സുനില്‍ തിരിച്ചുവന്നു; ജീവിതത്തിലേക്ക്

സുനില്‍ തിരിച്ചുവന്നു; ജീവിതത്തിലേക്ക്

മനാമ: ഒടുവില്‍ സുനിലിന് ഓര്‍മ തിരിച്ചുകിട്ടി. വീടിന് പുറത്തിറങ്ങി നടക്കാനായി. നന്നായി ഭക്ഷണവും കഴിക്കുന്നുണ്ട്. സുനില്‍ ശശിധരനെ ഓര്‍മയില്ലേ? കഴിഞ്ഞ ജനുവരിയിലെ മരംകോച്ചും തണുപ്പില്‍ ഹമദ് ടൗണിലെ താമസ സ്ഥലത്ത് നാലു പേര്‍ മരിക്കാനിടയായ തീപിടിത്തത്തില്‍ രക്ഷപ്പെട്ട ഏക യുവാവ്. അത്യാസന്ന നിലയില്‍ ബി.ഡി.എഫ് ആശുപത്രിയിലെ ഐ.സി.യുവിലും 21ാം വാര്‍ഡിലുമായി 22 ദിവസം കഴിഞ്ഞ സുനില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനക്കും സഹായത്തിനും എങ്ങനെ നന്ദി പ്രകാശിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് സുനിലിന്‍െറ അഛനും അമ്മയും ബഹ്റൈനിലുള്ള സഹോദരനും. മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ സഹപ്രവര്‍ത്തകരായ നാല് പേര്‍ മരണപ്പെട്ടത് സുനിലിനെ അറിയിച്ചിരുന്നില്ല. കുറച്ച് ദിവസം മുമ്പ് സ്കാനിങ്ങിനായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയപ്പോഴായിരുന്നു ഡോക്ടര്‍ നടന്ന സംഭവങ്ങളെല്ലാം സുനിലിനെ അറിയിച്ചത്. നിര്‍വികാരനായി എല്ലാം സുനില്‍ കേട്ടിരുന്നു. തന്‍െറ ജീവിതം തിരിച്ചുകിട്ടിയ ആശ്വാസത്തിനിടയിലും സഹപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായതിലുള്ള വേദന മൗനത്തിലുണ്ടായിരുന്നിക്കാം.
ജനുവരി 22ന് തണുപ്പകറ്റാന്‍ പെയിന്‍റ് ടിന്നിനകത്ത് വിറക് കത്തിച്ചുവെച്ചപ്പോഴുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വടകര സ്വദേശികളായ സുരേഷ്ബാബു (45), നകുലന്‍ (53), മടപ്പള്ളിയിലെ പ്രിയേഷ് (27), തൃശൂര്‍ ഇരിങ്ങാലക്കുട കല്ലേറ്റിങ്കര ലാലു (37) എന്നിവര്‍ ദാരുണമായി ശ്വാസം മുട്ടി മരിച്ചത്. മൂന്നാഴ്ചയോളം മരണത്തോട് മല്ലടിച്ച് ബി.ഡി.എഫ് ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കിടന്ന കിടപ്പിലെങ്കിലും പത്തനംതിട്ട അടൂര്‍ എളമന്നൂര്‍ സ്വദേശി സുനില്‍ ശശിധരന് ശരീരം അനക്കാനായത്. സുനിലിന്‍െറ ശ്വാസകോശത്തില്‍ ശസ്ത്രക്രിയ നടത്തിയാണ് ഡോക്ടര്‍മാര്‍ വിഷപ്പുക നീക്കം ചെയ്തത്. ശരീരത്തിനകത്തുള്ള പുക പൂര്‍ണമായി നീക്കം ചെയ്യാനാകാത്ത അവസ്ഥയില്‍ സുനിലിന്‍െറ ഭാവിയെക്കുറിച്ച് ഒന്നും പറയാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. പതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ശ്രദ്ധയോടെ സുനിലിനെ പരിചരിച്ചു. ഇവിടെ പരസ്യ കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന സുനീഷ് ലീവെടുത്ത് സഹോദരന്‍െറ ബെഡിനടുത്ത് കഴിച്ചുകൂട്ടി. മൂന്നാഴ്ചക്കു ശേഷം ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ സുനില്‍ പറഞ്ഞു ‘സംഭവിച്ചതൊന്നും എനിക്ക് ഓര്‍മയില്ല. എങ്ങനെയെങ്കിലും വീട്ടില്‍ എത്തി അഛനെയും അമ്മയെയും കാണണം’. പിന്നെ വാക്കുകള്‍ മുറിഞ്ഞു. സംഭവിച്ചതൊന്നും ഓര്‍ത്തെടുക്കാനാകാതെ അഗാധമായ ഉറക്കില്‍നിന്ന് ആരോ തട്ടിയുണര്‍ത്തിയ പോലെ സുനില്‍ മിഴി തുറന്നു കിടന്നു. തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയപ്പോഴായിരുന്നു സുനീഷിനോടുള്ള സുനിലിന്‍െറ ആദ്യ പ്രതികരണം.
