കൊച്ചി: ചലച്ചിത്രതാരങ്ങള്‍ പുതിയതായി ടി.വി ഷോകള്‍ അവതരിപ്പിക്കില്ലെന്ന് ‘അമ്മ’യുടെ ഉറപ്പ്. എങ്കില്‍ നിലവില്‍ അവതരിപ്പിക്കുന്ന ടി.വി ഷോകള്‍ തുടരുന്നതില്‍ ഏതിര്‍പ്പില്ലെന്ന് ഫിലിംചേംബര്‍. കൊച്ചിയില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയും ഫിലിം ചേംബര്‍ ഭാരവാഹികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
താരങ്ങള്‍ സ്റ്റേജ് പരിപാടികളിലും ടി.വി പരിപാടികളിലും പങ്കെടുക്കരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെ നിലവിലുള്ള കരാര്‍ പരിഷ്കരിക്കാനും യോഗത്തില്‍ ധാരണയായി. 2002 ലാണ് അമ്മയും ചേംബറും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ രൂപപ്പെടുത്തിയിട്ട് പത്ത് വര്‍ഷത്തോളം കഴിഞ്ഞതിനാല്‍ ഇത് പരിഷ്കരിക്കണമെന്ന് അമ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് കരാര്‍ പുതുക്കാന്‍ സംയുക്ത കമ്മിറ്റി രൂപവത്കരിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. കമ്മിറ്റിയിലേക്കുള്ള അമ്മ പ്രതിനിധികളുടെ പേരുവിവരം ഉടന്‍ ഫിലിം ചേംബറിന് കൈമാറാനും തീരുമാനമായി. ഇത് ലഭിച്ചാലുടന്‍ ചേംബര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനം. അതേസമയം, താരങ്ങളുടെ സ്റ്റേജ് ഷോ സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താനായില്ല. അതിനാല്‍, നിലവിലെ രീതിയില്‍ ഇത് മുന്നോട്ടുപോകട്ടെ എന്ന ധാരണ യോഗത്തില്‍ രൂപപ്പെട്ടു. പുതിയ കരാറില്‍ ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്താനും ധാരണയായിട്ടുണ്ട്. അമ്മ നടത്തുമെന്ന് പ്രഖ്യാപിച്ച സ്റ്റേജ് ഷോയുടെ കാര്യത്തില്‍ പിന്നീട് മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. അമ്മ സ്റ്റേജ് ഷോ സംബന്ധിച്ച് ഔദ്യാഗികമായി അറിയിച്ചതിന് ശേഷമെ ഇക്കാര്യത്തിലുള്ള നടപടികളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും ഇവര്‍ വ്യക്തമാക്കി. മലയാള സിനിമ മികച്ച രീതിയില്‍ മുന്നോട്ടുനീങ്ങുന്ന സാഹചര്യത്തില്‍ അനാവശ്യ തര്‍ക്കങ്ങളും പ്രശ്നങ്ങളും ഒഴിവാക്കുന്നതിനാണ് ചര്‍ച്ചയില്‍ ചേംബര്‍ മുന്‍തൂക്കം നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
താരങ്ങള്‍ സ്റ്റേജ് ഷോകളിലും ടി.വി പരിപാടികളിലും പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള കരാര്‍ ആഗസ്റ്റ് ഒന്നുമുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ കേരള ഫിലിം ചേംബര്‍ തീരുമാനിച്ചിരുന്നു. ഇതുകാട്ടി അമ്മ അടക്കമുള്ള സംഘടനകള്‍ക്ക് കത്ത് നല്‍കി. ഇതിനെതിരെ അമ്മ ഭാരവാഹികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ചേംബര്‍ മുന്‍കൈയെടുത്ത് ശനിയാഴ്ച ചര്‍ച്ച നടത്തിയത്. എറണാകുളം ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ ചേംബര്‍ സെക്രട്ടറി അനില്‍ തോമസ്, പ്രസിഡന്‍റ് ബി.ശശികുമാര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് മിലന്‍ ജലീല്‍, അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ്, സെക്രട്ടറി ഇടവേള ബാബു, വിതരണക്കാരുടെ സംഘടനാ നേതാവ് ജോസ് സി. മുണ്ടാടന്‍, അമ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂരില്‍ സൈനിക പരിശീലനത്തിലായതിനാല്‍ അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