12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

കസേരതന്നെ ഹസാരെക്കു കൗതുകം

അങ്ങനെ ആരംഭശൂരത്വങ്ങളൊക്കെ വെടിഞ്ഞ്, പൊടിതട്ടി അണ്ണാ ഹസാരെ സംഘം കളംവിട്ടിരിക്കുന്നു. അത്ര സുഖകരമല്ല, ഒഴുക്കിനെതിരായ നീന്തല്‍ എന്ന ബോധ്യംകൊണ്ടാണോ സംഘം യജ്ഞശാലയില്‍നിന്ന് പിന്മാറിയത്? അല്ലെങ്കില്‍ സമ്മര്‍ദങ്ങളെയും പ്രലോഭനങ്ങളെയും മറികടക്കാനുള്ള മനോദാര്‍ഢ്യത്തിന്‍െറ കമ്മി മൂലമോ? രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കണമെന്ന ചിന്തയാണത്രെ ഹസാരെ സംഘത്തിലെ പ്രബല നേതാക്കളെ ഗ്രസിച്ചിരിക്കുന്ന വികാരം. കസേരമോഹം ഇത്ര കലശലായി ഉണ്ടായിരുന്നെങ്കില്‍ ആദ്യമേ ഉള്ളിലിരിപ്പ് മറയില്ലാതെ പുറത്തുവിടുന്നതായിരുന്നു ഭംഗി. സമര നാടകങ്ങളിലൂടെ ജനങ്ങളെ ഇത്രമാത്രം കബളിപ്പിക്കേണ്ടിയിരുന്നില്ല.
യഥാര്‍ഥത്തില്‍ ജനങ്ങളുടെ ധാര്‍മികരോഷത്തെ ഹസാരെസംഘം ചൂഷണം ചെയ്യുകയായിരുന്നു. അഴിമതി, കള്ളപ്പണം എന്നിവക്കെതിരായ ജനവികാരം ഇളക്കിവിട്ട് രാഷ്ട്രീയ തട്ടകം ഒരുക്കുകയായിരുന്നു ഈ സൂത്രശാലികള്‍. ചുളുവില്‍ പ്രതിച്ഛായ സമ്പാദിച്ചുകൊണ്ട് അധികാരക്കസേര തരപ്പെടുത്തുന്ന വിദ്യ.
ശരാശരി രാഷ്ട്രീയക്കാരനേക്കാളും താഴ്ന്ന നിലവാരത്തിലുള്ള മുന്‍കൂര്‍ വോട്ടുപിടിത്തം! കിരണ്‍ ബേദിയും അരവിന്ദ് കെജ്രിവാളും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി ഗോദയിലെത്തുമെന്ന അഭ്യൂഹം കേള്‍ക്കെ ചിരിക്കണോ കരയണോ എന്നറിയാതെ നാം അന്ധാളിച്ചുപോകുന്നു. ഒരുപക്ഷേ, അവര്‍ ജയിച്ചുകയറി മന്ത്രിപദവിയില്‍ വരെ അവരോധിതരായേക്കാം. ജനങ്ങളില്‍നിന്നും യാഥാര്‍ഥ്യങ്ങളില്‍നിന്നും അകലംപാലിച്ച രാഷ്ട്രീയ കുലീന ജീവിതത്തിന്‍െറ മായികതയില്‍ ഭ്രമിച്ച് തുടര്‍ജീവിതം പുലര്‍ത്തിയെന്നുമിരിക്കാം. എന്നാല്‍, ഈ ചെപ്പടിവിദ്യകള്‍ യഥാര്‍ഥ ആക്ടിവിസ്റ്റുകള്‍ക്കും യഥാര്‍ഥ രാഷ്ട്രീയ നേതാക്കള്‍ക്കും ഭൂഷണമാണോ എന്ന് അവര്‍ ഒരു നിമിഷം ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്വാര്‍ഥലക്ഷ്യങ്ങളോ അധികാരാര്‍ത്തിയോ ഇല്ലാതെ സ്വന്തം വഴികളിലൂടെ ജനസേവനരംഗത്ത് നിലയുറപ്പിച്ചവര്‍ വര്‍ത്തമാനകാലഘട്ടത്തിലും ചിലരെങ്കിലും നമ്മുടെ ദേശത്തുണ്ട് എന്നത് സമാശ്വാസകരമാണ്. ഉപവാസ സമരമുറയോ ഗിരിപ്രഭാഷണങ്ങളോ നടത്താതെ അവര്‍ ജനപക്ഷത്ത് നില്‍ക്കുന്നു. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നു. ജനകീയ പ്രശ്നങ്ങള്‍ പഠിക്കുകയും ഗ്രഹിക്കുകയും ചെയ്ത് പരിഹാര പദ്ധതികള്‍ നടപ്പാക്കിക്കാണിക്കുന്നു. ന്യൂദല്‍ഹി ഐ.ഐ.ടിയിലെ ഫിസിക്സ് പ്രഫസര്‍ വി.കെ. ത്രിപാഠി അത്തരമൊരു വ്യക്തിയാണ്. വംശീയ കലാപത്തിന്‍െറ രക്തംചിതറിയ അസമില്‍ കഴിഞ്ഞയാഴ്ച പ്രഫസര്‍ ത്രിപാഠി പര്യടനം നടത്തുകയുണ്ടായി. പര്യടനാനുഭവങ്ങളെ ആധാരമാക്കി അദ്ദേഹം സമഗ്രമായൊരു റിപ്പോര്‍ട്ടും തയാറാക്കി. റിപ്പോര്‍ട്ടിലെ ഏതാനും ഭാഗം ഇവിടെ ഉദ്ധരിക്കാം:
‘അസമിലെ വംശീയ കലാപത്തിന് ബംഗ്ളാദേശ് ആംഗ്ള്‍ നല്‍കുന്നത് നമ്മുടെ ദേശത്തോട് ചെയ്യുന്ന ദ്രോഹം തന്നെയാകും. ബോഡോകളും മുസ്ലിംകളും തമ്മിലുള്ള സംഘര്‍ഷം ഒരു ദേശീയ ദുരന്തമായി മാറിയിരിക്കുകയാണ്. 65 മനുഷ്യാത്മാവുകളാണ് ഇതിനകം ഹോമിക്കപ്പെട്ടത് (നിരവധിപേരെ കാണാതായിട്ടുണ്ട്). നാലുലക്ഷംപേര്‍ ഭവനരഹിതരായി. പരസ്പരം പടവെട്ടുന്ന രണ്ടു സമുദായങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളാണ് പ്രതിബദ്ധതയുള്ള ഒരു ഭരണകൂടം നിര്‍വഹിക്കേണ്ട അടിയന്തര കര്‍ത്തവ്യം. ഇതില്‍ മുസ്ലിം വിഭാഗമാണ് ഏറ്റവും ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍. ആ വിഭാഗത്തില്‍പെട്ടവരാണ് വന്‍തോതില്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായതും. സംഘര്‍ഷം ശിഥിലമാക്കിയ കുടുംബങ്ങളെ അധിവസിപ്പിച്ച ക്യാമ്പുകള്‍ ഞാന്‍ സന്ദര്‍ശിച്ചു. ജീവിതത്തിന്‍െറ വ്യത്യസ്ത തുറകളിലുള്ളവരുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. കൊക്രജര്‍, ധബ്രി എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍മാരായ ജയന്ത് നര്‍ലികര്‍, കുമുദ് കലിത തുടങ്ങിയവരുമായും ധുബ്രി ബോലാനാഥ് കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവരുമായും സംഭാഷണം നടത്തുകയുണ്ടായി. ഈ വര്‍ഗീയ കലാപത്തിനു പിന്നില്‍ ബംഗ്ളാദേശിനോ ബംഗ്ളാദേശികള്‍ക്കോ പങ്കുള്ളതായി ഒരാള്‍പോലും സാക്ഷ്യപ്പെടുത്തിയില്ല. പ്രശ്നത്തിന് ബംഗ്ളാദേശ് മാനം മെനഞ്ഞുണ്ടാക്കുന്നത് ബി.ജെ.പി, വി.എച്ച്.പി നേതാക്കള്‍ മാത്രമാണ്. എല്‍.കെ. അദ്വാനി, തൊഗാഡിയ തുടങ്ങിയവരാണ് ഈ വ്യാജപ്രചാരണത്തിന്‍െറ ശില്‍പികള്‍. ജനങ്ങളുടെ ജീവന്‍ കൈയിലെടുത്തുകൊണ്ട് ഭാവിയിലേക്ക് വ്യാപിക്കുന്ന വിഷം വമിക്കുകയാണവര്‍. ജോലി തേടി ചില ബംഗ്ളാദേശ് വംശജര്‍ അസമിലെത്തിയിരുന്നു. അവര്‍ തൊഴിലെടുത്ത് സമാധാനപരമായി ജീവിക്കുന്നു. വിഭജനകാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ ഇന്ത്യന്‍ പൗരന്മാരായി മാറിയിട്ടുമുണ്ട്. ഇവരെയൊന്നടങ്കം ആട്ടിയോടിക്കണമെന്ന വാദത്തിന് ഇപ്പോള്‍ എന്തു പ്രസക്തി. കുടിയേറ്റത്തിലൂടെ മറുനാട്ടിലെ പൗരന്മാരായി മാറിയവര്‍ മുഴുവന്‍ ലോക രാജ്യങ്ങളിലും ഉണ്ട് എന്നതാണ് പരമാര്‍ഥം.
ആഗസ്റ്റ് മൂന്നുമുതല്‍ അഞ്ചുവരെയാണ് ഞാന്‍ അസമിലെ റിലീഫ് ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. എല്ലാ ക്യാമ്പുകളിലും ദുരിതദൃശ്യങ്ങള്‍ മാത്രം. മുസ്ലിം ക്യാമ്പുകള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്നതായി കണ്ടു. ബിലാസിപരയിലെ മുസ്ലിം ക്യാമ്പില്‍ വൈകുന്നേരത്താണ് ഞാന്‍ ചെന്നുപെട്ടത്. 2000 അന്തേവാസികള്‍ക്ക് കാരക്കയും ഏതാനും പാക്കറ്റ് ബിസ്കറ്റും മാത്രം കിട്ടിയിരിക്കുന്നു. കാരക്ക വാങ്ങാനായി ഞാന്‍ എന്‍െറ വക 1000 രൂപ വെച്ചു നീട്ടി. ആ ക്യാമ്പിലെ കാരണവര്‍ അത് കൈപ്പറ്റുമ്പോള്‍ കണ്ണീര്‍ തുടക്കുന്നുണ്ടായിരുന്നു. അത്താഴത്തിനായി കുറഞ്ഞ റേഷന്‍ മാത്രം കിട്ടുന്നു. മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ട് വൈദ്യുതിയെ അപൂര്‍വ വസ്തുവാക്കി മാറ്റിയിരിക്കുന്നു... വേദനകളുടെ നീരാഴി താണ്ടുമ്പോഴും ജനങ്ങള്‍ എന്നെ നോക്കി മന്ദഹസിക്കുന്നു. എന്‍െറ സമാധാന പ്രവര്‍ത്തനങ്ങളെ അവര്‍ വിലമതിക്കുന്നു. എല്ലാ വിഭാഗങ്ങളും ഇപ്പോഴത്തെ സമാധാന ഭംഗത്തില്‍ അഗാധമായി ദു$ഖിക്കുന്നു...’
കലാപം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞു മാത്രമാണ് ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ഗൊഗോയ് തയാറായത്. വിളിപ്പുറത്തുണ്ടായിരുന്ന സൈന്യത്തെ വിളിക്കാനും അങ്ങോര്‍ ആദ്യമേ മുതിര്‍ന്നില്ല.
ത്രിപാഠിയുടെ റിപ്പോര്‍ട്ട് വന്നശേഷവും ആഭ്യന്തരമന്ത്രിയോ മറ്റു കേന്ദ്ര മന്ത്രിമാരോ വി.ഐ.പികളോ സംഘര്‍ഷഭൂമിയില്‍ ലളിതമായൊരു പര്യടനത്തിന് തയാറായിക്കണ്ടില്ല. പ്രശ്നത്തിന്‍െറ വേരുകള്‍ കണ്ടെത്താനോ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനോ ഭരണത്തിന്‍െറ തലപ്പത്തുള്ളവര്‍ തല്‍പരരല്ലെന്ന് സാരം. അസമിലെ ക്യാമ്പുകളില്‍ ദുരിതം പേറുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ദുരിതജന്മങ്ങളുടെ വിലാപം ആരു കേള്‍ക്കും? തുടര്‍ച്ചയായി പുകഞ്ഞുകൊണ്ടിരിക്കുന്ന വംശീയതയുടെ അഗ്നിപര്‍വതത്തിനു മീതെ ചകിതരായി കഴിയുന്ന അസമിലെ ജനലക്ഷങ്ങള്‍ ആരെ ശരണംപ്രാപിക്കും?
്മ


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com