തീപിടിത്തത്തിന്‍െറ വിവരമറിഞ്ഞ് കുതിച്ചെത്തിയ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ സുനിലിന് മാത്രമേ ജീവന്‍െറ മിടിപ്പുകള്‍ അവശേഷിച്ചിരുന്നുള്ളൂ. ഉടനെ ബി.ഡി.എഫ് ആശുപത്രിയില്‍ എത്തിച്ചു. സുനില്‍ രക്ഷപ്പെടുമെന്ന് പറയാന്‍ ഡോക്ടര്‍മാര്‍ അന്ന് ധൈര്യപ്പെട്ടില്ല. കാരണം, അത്രയധികം വിഷപ്പുക സുനില്‍ ശ്വസിച്ചിട്ടുണ്ടായിരുന്നു. പുക പൂര്‍ണമായി നീങ്ങിയാല്‍ മാത്രമേ എന്തെങ്കിലൂം പറയാന്‍ കഴിയൂവെന്ന് പറഞ്ഞപ്പോള്‍ കൂട്ടിനുണ്ടായിരുന്ന സഹോദരന്‍ സുനീഷ് തകര്‍ന്നുപോയി. പക്ഷേ, ആത്മവിശ്വാസം കൈവിടാതെ ഊണും ഉറക്കവുമൊഴിച്ച് ചേട്ടനു വേണ്ടിയുള്ള പ്രാര്‍ഥനയോടെ സുനീഷ് ആശുപത്രിയില്‍ കഴിച്ചുകൂട്ടി.
22 ദിവസത്തെ ബി.ഡി.എഫ് ആശുപത്രിയിലെ ചികിത്സയിലൂടെ ആരോഗ്യനില അല്‍പം മെച്ചപ്പെട്ടപ്പോള്‍ കഴിഞ്ഞ ഫെബ്രുവരി 17ന് സുനിലിനെയുമായി സുനീഷ് നാട്ടിലേക്ക് പറന്നു. കൊച്ചിയില്‍ വിമാനം ഇറങ്ങി നേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് പോയത്.
ഒരു മാസത്തെ വിദഗ്ധ ചികിത്സക്കുശേഷമാണ് സുനിലിന് ഓര്‍മ തിരിച്ചു കിട്ടിയത്. ശരീരം ചലിപ്പിക്കാനാകാതിരുന്ന യുവാവ് ഇപ്പോള്‍ വീടിന് പുറത്തേക്കിറങ്ങി നടക്കാന്‍ തുടങ്ങി. ഭാരിച്ച ജോലി ചെയ്യാനായിട്ടില്ലെങ്കിലും അല്‍പാല്‍പമായി ജോലികളെല്ലാം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്കാന്‍ ചെയ്തപ്പോള്‍ തലക്കകത്ത് ചെറിയ കറുത്ത പാട് കണ്ടു. ഇത് ക്രമേണ മാത്രമേ മായുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. മനസ്സ് തെളിഞ്ഞപ്പോഴും അന്നത്തെ തീപിടിത്ത സംഭവത്തെക്കുറിച്ച് സുനിലിന് ഓര്‍മയില്ല.
ഉറങ്ങാന്‍ കിടന്നതു മാത്രമാണ് ഓര്‍മയിലുള്ളത്. എത്രദിവസം ബഹ്റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞെന്നൊക്കെ ഇപ്പോഴാണ് ചേട്ടന്‍ ചോദിച്ചു മനസ്സിലാക്കിയതെന്ന് സഹോദരന്‍ സുനീഷ് പറഞ്ഞു. എന്തായാലും എളമന്നൂരിലെ സുനീഷ് ഭവനം ഇപ്പോള്‍ ആഹ്ളാദത്തിലാണ്.
കൈവിട്ടുപോയെന്ന് കരുതിയ മകനെ തിരിച്ചുകിട്ടിയതില്‍ അഛന്‍ ശശിധരനും അമ്മ സുശീലയും അതിരറ്റ സന്തോഷത്തിലാണ്. മകനുമൊന്നിച്ച് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus