്തി ബി.ജെ.പി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമെന്നും താന്‍ വെടക്കാകാന്‍ സാധ്യത ഏറെയാണെന്നും നിതീഷിനറിയാം. അതുകൊണ്ട്, ബിഹാര്‍ മുഖ്യമന്ത്രി കാര്യം വെട്ടിത്തുറന്നു പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താനില്ല; മോഡിയും വേഷം കെട്ടേണ്ട. സഖ്യകക്ഷി ഭരണമാവുമ്പോള്‍, ഏറ്റവും വലിയ കക്ഷിയില്‍ നിന്നൊരാളാണ് പ്രധാനമന്ത്രിയാകേണ്ടത്. അതിനു പറ്റിയ ആളെ അവരാണ് നിശ്ചയിക്കേണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ആളെ പറഞ്ഞാല്‍ സഖ്യകക്ഷികള്‍ക്കും ജനങ്ങള്‍ക്കും ആശയക്കുഴപ്പമുണ്ടാവില്ല. പണ്ട് വാജ്പേയിയെ മുന്നില്‍നിര്‍ത്തിയാണ് എന്‍.ഡി.എ ഇറങ്ങിയത്. അതേ രീതിയാണ് 2014ലും വേണ്ടതെന്ന് നിതീഷ് കൂട്ടിച്ചേര്‍ക്കുന്നു.
ഇര കൊളുത്തിയ ചൂണ്ടയില്‍ കൊത്താതെ നിതീഷ്കുമാര്‍ തെന്നിമാറുമ്പോള്‍ ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍െറയും പ്രതിസന്ധിക്ക് കൂടുതല്‍ കനം വെക്കുകയാണ്. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ആര്‍ക്കും വേണ്ട. നിതീഷ്കുമാര്‍ ഉയര്‍ത്തിയ എതിര്‍പ്പിനൊടുവില്‍, മോഡിയല്ല നേതാവെന്ന് ബി.ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരി വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. ചുറ്റുപാടുകള്‍ വെച്ചുനോക്കിയാല്‍, പാര്‍ട്ടിയില്‍ നല്ല പങ്കിനും എന്‍.ഡി.എക്കും വേണ്ടാത്ത മോഡി ഭാവിയിലും ഗുജറാത്തില്‍നിന്ന് രക്ഷപ്പെടില്ല. അവിടെ മുന്‍മുഖ്യമന്ത്രി കേശുഭായ് പുതിയ പാര്‍ട്ടിയുണ്ടാക്കി ഉയര്‍ത്തുന്ന പുതിയ ഭീഷണികളെക്കൂടി മോഡിക്ക് നേരിടുകയും വേണം. പ്രമുഖ സഖ്യകക്ഷിയുടെ നേതാവും ഒഴിഞ്ഞു നില്‍ക്കുന്നു. പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ, ഏറിയാല്‍ നടക്കാന്‍ പ്രയാസമുള്ളതു സംഭവിക്കുകയോ ചെയ്യട്ടെ. ആരാണ് എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി? മുരളീമനോഹര്‍ ജോഷി? സുഷമ സ്വരാജ്? അരുണ്‍ ജെയ്റ്റ്ലി? ഗഡ്കരി? യശ്വന്ത്സിന്‍ഹ?
ആരു കരപറ്റാന്‍ ശ്രമിച്ചാലും മറ്റുള്ളവര്‍ ചേര്‍ന്ന് വലിച്ചു താഴെയിടുന്ന ഞണ്ടുകൂടിയാണ് ഇന്നത്തെ ബി.ജെ.പി. ദിശാബോധം നഷ്ടപ്പെട്ടുപോയ പാര്‍ട്ടിയില്‍ ഇളമുറക്കാരുടെ പരസ്പരം പാരവെപ്പുകളാണ് വര്‍ഷങ്ങളായി നടന്നുവരുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പേരിനൊരു സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കാന്‍ ഇല്ലാതെ പി.എ. സാങ്മയില്‍ അഭയം തേടുകയാണ് ബി.ജെ.പി ചെയ്തത്. ഇത്തരമൊരു ദയനീയ ദുരന്തത്തിനിടയില്‍ ഇനി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കൂടി ബി.ജെ.പി മുന്നോട്ടുവെക്കണം. പാര്‍ട്ടിയില്‍ സമവായമുണ്ടാക്കിയിട്ടുവേണം മുന്നണിയില്‍ സമവായത്തിന് ശ്രമിക്കാന്‍. ഒറ്റ എം.എല്‍.എ പോലുമില്ലാത്ത കേരളത്തിലെ ബി.ജെ.പിയില്‍ രൂക്ഷമായ തര്‍ക്കം തീര്‍ക്കാന്‍ നേതാക്കള്‍ ദല്‍ഹിക്ക് പായുകയാണെങ്കില്‍, ദല്‍ഹിയിലുള്ളവര്‍ പരസ്പരതര്‍ക്കം തീര്‍ക്കാന്‍ എങ്ങോട്ട് ഓടണം? കോണ്‍ഗ്രസിതര-ബി.ജെ.പിയിതര പ്രധാനമന്ത്രിക്കാണ് സാധ്യതയെന്ന് ലക്ഷണം പറഞ്ഞ് ഇളമുറക്കാരെ പുച്ഛിക്കുന്ന അദ്വാനിയുടെ അടുത്തേക്കോ? ആര്‍.എസ്.എസ് നിയോഗിച്ചതു കൊണ്ടുമാത്രം നേതാവായി അംഗീകരിക്കുന്ന ഗഡ്കരിയുടെ അടുത്തേക്കോ? ഒരു റോളുമില്ലാതെ ഓര്‍മമറയുന്ന വാജ്പേയി മുതല്‍ സംഘബലം ചോര്‍ന്ന ആര്‍.എസ്.എസിന്‍െറ തലപ്പത്തുള്ള മോഹന്‍ഭഗവത് വരെ, പരിഹാരം നിര്‍ദേശിക്കാനോ അടിച്ചേല്‍പിക്കാനോ ഒരു പ്രമാണിയില്ലാത്ത കളരിയാണ് ഇന്നത്തെ ബി.ജെ.പി. പരസ്പരം മുറിച്ചുരിക ഭയന്നു നില്‍ക്കുന്ന നേതാക്കള്‍.
മോഡിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അടുത്ത തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിക്കാരിലെ പ്രമുഖനെ നേതാവാക്കാനും ബി.ജെ.പി തയാറാവുന്നുവെന്നതാണ് പ്രതിസന്ധിയുടെ ആകെത്തുക. നിതീഷ്കുമാര്‍ അകലം പാലിക്കുമ്പോള്‍, അടുത്ത തെരഞ്ഞെടുപ്പിലെ പ്രാദേശിക കക്ഷികളുടെ വര്‍ധിച്ച കരുത്താണ് ഒരിക്കല്‍ക്കൂടി വെളിവാകുന്നത്. അദ്വാനിയുടെ വിലയിരുത്തല്‍ നേരാണ്. വേണമെന്നു വെച്ചാല്‍ കോണ്‍ഗ്രസിതര-ബി.ജെ.പിയിതര പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് സ്കോപ്പുണ്ട്. മൂന്നാംചേരി ഭരിക്കാനുള്ള സാധ്യതയേക്കാള്‍, കോണ്‍ഗ്രസോ ബി.ജെ.പിയോ പുറമെ നിന്ന് പിന്തുണക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കരുത്തരായ പ്രദേശികകക്ഷികളുടെ കൂട്ടായ്മക്ക് കഴിയും. അത്തരം പാര്‍ട്ടികള്‍ക്കിടയില്‍ കൂട്ടായ്മ ഉണ്ടാകുമോ എന്നതു വേറെ കാര്യം. അധികാരമുള്ള കോണ്‍ഗ്രസ് കരുത്തരായ പ്രാദേശിക കക്ഷികളെ വലവീശാനുള്ള സാധ്യതയാണ് കൂടുതല്‍. അതിനിടയില്‍ ബി.ജെ.പിക്ക് ആകെയുള്ള സാധ്യത, സഖ്യകക്ഷികളെ പ്രലോഭിപ്പിച്ച് മുന്നില്‍നിര്‍ത്തുകയും അധികാരത്തിന് പിന്നാലെ പോവുകയുമാണെന്ന പുതിയ ആശയമാണ് മുതിര്‍ന്ന നേതാവ് അദ്വാനി മുന്നോട്ടുവെക്കുന്നത്. അതിനെ ബി.ജെ.പിയുടെ പരമദയനീയ പാപ്പരത്തം എന്ന് മിതമായി പറയാം. അളമുട്ടുമ്പോള്‍ പുതിയ വഴി വെട്ടിത്തുറക്കാനുള്ള അതിബുദ്ധിയായും കാണാം. ‘ഞാനില്ല’ എന്ന് നിതീഷ് പറഞ്ഞതോടെ, പാമ്പു-കോണി കളിയിലെന്നപോലെ ബി.ജെ.പിയും അദ്വാനിയും അതാ, വീണ്ടും തറയില്‍!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com